കേന്ദ്ര പരിസ്ഥിതി സംഘത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കീഴാറ്റൂര്‍

Thursday 3 May 2018 10:59 pm IST

 

കണ്ണൂര്‍: കേന്ദ്ര പരിസ്ഥിതി സംഘത്തിന്റ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കീഴാറ്റൂര്‍. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാസങ്ങളായി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കീഴാറ്റൂരിലെ നാട്ടുകാരുടെ കൂട്ടായ്മയായ വയല്‍ക്കിളികള്‍ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും വയല്‍ക്കിളി കൂട്ടായ്മയുടെയും പരാതിയുട അടിസ്ഥാനത്തിലാണ് ഇന്നലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ കീഴാറ്റൂരിലെത്തിയത്. സംഘാംഗങ്ങള്‍ കുമ്മനം രാജശേഖരനില്‍നിന്നും വയല്‍ക്കിളി പ്രവര്‍ത്തകരില്‍നിന്നും നാട്ടുകാരില്‍നിന്നും ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചു. ഇന്നും വിവരശേഖരണം തുടരും. 

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ പാരിസ്ഥിതിക ആഘാതമാണ് പ്രദേശത്ത് ഉണ്ടാകാന്‍ പോകുന്നതെന്ന് കേന്ദ്ര സംഘത്തിന് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ തന്നെ ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന സിപിഎം നേതൃത്വം സാമ്പത്തിക ലാഭം മുന്നില്‍ക്കണ്ട് ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റുകയായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൊടും വേനലിലും നിറഞ്ഞൊഴുകുന്ന കീഴാറ്റൂരിലെ നീരുറവകളും മറ്റും നാട്ടുകാര്‍ കേന്ദ്രസംഘത്തെ കാണിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസംഘം തിരിച്ച് ഡല്‍ഹിയിലെത്ത് പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതോടെ വയല്‍ക്കിളി സമരപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ പ്രഖ്യാപനം കേന്ദ്രത്തില്‍നിന്നും ഉണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് നാട്ടുകാരും വയല്‍ക്കിളി പ്രവര്‍ത്തകരും.

ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് കേന്ദ്രസംഘം കീഴാറ്റൂരിലെത്തിയത്. ബൈപ്പാസ് അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും സിപിഎം നേതൃത്വത്തിനും കേന്ദ്രസംഘത്തിന്റ സന്ദര്‍ശനം കനത്ത തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബൈപ്പാസ് അലൈന്‍മെന്റ് പുനര്‍ നിര്‍ണ്ണയിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നപക്ഷം സമരത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയ സിപിഎമ്മിന് നടപടി ശക്തമായ തിരിച്ചടിയാകുമെന്നുറപ്പാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.