എറണാകുളത്തെ രണ്ടു കുടുംബങ്ങള്‍ ഐഎസില്‍

Friday 4 May 2018 3:48 am IST
വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്തിരുന്ന കുടുംബം ഐഎസ് ഭീകരരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. മലയാളിയും ഐഎസ് ഭീകരനുമായ അബ്ദുല്ല റാഷിദാണ് ഇരുകുടുംബങ്ങളെയും ഐഎസില്‍ എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

കൊച്ചി: കണ്ണൂരിനും കാസര്‍കോടിനും ശേഷം എറണാകുളത്ത് നിന്നുള്ള രണ്ടു കുടുംബങ്ങള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നു. പറവൂരില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നുമുള്ള രണ്ടു കുടുംബങ്ങളാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഐഎസ് കേന്ദ്രത്തില്‍ എത്തിയിരിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാലും കുടുംബത്തിനെതിരെ അക്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.  ബഹ്‌റൈനില്‍ കുടുംബത്തോടൊപ്പം ജോലി ചെയ്തിരുന്നവരാണ് ഐഎസില്‍ ചേര്‍ന്നത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ കാബൂളില്‍ എത്തിയതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 

വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്തിരുന്ന കുടുംബം ഐഎസ് ഭീകരരുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. മലയാളിയും ഐഎസ് ഭീകരനുമായ അബ്ദുല്ല റാഷിദാണ് ഇരുകുടുംബങ്ങളെയും ഐഎസില്‍ എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭീകരസംഘടനയില്‍ ചേര്‍ന്നവര്‍ ബന്ധുക്കളുമായിട്ടുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും നിര്‍ത്തിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് 35 കേസുകളാണ് എന്‍ഐഎ എടുത്തിരിക്കുന്നത്. സംസ്ഥാനത്തു നിന്ന് ഇതിനോടകം അറുപതോളം പേര്‍ ഐഎസില്‍ എത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ജോലി തരമായി എന്ന വ്യാജേന വിസ തയ്യാറാക്കിയാണ് കേരളത്തില്‍ നിന്നുള്ളവര്‍ രാജ്യം വിടുന്നത്. 

ദുബായ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയ ശേഷമാണ് സംസ്ഥാനത്ത് നിന്നുള്ളവര്‍ ഐഎസ് കേന്ദ്രത്തിലേക്ക് തിരിക്കുന്നത്. ഇറാന്‍, തുര്‍ക്കി, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഐഎസ് ഏജന്റുമാര്‍ കൂട്ടിക്കൊണ്ടുപോകുന്നതാണ് രീതിയെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

നാട്ടിലേക്കുള്ള സന്ദേശങ്ങള്‍ പരിശോധിക്കുന്നു

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ജിഹാദിന് ആഹ്വാനം ചെയ്ത് നാട്ടിലേക്കയച്ച സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. 

ടെലഗ്രാം വഴി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കു ജിഹാദിന് ആഹ്വാനം ചെയ്ത് അയച്ചു നല്‍കിയ സന്ദേശങ്ങളാണ് അന്വേഷണ ഏജന്‍സി വിശദമായി പരിശോധിക്കുന്നത്. വാട്‌സ് ആപ്പ് പോലെ സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ സംവിധാനമാണ് ടെലഗ്രാം. 

ഇതിലൂടെ ശബ്ദ, ദൃശ്യ സന്ദേശങ്ങള്‍ കൈമാറിയാല്‍ അയക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കു മാത്രമേ അത് കാണാന്‍ സാധിക്കൂ. അത്രയ്ക്കും സുരക്ഷിത സംവിധാനമാണ് ടെലഗ്രാം. ഇതിന് അധികം പ്രചാരമില്ലെന്നതും പ്രത്യേകതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.