സിപിഎമ്മിന് തോല്‍വി മണത്തു

Friday 4 May 2018 3:50 am IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെങ്ങന്നൂരിലെ തോല്‍വി മണത്തു. കെ.എം. മാണിയുടെയും ബിഡിജെഎസിന്റെയും വോട്ടിനായി കെഞ്ചുന്നത് അതിന്റെ ഭാഗമാണ്. 

മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കഴിഞ്ഞദിവസം പ്രസ്താവിച്ച കോടിയേരിയാണ് രണ്ടാം സ്ഥാനത്തെങ്കിലുമെത്താന്‍ ശ്രമം തുടങ്ങിയത്. പാലക്കാട് നഗരസഭയില്‍ സ്റ്റാ. കമ്മിറ്റി ചെയര്‍മാന്മാര്‍ക്കെതിരെ യുഡിഎഫ് പ്രമേയത്തെ പിന്തുണച്ച സിപിഎം ചെങ്ങന്നൂരിലെന്ത് ചെയ്യുമെന്നാണറിയേണ്ടത്. കോണ്‍ഗ്രസിന് സിപിഎമ്മോ സിപിഎമ്മിന് കോണ്‍ഗ്രസുമാണോ പിന്തുണ നല്‍കുക എന്ന ചിന്ത പ്രബലമായി. ഇരുകൂട്ടരും ചേര്‍ന്നു നില്‍ക്കുന്നതിനെതിരായി വോട്ടര്‍മാര്‍ നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ മുന്നേറ്റമാണ് ഇരുകൂട്ടരെയും അങ്കലാപ്പിലാക്കുന്നത്. ബിഡിജെഎസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും വോട്ടുവേണമെന്നഭ്യര്‍ത്ഥിച്ച കോടിയേരി, എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുമായി നല്ല ബന്ധമാണെന്നും അറിയിച്ചിരിക്കുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തെ തല്ലിത്തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ശീലമാക്കിയ സിപിഎമ്മുകാര്‍ ഇപ്പോള്‍ ശ്രീനാരായണീയരാകുന്നത് വിചിത്രമാണ്.

യുഡിഎഫ് പ്രവര്‍ത്തനം ദുര്‍ബലമായിട്ട് ദിവസങ്ങളായി. നേതാക്കളുടെ പ്രസ്താവനകളല്ലാതെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാത്തത് കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്നത് സ്വാഭാവികം. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും എം.എം. ഹസനും ഇപ്പോള്‍ പറയുന്നു. ഇവരുടെ മത്സരം രണ്ടാം സ്ഥാനത്തിനുവേണ്ടിയാണെന്ന് വോട്ടര്‍മാരും തിരിച്ചറിയുന്നു. 

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുന്നതോടെ ശ്രീധരന്‍പിള്ള വിജയം ഉറപ്പാക്കും. അത് വ്യക്തമായതോടെയാണ് ചുവടുമാറ്റത്തിന് തയ്യാറാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.