ത്രിപുര: പ്രസംഗിച്ചതിങ്ങനെ, പ്രചരിപ്പിച്ചതങ്ങനെ!

Friday 4 May 2018 10:38 am IST
ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയെന്നത് ചില മാധ്യമങ്ങളുടെ അജണ്ട. ഇടത് പക്ഷപാതികളായ മാധ്യമ നടത്തിപ്പുകാരും പത്രപ്രവര്‍ത്തകരും ഇതിന് സംഘടിതമായി ശ്രമിക്കുന്നു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയെന്നത് ചില മാധ്യമങ്ങളുടെ അജണ്ട. ഇടത് പക്ഷപാതികളായ മാധ്യമ നടത്തിപ്പുകാരും പത്രപ്രവര്‍ത്തകരും ഇതിന് സംഘടിതമായി ശ്രമിക്കുന്നു. കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇവര്‍ക്ക് വേണ്ടത് സംഭാവന ചെയ്യുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപിവുരുദ്ധ കക്ഷികള്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നു. 

'കവലയില്‍ ചീത്തവിളിച്ച് ഓടിക്കളയുന്ന' ചില നാട്ടിന്‍പുറത്തെ തരംതാണ തന്ത്രമാണ് നടപ്പാക്കുന്നത്. ഇടത് ആഭിമുഖ്യമുള്ള മാധ്യമങ്ങളില്‍ ആദ്യം തെറ്റായി വാര്‍ത്ത വരുത്തുക, അത് സാമൂഹ്യ മാധ്യമങ്ങള്‍വഴി പരമാവധി പ്രചരിപ്പിക്കുക, എതിര്‍പ്പുണ്ടായി വാര്‍ത്ത തിരുത്തണമെന്നു വന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അപ്രധാനമായി തിരുത്തുക. പക്ഷേ, ആദ്യം വന്ന വാര്‍ത്ത മറ്റു മാര്‍ഗങ്ങളിലൂടെ ആവര്‍ത്തിക്കുക. ഇതാണ് തന്ത്രം.

മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ അബദ്ധം മാത്രം പറയുന്ന നേതാവാണെന്ന ധാരണ പരത്താന്‍ ഇതിനകം ഈ ഗ്രൂപ്പിനു കഴിഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഇടപെടലുകളെ തുടര്‍ന്ന് തെറ്റായി വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ തിരുത്തി, ഖേദം പ്രകടിപ്പിച്ചു. പക്ഷേ, ആ വാര്‍ത്ത മാത്രം പ്രചരിച്ചില്ല. 

മുഖ്യമന്ത്രി വിപ്ലവ് കുമാര്‍, സര്‍ക്കാര്‍ ജോലിമാത്രം നോക്കിയിരിക്കാതെ പശുവളര്‍ത്തല്‍പോലുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലും ശ്രദ്ധവെക്കണമെന്നും ആദായകരമാണെന്നും പ്രസംഗിച്ചു. സര്‍ക്കാര്‍ ജോലി നല്‍കില്ല, പോയി പശുവിനെ വളര്‍ത്തൂ എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. മുമ്പ്, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പട്ടിയെ പിടിക്കട്ടെ എന്ന് പറഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രിയായിരുന്നു. ആ ധിക്കാരത്തിലല്ല വിപ്ലവ് പറഞ്ഞത്. വിപ്ലവിന്റെ ആശയവും അതിന്റെ സാമ്പത്തിക ശാസ്ത്രവും ശരിവെച്ച് അമൂല്‍ മാനേജിങ് ഡയക്ടര്‍ ആര്‍.എസ്. സോധി വന്നതോടെ കുപ്രചാരണം അടിസ്ഥാനപരമായിത്തന്നെ പൊളിഞ്ഞു. പക്ഷേ,ആരും വാര്‍ത്ത തിരുത്തിയില്ല. 

''ബുദ്ധന്‍ ജപ്പാനില്‍ ദര്‍ശനം പ്രചരിപ്പിക്കാന്‍ പോയി'' എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു മറ്റൊരു മെയ് ഒന്നിന് പ്രചാരണം. ഇത് തെറ്റായ വാര്‍ത്തയായിരുന്നു. 'ദ ടെലഗ്രാഫ്' എന്ന, ബംഗാളില്‍നിന്നുള്ള ഇടത്പക്ഷ പത്രമാണ് എഴുതിയത്. അത് പിന്നേറ്റ് പരമാവധി പ്രചരിച്ചു. അതേസമയം, വാര്‍ത്ത ഏജന്‍സിയായ പിടിഐ വാര്‍ത്ത ഇങ്ങനെയായിരുന്നു: ''ശാന്തി പ്രചരിപ്പിക്കാന്‍ ബുദ്ധന്‍ ഇന്ത്യയെമ്പാടും സഞ്ചരിച്ചു.'' 

ടെലഗ്രാഫ് പത്രംതന്നെ വാര്‍ത്തയ്ക്കുള്ളില്‍ ഇങ്ങനെയഴുതി: ''ഗൗതമ ബുദ്ധന്‍ സമാധനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശം ഇന്ത്യയെമ്പാടും  സഞ്ചരിച്ച് പ്രചരിപ്പിച്ചു. ഇന്ന് തിബറ്റ്, ജപ്പാന്‍, മ്യാന്‍മര്‍ എന്നെല്ലാം അറിയപ്പെടുന്നിടങ്ങളിലും അദ്ദേഹമെത്തി.''

ത്രിപുര സര്‍ക്കാര്‍ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടിലെ തെറ്റു തിരുത്താന്‍ ടെലഗ്രാഫിനോടും പിടിഐയോടും ആവശ്യപ്പെട്ടു. 

പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് വിശദീകരിച്ച്, ത്രിപുര അഡീഷണല്‍ സെക്രട്ടറി ഡോ. മിലിന്ദ് റാംടെകെ, മെയ് ഒന്നിന് എഫ്. നമ്പര്‍ 1 (2)സിഎംഎസ്-2018 കത്തു പ്രകാരം ടെലിഗാഫ് എഡിറ്റര്‍ക്കും പിടിഐ എഡിറ്റര്‍ ഇന്‍ ചീഫിനും കത്തെഴുതി. കത്തിനൊപ്പം പ്രസംഗത്തിന്റെ ദൃശ്യങ്ങളും നല്‍കി. വാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: ''ഭഗവാന്‍ ബുദ്ധന്‍ കാലനടയായി ഭാരതവര്‍ഷത്തിലെമ്പാടും ശാന്തിയുടെയും സൗഹാര്‍ദ്ദത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. അവ ഇന്നത്തെ മ്യാന്‍മറിലും ജപ്പാനിലും തിബറ്റിലും എത്തി.'' ഈ പ്രസംഗമാണ് തെറ്റായി പ്രചരിപ്പിച്ചത്. ത് ആസൂത്രിമണാണെന്നും വ്യക്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.