ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാരുടെ വോട്ടും വേണമെന്ന് കാനം

Saturday 5 May 2018 2:37 am IST

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാരുടെ വോട്ടും എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍എസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പത്രസമ്മേളനത്തില്‍ പ്രതകരിക്കുകയായിരുന്നു കാനം. 

ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയും. അങ്ങനെ വോട്ടുവേണ്ടെന്ന് പറയാന്‍ എന്താണ് അധികാരം. എല്‍ഡിഎഫിന് വോട്ടുചെയ്യണമെന്ന് ആര്‍എസ്എസുകാര്‍ക്ക് തോന്നിയാല്‍ വേണ്ടെന്ന് സിപിഐ പറയില്ല. ആര് ആര്‍ക്ക് വോട്ടുചെയ്‌തെന്ന് പോയിനോക്കാനും കഴിയില്ലെന്ന് കാനം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുവേണ്ടെന്ന് പറഞ്ഞിട്ടില്ല. ആരുവോട്ടു ചെയ്താലും സ്വീകരിക്കും. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരള കോണ്‍ഗ്രസ് എം ഇല്ലാതെയാണ് കഴിഞ്ഞതവണ എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ ജയിച്ചത്. അതിനാല്‍ ഇക്കുറിയും അവരുടെ വോട്ടില്ലാതെ തന്നെ ജയിക്കാന്‍ കഴിയും. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ല. അഭിപ്രായസമന്വയമില്ലാതെ ഒരു പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാകില്ല.

ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാകും. സിപിഐയില്‍ ഫാദര്‍മാരെയുള്ളൂ ഗോഡ്ഫാദറില്ല. നിലവിലുള്ള അംഗങ്ങളില്‍ നിന്ന് ഇരുപത് ശതമാനം പേരെ മാറ്റിയത് ഏകകണ്ഠമായാണ്. കൂടുതല്‍കാലം കമ്മിറ്റിയിലുണ്ടായിരുന്നതിനാല്‍ സി. ദിവാകരനും അതില്‍ ഉള്‍പ്പെട്ടുവെന്ന് മാത്രം, കാനം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.