കീഴാറ്റൂര്‍ ലോങ് മാര്‍ച്ച് : ഹാളിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

Saturday 5 May 2018 2:37 am IST

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ  ഇന്ന് കണ്ണൂരില്‍ ഐക്യദാര്‍ഢ്യ സമതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല കണ്‍വെന്‍ഷന്‍ നടക്കും. എന്നാല്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് ഹാളില്‍ പരിപാടി നടത്താനുളള അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. 

വയല്‍ക്കിളികളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്നതിനെ കുറിച്ചുള്‍പ്പെടെ ആലോചിക്കാനാണ് ഐക്യദാര്‍ഢ്യ സമതിയുടെ നേതൃത്വത്തില്‍  കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 23 ന് ബുക്ക്‌ചെയ്ത ഹാള്‍ അനുവദിച്ചു നല്‍കാന്‍  പറ്റില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും സംഘാടകരെ ഇന്നലെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ഹാളിന് അനുമതി നിഷേധിച്ചത്.  കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ ബൈപ്പാസിനെതിരെ സമരം ആരംഭിച്ച ഘട്ടംതൊട്ട് സിപിഎം നേതൃത്വം കൈക്കൊണ്ടു വരുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് ഹാള്‍ നിഷേധിച്ച നടപടിക്കു പിന്നിലുമുളളതെന്ന് വ്യക്തമാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന  കണ്‍വെന്‍ഷന്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റിന് സമീപമുളള ഇക്കോസ് ഹാളില്‍ രാവിലെ 10.30 ന് നടത്തുമെന്ന് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.