ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാകം; മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തു

Saturday 5 May 2018 2:40 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ജോര്‍ജിനെ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് താനുള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചതെന്ന് നേരത്തെ ചോദ്യം ചെയ്യുന്നതിനിടെ സിഐ, അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് എസ്പി ജോര്‍ജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ്  ജോര്‍ജിനെ ചോദ്യം ചെയ്തത്. സംഭവത്തില്‍, ജോര്‍ജിനു വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തി.

എ.വി. ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. മൂന്നു പേരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആര്‍ടിഎഫ് പിരിച്ചുവിടുകയും ജോര്‍ജിനെ സ്ഥലംമാറ്റുകയും ചെയ്തു. തൃശൂര്‍ പോലീസ് അക്കാദമിയിലേക്കാണ് ജോര്‍ജിനെ സ്ഥലംമാറ്റിയത്.

കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ മൂന്നു പേരെയും വരാപ്പുഴ എസ്‌ഐ ദീപക്കിനെയും പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ആര്‍ടിഎഫുകാരെ മാത്രമല്ല താന്‍ അങ്ങോട്ടേയ്ക്ക് അയച്ചതെന്ന് എസ്പി വിശദീകരിച്ചു. ക്രമസമാധാന പാലനത്തിനായി വടക്കേക്കര മുനമ്പം എസ്‌ഐമാര്‍ ഉള്‍പ്പടെ കൂടുതല്‍ പേരെ സ്ഥലത്തേക്ക് അയച്ചിരുന്നുവെന്നും  ജോര്‍ജ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം.

വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് എ.വി. ജോര്‍ജ്ജ് പ്രവര്‍ത്തച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.