കീഴാറ്റൂര്‍: കേന്ദ്രസംഘം മടങ്ങി, അലൈന്റ്‌മെന്റ് മാറ്റിയതിനു പിന്നില്‍ അഴിമതിയെന്ന് പരാതി

Saturday 5 May 2018 2:43 am IST

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന കീഴാറ്റൂരിലെത്തിയ കേന്ദ്ര സംഘം മടങ്ങി. പരിശോധന പൂര്‍ത്തിയാക്കിയാണ് വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബംഗളൂരു മേഖലാ ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കീഴാറ്റൂരിലെത്തിയത്. 

അലൈന്റ്‌മെന്റ് മാറ്റിയതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് പരിസ്ഥിതി സംഘടനകളും വയല്‍ക്കിളികളും സംഘത്തെ ധരിപ്പിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് സംഘത്തിന് ബോധ്യപ്പെട്ടതായാണ് സൂചന. വയല്‍ക്കിളി പ്രവര്‍ത്തകര്‍, മലബാര്‍ പരിസ്ഥിതി സമിതി, ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയ സംഘടനകളാണ് അലൈന്‍മെന്റ് മാറ്റിയതിനു പിന്നിലെ അവിഹിത ഇടപെടലുകളും പാരിസ്ഥിതിക പ്രാധാന്യവും സംഘത്തെ ബോധ്യപ്പെടുത്തിയത്. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആള്‍ക്കുവേണ്ടി വേണ്ടിയാണ് അലൈന്‍മെന്റ് മാറ്റി കീഴാറ്റൂര്‍ വയല്‍ വഴിയാക്കിയത്. നീതിക്കായി സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നാണ് വയല്‍ക്കിളി സമരക്കാര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു.

റിയല്‍ എസ്‌റ്റേറ്റ് താത്പര്യമാണിതിനു പിന്നിലെന്ന പരാതിയും ലഭിച്ചു. ഇത് കേന്ദ്ര സംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്. കൂവോട് വഴി കുറ്റിക്കോലില്‍ എത്തേണ്ട ബൈപ്പാസ് ഇപ്പോള്‍ സിപിഎമ്മുമായി ഉന്നതബന്ധമുള്ള വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന് വളഞ്ഞാണ് കടന്നുപോകുന്നത്. ഈ മേഖലയില്‍ നടത്തിയ പരിശോധനയില്‍ റിയല്‍ എസ്‌റ്റേറ്റ് ലക്ഷ്യം വച്ച് വന്‍തോതില്‍ കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ചതായും കണ്ടെത്തി.

മാത്രമല്ല, കൂവോട് ഭാഗത്തു മാത്രം 800 മീറ്ററോളം തോട് പൂര്‍ണ്ണമായും നശിക്കുമെന്ന പരിസ്ഥിതിവാദികളുടെ വാദത്തിലും കഴമ്പുണ്ടെന്ന് സംഘത്തിന് ബോധ്യമായി. കീഴാറ്റൂരിലെ കുന്നുകള്‍, നീര്‍ച്ചാലുകള്‍, ജൈവ വൈവിദ്ധ്യങ്ങള്‍, വയലിലെ ജലനിരപ്പ് തുടങ്ങിയവയെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്നും പരിസ്ഥിതി സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.