ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വഴിത്തിരിവാകും: കുമ്മനം

Saturday 5 May 2018 2:45 am IST

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍  വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു  പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്മേലുള്ള വിധിയെഴുത്താകും ഇത്.  എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ ജനവികാരം എന്‍ഡിഎക്ക് ഗുണകരമാകും.

ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിന്നാലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 50 ശതമാനത്തിലേറെ വോട്ടു നേടി ജയിക്കും. ചെങ്ങന്നൂരിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു മത്സരിക്കുകയും പാലക്കാട്ട് നഗരസഭയില്‍ ബിജെപിക്കെതിരെ ഒന്നിച്ച് അവിശ്വാസം കൊണ്ടുവരികയും ചെയ്ത സ്ഥിതിക്ക് ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഫും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം. 

ചെങ്ങന്നൂര്‍ മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി എത്രനേരം പരിപാടിയില്‍ പങ്കെടുക്കണമെന്നത് രാഷ്ട്രപതിഭവനാണ് തീരുമാനിക്കുന്നത്. അതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരിടപെടലും ഇല്ല. അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ചത് രാഷ്ട്രീയകാരണങ്ങളാലാണോ എന്ന് വ്യക്തമാക്കേണ്ടത് ബഹിഷ്‌ക്കരിച്ചവരാണ് എന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.