ഐസ്എസ്ആര്‍ഒ കേന്ദ്രത്തിലെ തീപിടിത്തം; അട്ടിമറി സാധ്യതയെന്ന് പോലീസ്

Saturday 5 May 2018 2:59 am IST

അഹമ്മദാബാദ്: ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദ് കേന്ദ്രമായ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ (എസ്എസി) കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം ഗൗരവമുള്ളതല്ലെങ്കിലും അട്ടിമറി സാധ്യതകള്‍ സംശയിക്കപ്പെടുന്നു. തീപിടുത്തത്തെ തുടര്‍ന്ന് മര്‍മ്മപ്രധാന ഉപകരണമായ ആന്റിനാ ടെസ്റ്റ് ഫെസിലിറ്റിയാണ്  തകരാറിലായത്. ഉപഗ്രഹങ്ങളിലെ സുപ്രധാന ആശയവിനിമയ സംവിധാനമാണ് ആന്റിന ടെസ്റ്റ് ഫെസിലിറ്റി. ബഹിരാകാശ വിക്ഷേപണ പരീക്ഷണങ്ങളില്‍ നിര്‍ണായകമായ ഈ ഉപകരണം വിലയേറിയതും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമാണ്. അതേസമയം ആന്റിനയ്ക്കകത്തെ സാറ്റലൈറ്റ് പേലോഡുകള്‍ സുരക്ഷിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നുണ്ടെങ്കിലും അവയെ പ്രതിരോധിക്കാനുള്ള സുശക്തമായ സംവിധാനങ്ങളോടെയാണ് ആന്റിന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാലാണ് അട്ടിമറി സാധ്യതകളും പോലീസ് സംശയിക്കുന്നത്. തീപ്പിടുത്തത്തിനുള്ള പഴുതുകളൊന്നുമില്ലാതെ മികച്ച   സുരക്ഷാ സംവിധാനങ്ങളാണ് എസ്എസിയിലുള്ളത്.  

തീപടര്‍ന്ന് പുകമൂടിയ അവസ്ഥയിലായിരുന്നു എസ്എസിയിലെ സ്‌പേസ് ലബോറട്ടറി. 25 അഗ്‌നിശമന യന്ത്രങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണത്തിലാക്കിയത്. കേന്ദ്രത്തില്‍ അപ്പോഴുണ്ടായിരുന്ന 40 ശാസ്ത്രജ്ഞരും സുരക്ഷിതരായിരുന്നു. അതേസമയം പുകശ്വസിച്ച് അബോധാവസ്ഥയിലായ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനാവിഭാഗത്തിന്റെയും നിഗമനം. യഥാര്‍ത്ഥ കാരണമെന്തെന്ന് പോലീസ് അനേ്വഷണം നടത്തും.  ഉപഗ്രഹങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യം വിശകലനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എസ്എസി അധികൃതര്‍. ഉപഗ്രഹങ്ങളിലുണ്ടാകുന്ന തീപ്പിടുത്തം അതിഭീകരമായ ദുരന്തത്തിന് വഴിയൊരുക്കും. ഉപഗ്രഹങ്ങളുടെ ഭാരത്തോളം വരും അവയിലുപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്കും. 

ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ അപകടമുണ്ടായത് 2004 ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സോളിഡ് പ്രൊപ്പല്ലര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അപകട കാരണം. 

ചന്ദ്രയാന്‍ 2 പോലുള്ള ചാന്ദ്രദൗത്യങ്ങള്‍ക്കുള്‍പ്പെടെ മിക്ക ഉപഗ്രഹങ്ങളിലും ആവശ്യമായ ഉപകരണങ്ങളില്‍ പലതും നിര്‍മ്മിക്കുന്ന കേന്ദ്രമാണ് എസ്എസി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.