സ്ത്രീശരീരം പുരുഷന്റെ കളിക്കളമല്ലെന്ന് ഹൈക്കോടതി; വിമര്‍ശനം പീഡനക്കേസില്‍

Saturday 5 May 2018 3:03 am IST

ഭോപ്പാല്‍: സ്ത്രീശരീരം പുരുഷന്റെ കളിവസ്തുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിമര്‍ശനം. വ്യാജവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ വാദം കേള്‍ക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഒരാഴ്ച മുമ്പ് സമാനമായ കേസില്‍ കോടതി, വിവാഹമെന്ന വാക്ക് രണ്ടുപേര്‍ തമ്മിലുള്ള സൗജന്യ  ലൈംഗികതയ്ക്കുള്ള അനുമതിയല്ലെന്ന് നിരീക്ഷിച്ചിരുന്നു.

മുന്‍ കാമുകി നല്‍കിയ,  വ്യാജവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയെ ചോദ്യം ചെയ്ത് രാജീവ് ശര്‍മ്മ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതി നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷാര്‍ഹമായ പ്രവൃത്തിയാണെന്നും കോടതി വിലയിരുത്തി. 

ഫേസ്ബുക്ക് സുഹൃത്തായ നൃത്താദ്ധ്യാപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇത് അംഗീകരിച്ച യുവതിയെ ലോഡ്ജിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിയുന്നതുവരെ ഇക്കാര്യം മറ്റാരും അറിയരുതെന്നും ഇയാള്‍ യുവതിയോട് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നൃത്താദ്ധ്യാപിക മറ്റാരോടും ഇക്കാര്യം അറിയിച്ചില്ല. 2017 മാര്‍ച്ച് 29ന് അശോക് ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലാണ് യുവതി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. 

ജഡ്ജി സുശീല്‍ കുമാര്‍ പാലോയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കിട്ടിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തന്റെ കാമം അടക്കുന്നതിനായി പ്രതി ഇരയെ ലൈംഗികതയിലേക്ക് എത്തിക്കുകയായിരുന്നു. വിവാഹം കഴിച്ചിട്ടില്ല എന്നതിനാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിക്കുകയുമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.