വിദേശ വനിതയുടെ കൊലപാതകം; സിപിഎം പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍

Saturday 5 May 2018 3:06 am IST

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രദേശത്തെ മദ്യമാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎം പ്രാദേശിക നേതൃത്വമാണ്. ഡിവൈഎഫ്‌ഐയുടെ സജിവപ്രവര്‍ത്തകരായിരുന്നു വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉമേഷും ഉദയനും. ഇവരുടെ കുടുംബാംഗങ്ങളും പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. 

കൊലപാതകം സംബന്ധിച്ച് സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നെങ്കിലും ഒരു മാസംവരെ മറച്ചുവച്ചു. ഇത് സംബന്ധിച്ച് ഉമേഷിന്റെ അടുത്ത സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധം ഭയന്ന് പോലീസ് പിന്‍മാറി. കേസ് അട്ടിമറിക്കാന്‍ പ്രദേശവാസികളെ അകാരണമായി കസ്റ്റഡിയില്‍ എടുക്കുന്നു എന്ന് ആരോപിച്ച്  ഡിവൈഎഫ്‌ഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നീക്കം നടത്തിയതാണ് പോലീസ് പിന്‍മാറ്റത്തിന് കാരണം.

കേസന്വേഷണം വഴിമുട്ടിയതും സിപിഎം നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. തുടര്‍ന്ന് കിട്ടിയ തെളിവുകള്‍ കൂട്ടിമുട്ടിച്ച് കൊലപാതകത്തിന്റെ തിരക്കഥ തയ്യാറാക്കുകയായിരുന്നു പോലീസ്. വിദേശവനിതയുടെ ശവസംസ്‌ക്കാരത്തിനു  പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് വരുത്തി തീര്‍ക്കാന്‍  ഉമേഷിന്റെയും  ഉദയന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഇനി പിടികൂടാനുള്ള പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വാദമാണ് ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 

കോവളത്ത് ഒരു ബേക്കറി നടത്തുന്ന സിപിഎം ലോക്കല്‍കമ്മറ്റി അംഗമാണ് അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭരണം കൈയാളുന്നത്. പോലീസും വിനോദസഞ്ചാര വകുപ്പുമെല്ലാം നേതാവിന്റെ താളത്തിനൊത്താണ് തുള്ളുന്നത്. ഈ ലോക്കല്‍കമ്മറ്റി നേതാവിന്റെ ആജ്ഞക്കനുസരിച്ചാണ് ഹോട്ടലുകളും റസ്റ്റാറന്റുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ വരുതിക്ക് വരാത്തവരുടെ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിട്ട് മനഃപൂര്‍വ്വം സംഘട്ടനങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ നേതാവിന്റെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുകയാണ് ഹോട്ടല്‍ ഉടമകളും. 

ലക്ഷക്കണക്കിന് രൂപയുടെ  മയക്കുമരുന്ന് വില്‍പ്പനയാണ്   കോവളത്ത് പ്രതിമാസം നടന്നുവരുന്നത്. ഇതിന്റെ പിന്നിലും പ്രദേശത്തെ പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. കോവളത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മാഫിയ ബന്ധത്തെസംബന്ധിച്ച് ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും വ്യക്തമായി അറിവുണ്ടെങ്കിലും പാര്‍ട്ടി പരിപാടികള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്നതിനാല്‍ മൗനം പാലിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.