പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പിരിക്കുന്നത് അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Saturday 5 May 2018 3:11 am IST

കോഴിക്കോട്: പോലീസ് ഉദേ്യാഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് അവരുടെ അനുവാദമില്ലാതെ പോലീസ് അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെക്കുറിച്ച് അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവി അനേ്വഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.   'ജന്മഭൂമി' വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

ഉദേ്യാഗസ്ഥരുടെ അനുവാദമില്ലാതെ പണപിരിവ് നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സമൂഹത്തെ നിയമാനുസരണം സേവിക്കാന്‍ ആവശ്യമായ സാഹചര്യം പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

 ശമ്പളത്തില്‍ നിന്ന് പണം പിരിക്കണമെങ്കില്‍ ഉദേ്യാഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കണം എന്നാണ് നിയമം. എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറി ജില്ലാ പോലീസ് മേധാവിയോട് പണം പിരിച്ചു നല്‍കാന്‍ ആവശ്യപ്പെടും. ജില്ലാ പോലീസ് മേധാവി പിരിച്ച് നല്‍കും. ശമ്പളം കൈയില്‍ കിട്ടിയ ശേഷമാണ് ഉദേ്യാഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപയാണ് ഈടാക്കിയത്. 

വെല്‍ഫയര്‍ ഫണ്ട്, കുടുംബസഹായ ഫണ്ട് എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ പേരില്‍ എല്ലാമാസങ്ങളിലും നാനൂറിനും അഞ്ഞൂറിനും ഇടയില്‍ പിരവ് ഉണ്ടാകും. വെല്‍ഫയര്‍ ഫണ്ട് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവന്തപുരം എആര്‍ ക്യാമ്പിലുള്ള നൂറ്റമ്പതോളം പോലീസുകാര്‍ കൂട്ടമായി ഫെബ്രുവരിയില്‍ എഴുതി നല്‍കി. എന്നാല്‍ എഴുതി നല്‍കിയാല്‍പോലും പണം പിരിക്കുമെന്ന് പോലീസുകാര്‍ പറയുന്നു. ഈ സംഭവം 'ജന്മഭൂമി' പുറത്ത് കൊണ്ടുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.