ഹിന്ദു ആചാരപ്രകാരം പ്രധാനമായും എട്ട് നാഗങ്ങളാണുള്ളത്. ഇവയെ അഷ്ടനാഗങ്ങള് എന്നറിയപ്പെടുന്നു. ശേഷനാഗം, വാസുകി, തക്ഷകന്, കാര്ക്കോടകന്, കാളിയന്, ഗുളികന്, പത്മന്, മഹാപത്മന്‍ എന്നിവയാണ് ഹിന്ദു ഐതിഹ്യപ്രകാരം പ്രധാന നാഗങ്ങള്‍.
ശേഷനാഗം
ശേഷനാഗം അഥവാ അനന്തന് ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
വാസുകി
ദേവന്മാരും അസുരന്മാരും വാസുകിയെ കയറാക്കി മന്ദര പര്‍വ്വതം ഉപയോഗിച്ചാണ് പാലാഴി കടഞ്ഞത്. പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്. നാഗങ്ങളുടെ രാജാവാണ് വാസുകി. ഐതിഹ്യമാലയിലും വാസുകിയെപ്പറ്റി പരാമര്‍ശമുണ്ട്.
തക്ഷകന്
കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ഒരു മഹര്‍ഷി ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് തക്ഷകന്റെ കടിയേല്‍ക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പുഴുവിന്റെ രൂപത്തില്‍ വന്ന് തക്ഷകന് രാജാവിനെ കൊല്ലുന്നു.
കാര്ക്കോടകന്
നളചരിതത്തിലാണ് കാര്‍ക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. കാട്ടുതീയില്‍ അകപ്പെട്ട കാര്‍ക്കോടകനെ നളന് രക്ഷിക്കുന്നു. എന്നാല്‍ നളനെ കാര്ക്കോടകന് ദംശിക്കുന്നു. ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാന്‍ സാധിക്കുന്നു.
പത്മന്
ദക്ഷിണദിക്ക് കാക്കുന്ന നാഗമാണ് പത്മന്.
കാളിയന്
യമുനാനദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാന് കൃഷ്ണന് കാളിയന്റെ തലയില്‍ ചവിട്ടി നൃത്തമാടിയതിലൂടെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടുപോവുകയും ചെയ്ത നാഗമാണ് കാളിയന്.
ഗുളികന്
ഒരിക്കല്‍ ഗുളികന് പാതാളത്തില്‍ പോയി പന്ത്രണ്ട് വര്‍ഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തില്‍ എല്ലാവരും വിഷമിക്കുകയും ചെയ്തു. മൂര്‍ത്തിത്രയം ഇടപ്പെട്ടതിനാല്‍ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികന് ഭൂമിയിലേക്ക് തിരിച്ചുവന്നു. ശിവാംശജാതനായ ഗുളികന് ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലന്, അന്തകന്‍, യമന്‍, കാലാന്തകന്‍ എന്നീ പേരുകളിലും ഗുളികന് അറിയപ്പെടുന്നു. ജനനം മുതല്‍ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
മഹാപത്മന്‍
മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തില്‍ കുണ്ഡലങ്ങളായി അണിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: