'താരാപഥ'ത്തിലെ താന്തോന്നികള്‍

Saturday 5 May 2018 2:50 am IST

ഉജ്ജ്വലമായ ഒരു സിനിമയുടെ 'ക്ലൈമാക്‌സ്' കാണാന്‍ പ്രേക്ഷകരെ അനുവദിക്കാതെ തീയറ്ററില്‍ അലമ്പുണ്ടാക്കാന്‍ ശ്രമിച്ചതുപോലെയായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കാതെ ചിലര്‍ ദല്‍ഹിയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍. പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്ട്രപതിയല്ലെന്ന കാരണം പറഞ്ഞാണ് അന്‍പത്തിയഞ്ച് സിനിമാ പ്രവര്‍ത്തകര്‍ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിവാദമുണ്ടാക്കിയത്. വലിയ ആക്ഷേപങ്ങള്‍ക്കൊന്നും ഇടംകൊടുക്കാതെ നീതിപൂര്‍വ്വമായാണ് ഇക്കുറി പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഓരോ രംഗത്തും പുലര്‍ത്തിയ മികവ് മാനദണ്ഡമാക്കിയതുകൊണ്ടുതന്നെ അര്‍ഹതയുള്ളവര്‍ അംഗീകരിക്കപ്പെട്ടു. മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, നല്ല സഹനടന്‍, നടിക്കുള്ള പ്രത്യേക പരാമര്‍ശം, നല്ല തിരക്കഥ എന്നിങ്ങനെ പതിനൊന്ന് പുരസ്‌കാരങ്ങള്‍ മലയാളത്തിന് ലഭിച്ചു. മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളും, നവീന്‍ പട്‌നായിക്കിന്റെ ഒഡീഷയും ഒരുപാട് പുരസ്‌കാരങ്ങള്‍ പങ്കിട്ടു. പലപ്പോഴും സംഭവിക്കാറുള്ളതിന് വിരുദ്ധമായി ഇക്കുറി പുരസ്‌കാര നിര്‍ണയത്തില്‍ കക്ഷി രാഷ്ട്രീയ പരിഗണനകളുണ്ടായില്ല എന്നതിന് തെളിവാണിത്. ഈ അന്തസ്സാണ് കലാബാഹ്യമായ, രാഷ്ട്രീയ പ്രേരിതമെന്ന് പറയാവുന്ന ചെയ്തികളിലൂടെ ചിലര്‍ കെടുത്തിക്കളഞ്ഞത്.

ആകെയുള്ള 137 പുരസ്‌കാരങ്ങളില്‍ പതിനൊന്നെണ്ണം മാത്രം രാഷ്ട്രപതി നല്‍കാനും, ബാക്കി വാര്‍ത്താവിതരണ മന്ത്രിയും സഹമന്ത്രിയും ചേര്‍ന്ന് നല്‍കാനും തീരുമാനിച്ചതാണ് ചിലരെ ക്ഷുഭിതരാക്കിയതത്രേ. ചടങ്ങ് ഏതായാലും രാഷ്ട്രപതിക്ക് ഒരുമണിക്കൂറിലേറെ നില്‍ക്കാനാവില്ലെന്ന് രാഷ്ട്രപതിഭവന്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെയും, അവര്‍ അത് പുരസ്‌കാര ജേതാക്കളെയും അറിയിക്കുകയുണ്ടായി. പുരസ്‌കാരം ലഭിച്ച എല്ലാവരും രാഷ്ട്രപതിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രപതിതന്നെ അവാര്‍ഡ് നല്‍കണമെന്നും, വാര്‍ത്താ വിതരണമന്ത്രി സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്നും ഒരുവിഭാഗം വാശിപിടിച്ചു.

ആരോഗ്യപ്രശ്‌നം കൊണ്ടാവാം കൂടുതല്‍ നേരം നിന്ന് മുഴുവന്‍ പുരസ്‌ക്കാരങ്ങളും രാഷ്ട്രപതിക്ക് നല്‍കാനാവാത്തത്. ഇത് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. മുന്‍കാലങ്ങളില്‍ ഇങ്ങനെയുണ്ടായിട്ടുണ്ട്. ശങ്കര്‍ദയാല്‍ ശര്‍മ്മയും പ്രതിഭാ പാട്ടീലും രാഷ്ട്രപതിമാരായിരുന്നപ്പോഴാണിത്. 'ദേശാടന'ത്തിന് ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരം ജയരാജിന് നല്‍കിയത് ഹിന്ദി സിനിമാതാരം രാജ്കുമാറായിരുന്നു. 'പൊന്തന്‍മാട'യ്ക്ക് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അവാര്‍ഡ് വാങ്ങിയത് സിനിമാതാരം ദിലീപ് കുമാറില്‍ നിന്നാണ്. എന്തിനേറെ പറയുന്നു, 1965-ല്‍ 'ചെമ്മീന്‍' എന്ന ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍, നിര്‍മ്മാതാവ് കണ്‍മണി ബാബു ഏറ്റുവാങ്ങിയത് അന്നത്തെ വാര്‍ത്താവിതരണ മന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നാണ്.

ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രത്തിന്റേതാണ്. സമ്മാനിക്കുന്നത് രാഷ്ട്രപതിയായാലും മന്ത്രിയായാലും ഇതിന് മാറ്റം വരുന്നില്ല. പതിനൊന്ന് പേര്‍ക്കേ രാഷ്ട്രപതി നേരിട്ട് പുരസ്‌ക്കാരങ്ങള്‍ നല്‍കൂവെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചിട്ടും ഇത് അംഗീകരിക്കില്ലെന്ന് ശഠിക്കാന്‍ ആരാണ് ഇക്കൂട്ടര്‍ക്ക് അധികാരം നല്‍കിയത്? പ്രഥമ പൗരന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യുകയോ! മന്ത്രി സ്മൃതി ഇറാനിയും പുരസ്‌ക്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറും നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തികഞ്ഞ ധാര്‍ഷ്ട്യമാണിത്. എന്തായാലും ഇക്കൂട്ടരുടെ താളത്തിന് തുള്ളാതെ ഗാനഗന്ധര്‍വന്‍ യേശുദാസും സംവിധായകന്‍ ജയരാജും ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകന്‍ സന്ദീപ് പാമ്പള്ളിയും നിര്‍മ്മാതാവ് ഷിബു സുശീലനും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കേരളത്തിന്റെ അന്തസ്സും കലാകാരന്മാര്‍ എന്ന നിലയ്ക്കുള്ള മാന്യതയും, സിനിമാപ്രേമികളുടെ പ്രതീക്ഷയും ഇവര്‍ ഉയര്‍ത്തിപ്പിടിച്ചു. സിനിമ വിജയിപ്പിക്കുന്നതും അഭിനേതാക്കളെ താരങ്ങളാക്കുന്നതും പ്രേക്ഷകരാണ്, ജനങ്ങളാണ്. ഇത് മറന്ന് പെരുമാറിയാല്‍ ഏതു താരവും നിലംപതിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.