'ആദരവിനെ ഞാന്‍ അവഹേളിക്കില്ല'

Saturday 5 May 2018 3:46 am IST

സ്വപ്‌നതുല്യവും മനോഹരവുമായിരുന്നു ഇത്തവണത്തെ ദേശീയ സിനിമാപുരസ്‌കാരദാന ചടങ്ങ്. ഓരോ തവണയും ദേശീയ പുരസ്‌കാരം വാങ്ങിക്കഴിയുമ്പോള്‍ വീണ്ടും വീണ്ടും അത്തരത്തിലൊരു ചടങ്ങിന്റെ കൂടി ഭാഗമാകാന്‍ കഴിയണേ എന്ന ആഗ്രഹമാണ് മനസ്സിലുണ്ടാകുന്നത്. ഇത്തവണയും അതിന് വ്യത്യാസമുണ്ടായില്ല. അത്രയ്ക്ക് മനോഹരവും ഗംഭീരവുമായിരുന്നു ചലച്ചിത്രപുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങ്. പക്ഷേ, പുരസ്‌കാരങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ചില സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനിന്നത് വാര്‍ത്തയായെങ്കിലും ചടങ്ങിന്റെ പ്രാധാന്യത്തിനും മനോഹാരിതയ്ക്കുമൊന്നും അത് വലിയ കോട്ടം തട്ടിച്ചില്ല. 

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ പേരിലുണ്ടായ വിവാദം തികച്ചും അനാവശ്യമായിരുന്നു. ഏതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ചലച്ചിത്രപ്രവര്‍ത്തകന്റെ കഴിവിനും പ്രതിഭയ്ക്കും പരിശ്രമത്തിനും രാജ്യം നല്‍കുന്ന അംഗീകാരമാണ് പുരസ്‌കാരം. അത് രാഷ്ട്രപതി നല്‍കിയാലും പ്രധാനമന്ത്രി നല്‍കിയാലും മന്ത്രി നല്‍കിയാലും രാജ്യം നല്‍കുന്ന ആദരവാണ്. ആ നിലയ്ക്ക് അതിന്റെ  പ്രാധാന്യം ഒട്ടും കുറയുന്നില്ല. അത്രയ്ക്ക് വിലപ്പെട്ട ഒരു ആദരവ് നിരാകരിക്കുന്നതും ചടങ്ങ് ബഹിഷ്‌കരിക്കുന്നതുമെല്ലാം രാജ്യത്തോട് ചെയ്യുന്ന അനാദരവാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ എന്റെ രാജ്യത്തെയും സിനിമയെയും മാനിക്കുന്നതുകൊണ്ടാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നല്‍കാതിരിക്കുന്നത് ഇത് ആദ്യമല്ല. ആദ്യസംഭവമാണിതെന്ന തരത്തില്‍ വലിയ പ്രശ്‌നമാക്കി മാറ്റുന്നവര്‍ ആ ചരിത്രം കൂടി അറിയണം. 1996ല്‍ എന്റെ 'ദേശാടനം' എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ എനിക്ക് അവാര്‍ഡ് തന്നത് അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നില്ല. അദ്ദേഹം കുറച്ചു പേര്‍ക്കുമാത്രമാണ് നല്‍കിയത്. ഫാല്‍ക്കേ പുരസ്‌കാര ജേതാവ് രാജ്കുമാറില്‍ നിന്നാണ് ഞാന്‍ പുരസ്‌കാരം വാങ്ങിയത്. ടി.വി. ചന്ദ്രന്റെ 'പൊന്തന്‍മാട'യ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോഴും രാഷ്ട്രപതിയായിരുന്നില്ല നല്‍കിയത്. ദിലീപ്കുമാറില്‍ നിന്നാണ് ടി.വി. ചന്ദ്രന്‍ പുരസ്‌കാരം വാങ്ങിയത്. അന്നൊന്നും ആരും അത് വിവാദമാക്കിയില്ല. പുരസ്‌കാരദാനചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കൂട്ടായ്മയുമുണ്ടായില്ല. ഇന്ന് ഇങ്ങനെയൊക്കെയുണ്ടാകുന്നതിന്റെ പിന്നിലെന്താണ്?.

ഇത്തവണ രാഷ്ട്രപതി ചടങ്ങില്‍ ഒരുമണിക്കൂറില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ എല്ലാവരെയും അറിയിച്ചിരുന്നതാണ്. കുറച്ച് പേര്‍ക്കുമാത്രമേ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേരിട്ടുനല്‍കൂ എന്നും ബാക്കിയുള്ളവര്‍ക്ക് മന്ത്രി നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുള്ളവരും മറ്റുചിലരും അതില്‍ പ്രതിഷേധമറിയിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‍ ശേഖര്‍കപൂര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. രാഷ്ട്രപതി ഭവന്റെ തീരുമാനമാണെന്നും സര്‍ക്കാരിന് അതില്‍  ഇടപെടാനാകില്ലെന്നും അറിയിച്ചു. പ്രതിഷേധിക്കുന്നതും ചടങ്ങ് ബഹിഷ്‌കരിക്കുന്നതുമെല്ലാം രാഷ്ട്രപതിയോടുള്ള അവഹേളനമാകുമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള നടപടികളിലേക്ക് പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പുരസ്‌കാരജേതാക്കളെ മന്ത്രിയും അറിയിച്ചു. കൂടാതെ പ്രത്യേക വേദിയില്‍ എല്ലാവര്‍ക്കും രാഷ്ട്രപതിക്കൊപ്പം ചിത്രമെടുക്കാനുള്ള അവസരവും രാഷ്ട്രപതിഭവന്‍ ഒരുക്കിയിരുന്നു. 

പുരസ്‌കാരം മന്ത്രി നല്‍കിയാലും സ്വീകരിക്കണമെന്ന നിലപാടാണ് ഗായകന്‍ യേശുദാസും ഞാനും സ്വീകരിച്ചത്. രാഷ്ട്രപതിയില്‍ നിന്നുതന്നെ പുരസ്‌കാരം വാങ്ങണമെന്നത് നമ്മുടെയെല്ലാം ആഗ്രഹമാണ്. എന്നാല്‍ രാഷ്ട്രപതിഭവന്റെ തീരുമാനം മറിച്ചാണങ്കില്‍ അതംഗീകരിക്കുകയാണ് വേണ്ടത്. അത്രയ്ക്ക് വിലപ്പെട്ടതാണ് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍. വളരെ കൃത്യതയോടെയും പരാതികള്‍ക്ക് ഇടനല്‍കാതെയുമാണ് ഇത്തവണ പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ആര്‍ക്കും യാതൊരു ആക്ഷേപവും അതിനേക്കുറിച്ച് പറയാനുണ്ടായില്ല. എന്നിട്ടും ചടങ്ങിന്റെ പേരില്‍ വിവാദമുണ്ടായതിനും അതിന് എന്റെ ഭാഷയും കൂടി കാരണമായതിനും വലിയ വിഷമമുണ്ട്. 

പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കാനായിരുന്നില്ല ദില്ലിയിലുണ്ടായ ചലച്ചിത്രപ്രവര്‍ത്തക കൂട്ടായ്മയുടെ തീരുമാനം. രാഷ്ട്രപതിയില്‍ നിന്നുതന്നെ പുരസ്‌കാരം ലഭിക്കണമെന്നത് ആഗ്രഹമാണ്. അതിനാല്‍ ഞങ്ങള്‍ക്കും രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട്, തീരുമാനം പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കാനായിരുന്നു നീക്കം. അതിന്റെ അടിസ്ഥാനത്തില്‍ യേശുദാസിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു, പുരസ്‌കാരം വാങ്ങാതിരിക്കാനും ചടങ്ങ് ബഹിഷ്‌കരിക്കാനുമൊന്നും താനില്ലെന്ന്. അത്രയ്ക്ക് വിലപ്പെട്ടതാണീ പുരസ്‌കാരം. അത്തരം വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എല്ലാവരും രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റുപറയാനാകില്ല. അതിനാല്‍ രാഷ്ട്രപതിഭവന്റെ തീരുമാനം പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷയില്‍ താന്‍ ഒപ്പിട്ടുതരാം. ഇത് പറഞ്ഞുകൊണ്ടാണ് യേശുദാസ് ഒപ്പു വച്ചത്. ഞാനും അങ്ങനെയൊരു നിവേദനത്തിലാണ് ഒപ്പിട്ടത്. 

രാഷ്ട്രപതി ഭവനില്‍ നിവേദനമെത്തിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ മുന്‍തീരുമാനത്തില്‍ നിന്ന് മറിച്ചൊന്ന് വേഗത്തിലുണ്ടാകില്ല. വേദിയില്‍ എത്തിയശേഷമാണ് മാറ്റമില്ലെന്നത് എല്ലാവരുമറിയുന്നത്. ജൂറി ചെയര്‍മാനും മന്ത്രിയും സാഹചര്യങ്ങള്‍ വിശദീകരിച്ച ശേഷവും പ്രതിഷേധവും ബഹിഷ്‌കരണവുമുണ്ടായത് ശരിയായ നടപടിയായില്ല. ഞാനും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്‌ക്കൊപ്പം തന്നെയാണ്. രാഷ്ട്രപതിഭവന്റെ തീരുമാനം പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടതും അതിനാലാണ്. നമ്മുടെ ആശങ്കയും പ്രതിഷേധവുമെല്ലാം അറിയിക്കാം. അതിനുള്ള വഴി ദേശീയപുരസ്‌കാര ദാനച്ചടങ്ങിനെ വിവാദമാക്കലും പുരസ്‌കാരങ്ങളെ നിഷേധിക്കലുമല്ല. 

പുതിയതായി സിനിമയിലേക്കുവന്ന മലയാളികളുള്‍പ്പടെ നിരവധിപേര്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആദ്യമായി പുരസ്‌കാരങ്ങള്‍ ലഭിക്കുന്നവരുമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബഹിഷ്‌കരണ വഴി അവരും സ്വീകരിച്ചപ്പോള്‍ മഹനീയമായ ഈ ചടങ്ങിന് സാക്ഷിയാകാന്‍ അവര്‍ക്കൊപ്പമെത്തിയ കുടുംബാംഗങ്ങളുടെ മുഖത്ത് നിരാശയും സങ്കടവും വലിയതോതില്‍ പ്രതിഫലിച്ചു. പുരസ്‌കാരങ്ങള്‍ വാങ്ങാതെ പോകുന്നതിലുള്ള കടുത്ത അതൃപ്തിയായിരുന്നു ആ മുഖങ്ങളിലുണ്ടായിരുന്നത്. എന്തെല്ലാം പറഞ്ഞിട്ടും മനസ്സിലാകാതെ, 'ബഹിഷ്‌കരണം' എന്ന പിടിവാശിയിലൂടെ മഹനീയവും വിലപ്പെട്ടതുമായ ഒരു ചടങ്ങിനെ വിവാദത്തിലാക്കിയതില്‍ ആര്‍ക്ക് എന്തു നേട്ടമുണ്ടായി. പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമ നേടിയ ആദരവില്‍ ഇടിവുതട്ടുകയല്ലേ ചെയ്തത്.

(തയ്യാറാക്കിയത്: ആര്‍. പ്രദീപ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.