അവാര്‍ഡ് ദാനത്തിലെ സത്യവും യാഥാര്‍ത്ഥ്യവും

Saturday 5 May 2018 3:50 am IST

ആദരം രാജ്യം നല്‍കുന്നതാണ്. അത് ആര് നല്‍കുന്നു എന്നതല്ല. ലാളിത്യമാണ് ഒരു കലാകാരന് വേണ്ടത്. കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര പുരസ്‌ക്കാരദാനവുമായി ബന്ധപ്പെട്ട് മലയാളത്തിലേതുള്‍പ്പെടെയുളള സിനിമാ കലാകാരന്മാര്‍ കാട്ടികൂട്ടിയ ആഭാസം കണ്ടാണ് ഇത് കുറിക്കേണ്ടി വന്നത്. സിനിമയില്‍ അഭിനയിച്ച് പണവും പ്രശസ്തിയും അവാര്‍ഡും കിട്ടിയെന്ന് കരുതി ആ ധാര്‍ഷ്ട്യം സര്‍ക്കാരിനോട് കാണിക്കേണ്ടിയിരുന്നില്ല. വേണമെങ്കില്‍ വാങ്ങാം. ഇല്ലെങ്കില്‍ വേണ്ട. രണ്ടായാലും ജനത്തിന് ഒന്നുമില്ല. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

രാജ്ഭവനിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ അല്ലെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുപോലെതന്നെ രാഷ്ട്രപതിഭവനിലെ കര്യങ്ങള്‍ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയും മന്ത്രിമാരുമല്ല. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം രാഷ്ട്രപതിഭവന്‍ നല്‍കിയ പത്രക്കുറിപ്പില്‍, രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അദ്ദേഹം ഒരു മണിക്കൂര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുകയുണ്ടായി.

അന്ന് മുതല്‍ ഈ പ്രോട്ടോക്കോള്‍ നിലവിലുമുണ്ട്. ഈ കാരണം കൊണ്ടാണ് പത്മ അവാര്‍ഡ് പോലും രണ്ട് പ്രാവശ്യമായി നല്‍കിയത്. അതായത് കേരളത്തിലെ സിനിമക്കാര്‍ വിലപിക്കുന്നത് പോലെ, ഇതില്‍ രാഷ്ട്രീയമൊന്നുമില്ല എന്നര്‍ത്ഥം. 131 പേര്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍, ഒരാള്‍ക്ക് 1 മിനിറ്റ് ആയാല്‍ പോലും ഏകദേശം 3 മണിക്കൂര്‍ എങ്കിലും രാഷ്ട്രപതി നില്‍ക്കേണ്ടിവരും. 90 പേര്‍ക്ക് കൊടുക്കുന്ന പത്മ അവാര്‍ഡ് പോലും പല ദിവസങ്ങളിലായിട്ടാണ് രാഷ്ട്രപതി നല്‍കുന്നത്.  അവാര്‍ഡ് വാങ്ങാതെ മാറിനിന്ന കലാകാരന്മാര്‍ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാറിനേയും കുറ്റപ്പെടുത്തുന്ന ശക്തികളുടെ സ്വാധീനത്തില്‍ ഒരുസംഘം കലാകാരന്മാര്‍ വീണുപോയതില്‍ അതീവ ദുഃഖമുണ്ട്.

 കേന്ദ്രം ഒരു തീരുമാനവുമെടുത്തിട്ടില്ല. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ഒരു ചടങ്ങില്‍ പങ്കെടുക്കൂ എന്ന പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് നടപടിക്രമങ്ങളില്‍ മാറ്റംവന്നത്. 150 പേര്‍ക്കും അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് മൂന്നുമണിക്കൂറിലേറെ നില്‍ക്കാന്‍ രാഷ്ട്രപതിക്ക് സാധ്യമല്ലെന്ന് മനസിലാക്കാന്‍ അവാര്‍ഡ് ജേതാക്കള്‍ തയ്യാറാകേണ്ടിയിരുന്നു. കേന്ദ്രമോ സ്മൃതിയോ അല്ല രാഷ്ട്രപതിഭവനിലെ പരിപാടികളും അവയുടെ സ്വഭാവവും നിശ്ചയിക്കുന്നത്. 

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നത് ഗവര്‍ണറല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിയല്ലേ. ചിലരൊക്കെ പറയുന്നതു കേട്ടു, കേന്ദ്രമന്ത്രിയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുന്നത് രാഷ്ട്രീയമായിപ്പോകുമെന്ന്. രാഷ്ട്രപതിക്ക് പറ്റില്ലെങ്കില്‍ ഉപരാഷ്ട്രപതി തരട്ടെയെന്ന്. പിണറായിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും എ.കെ. ബാലന്റെയും കൈയില്‍നിന്ന് വാങ്ങിയാല്‍ രാഷ്ട്രീയമാകില്ല, സ്മൃതി ഇറാനിയുടെ കൈയില്‍ നിന്ന് വാങ്ങിയാല്‍ രാഷ്ട്രീയം. ഈ അസഹിഷ്ണുത കലാകാരന് ചേര്‍ന്നതല്ല.

ഇത്രയ്‌ക്കൊക്കെ വിവേകമേ ഈ സിനിമാ പ്രതിഭകള്‍ക്കുള്ളോ? അതോ കിട്ടുന്നതെന്തും എടുത്ത് കേന്ദ്രത്തെയും സ്മൃതിയെയുമൊക്കെ അടിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇവരും തരംതാഴ്ന്നുവോ എന്ന് പൊതുജനം ചിന്തിച്ചാല്‍ അവരെ കുറ്റംപറയാന്‍ ആകുമോ?

മനീഷ്ശങ്കര്‍, മുട്ടം, കണ്ണൂര്‍

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.