ഐഎസ് ഇന്ത്യയിൽ വേരുറപ്പിച്ചെന്ന് കരേൻ

Saturday 5 May 2018 4:05 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഐഎസ് വേരുറപ്പിച്ചെന്ന് ഐഎസ് ഭീകര കരേന്‍ ഐഷ ഹമിദോന്‍. ദേശീയ അന്വേഷണ ഏജന്‍സി ഏപ്രില്‍ 24 മുതല്‍ 28 വരെ മനിലയില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചതെന്ന് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഫിലിപ്പീന്‍സ് സ്വദേശിയായ ഇവരുടെ യഥാര്‍ത്ഥ പേര് കരേന്‍ ഐഷ അല്‍ മുസ്ലീമഹ് എന്നാണ്. 2014 മുതല്‍ 2016 വരെ കാലഘട്ടങ്ങളിലാണ് ഇവര്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

ഐഎസ് ബന്ധമുള്ള കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയിരുന്ന മുഹമ്മദ് നാസര്‍ (തമിഴ്‌നാട്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാനേജര്‍ മുഹമ്മദ് സിറാജ്ജുദ്ദീന്‍, അദ്‌നന്‍ ഹസന്‍ (കര്‍ണാടക) എന്നിവര്‍ അറസ്റ്റിലായതോടെയാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം തയാറാക്കിയത്. നിരവധി പേരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇവരിലൂടെ ഐഎസ് ആശയങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും കരേന്‍ ഉദ്യോഗസ്ഥരോട് സമ്മച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി റിക്രൂട്ട് ചെയ്ത യുവാക്കളെ സിറിയയുമായുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചിരുന്നു. ഫിലിപ്പീന്‍സിലെ ഐഎസ് പ്രവര്‍ത്തനത്തിനും ഇവരെ ഉപയോഗിച്ചിരുന്നു. 

ആയുധ പരിശീലനം ലഭിച്ച യുവാക്കളെ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ എത്തിച്ചതായാണ് പിടിയിലായവരുടെ മൊഴികള്‍. +639300183542, +639165017304 എന്നീ നമ്പറുകള്‍ ഉപയോഗിച്ചാണ് കരേന്‍ എല്ലാവരുമായും ബന്ധപ്പെട്ടിരുന്നത്. 2014 ഡിസംബര്‍ 2015 വരെയുള്ള കാലയളവിലാണ് ഇവര്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തിയത്. ഇസ്ലാം ക്യൂ ആന്‍ഡ് എ, ഉമ്മ അഫേഴ്‌സ് എന്നീ ഗ്രൂപ്പുകള്‍ നിയന്ത്രിച്ചിരുന്നത് കരേനാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇവരെ ചോദ്യം ചെയ്യുന്നതിന് നിയമസഹായം ആവശ്യപ്പെട്ട് ദല്‍ഹിയിലേയും ജയ്പൂരിലേയും പ്രത്യേക സിബിഐ കോടതികള്‍ സംയുക്തമായി ഫിലിപ്പീന്‍സ് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു ശേഷമാണ് കരേനെ ചോദ്യം ചെയ്യാന്‍ രണ്ട് ഉദ്യോഗസ്ഥരെ ഫിലിപ്പീന്‍സ് അധികൃതര്‍ അനുവദിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് ഫിലിപ്പീന്‍സിന്റെ ദേശീയ സുരക്ഷാ ഏജന്‍സി കരേനെ അറസ്റ്റു ചെയ്തത്. ഫിലിപ്പീന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ തലവന്‍ മുഹമ്മദ് ജാഫര്‍ മക്വീദിന്റെ ഭാര്യയാണിവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.