അത്‌ലറ്റിക്കോ-മാഴ്സലെ ഫൈനൽ

Saturday 5 May 2018 4:15 am IST

വെങ്ങറുടെ മോഹം പൊലിഞ്ഞു

മാഡ്രിഡ്: മുഖ്യ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ക്ക് ആനന്ദകരമായ വിടവാങ്ങലൊരുക്കുന്നതില്‍ ആഴ്‌സണല്‍ പരാജയപ്പെട്ടു. യൂറോപ്പ ലീഗ് രണ്ടാം പാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ആഴ്‌സണല്‍ കിരീടമോഹം ബാക്കിയാക്കി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രണ്ട് പാദങ്ങളിലുമായി 2-1 ന്റെ വിജയവുമായി അത്‌ലറ്റിക്കോ കിരീടപ്പോരാട്ടത്തിന് മാഴ്‌സലെയെ നേരിടാന്‍ അര്‍ഹത നേടി.

ആഴ്‌സണലിനെ യൂറോപ്പ കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തി സ്ഥാനമൊഴിയാമെന്ന വെങ്ങറുടെ സ്വപ്‌നങ്ങള്‍ ഇതോടെ അസ്തമിച്ചു. ഈ സീസണിന്റെ അവസാനത്തോടെ പരിശീലകസ്ഥാനം ഒഴിയുമെന്ന്  വെങ്ങര്‍ നേരത്തെ പ്രഖാപിച്ചിരുന്നു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഡീഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആഴ്‌സണലിനെ ദൗര്‍ഭാഗ്യം പിടികൂടി. 12-ാം മിനിറ്റില്‍ അവരുടെ ക്യാപറ്റന്‍ ലോറന്റ് കോസില്‍നി പരിക്കേറ്റ് കളിക്കളം വിട്ടു. എന്നിട്ടും  ആഴ്‌സണല്‍ ശക്തമായി പൊരുതിയെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം ഇടവേളയ്ക്ക് തൊട്ടുമുമ്പ് അത്‌ലറ്റിക്കോ ഗോള്‍ നേടി. കോസ്റ്റയാണ് ആഴ്‌സണലിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ലക്ഷ്യം കണ്ടത്. ആഴ്‌സണലിനെതിരായ ഏഴ് മത്സരങ്ങളില്‍ കോസ്റ്റയുടെ നാലാം ഗോളാണിത്.

രണ്ടാം പകുതിയിലും അത്‌ലറ്റിക്കോ അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി. പക്ഷെ മുന്നേറ്റ നിരക്കാരായ ഗ്രീസ്മാനും കോക്കേയുമൊക്ക അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഗോള്‍ മടക്കാനായി ശക്തമായി പൊരുതിയ ആഴ്‌സണല്‍ ഒരു തവണ ഗോളിനടുത്തെത്തി. പക്ഷെ റംസിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. ആഴ്‌സണലിന്റെ ഫൈനല്‍ മോഹവും ഇതോടെ പറന്നകന്നു.  അത്‌ലറ്റിക്കോ ഫൈനലിലേക്കും  മാര്‍ച്ച് ചെയ്തു. ഇത് മൂന്നാം തവണയാണ് അവര്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്.

വെങ്ങറുടെ ശിക്ഷണത്തില്‍ ആഴ്‌സണലിന്റെ 216-ാം മത്സരമാണിത്. ഇതില്‍ 110 മത്സരങ്ങളില്‍ ആഴ്‌സണല്‍ വിജയിച്ചു. 58 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങി. 48 മത്സരം സമനിലയായി.

സാൽബർഗ് കടന്ന്

സാല്‍സ്ബര്‍ഗ്: സാല്‍സ്ബര്‍ഗിന്റെ ശക്തമായ വെല്ലുവിളി മറികടന്ന് മാഴ്‌സലെ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയുടെ അധികസമത്ത് പോര്‍ച്ചുഗീസ് പ്രതിരോധ നിരക്കാരന്‍ റൊണാള്‍ഡോ കുറിച്ച ഗോളിലാണ് മാഴ്‌സലെ ഫൈനലിലെത്തിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്‌സലെ തോറ്റെങ്കിലും ആദ്യ പാദ സെമിയിലെ രണ്ട് ഗോള്‍ വിജയം അവര്‍ക്ക് തുണയായി. രണ്ട് പാദങ്ങളിലുമായി മാഴ്‌സലെ 3-2 ന് ജയിച്ചുകയറി.

ആദ്യ പാദസെമിയിലെ  രണ്ട് ഗോളിന്റെ മുന്‍തൂക്കവുമായി കളിക്കളത്തിലിറങ്ങിയ മാഴ്‌സലെയെ സാല്‍സ്ബര്‍ഗ് വിറപ്പിച്ചു. ചടുലമായ നീക്കങ്ങളിലൂടെ മുന്നേറിയ അവര്‍ നിശ്ചിത സമയത്ത് രണ്ട് ഗോള്‍ നേടി. ഇതോടെ ഇരു ടീമുകളും തുല്യത (2-2) പാലിച്ചു. തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീങ്ങി. 116-ാം മിനിറ്റില്‍ റൊണാള്‍ഡോ നിര്‍ണായക ഗോള്‍ നേടി. ദിമിത്രി പേയറ്റ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് റൊണാള്‍ഡോ സ്‌കോര്‍ ചെയ്ത്.

ആദ്യ പകുതിയില്‍ സാല്‍സ്ബര്‍ഗ് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ നേടാനായില്ല. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സാല്‍സ്ബര്‍ഗ് മുന്നിലെത്തി. ഹൈഡാരയാണ് ആദ്യ മാഴ്‌സലെയുടെ ഗോള്‍ വല ചലിപ്പിച്ചത്. പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മാഴ്‌സലെ സെല്‍ഫ് ഗോള്‍ വഴങ്ങി. 

2004 നുശേഷം യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബാണ് മാഴ്‌സലെ. ഇത് അഞ്ചാം തവണയാണ് അവര്‍ ഒരു വമ്പന്‍ യൂറോപ്പ്യന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.