തോൽവി മുഖത്തേറ്റ അടി; ചെന്നൈ കോച്ച്

Saturday 5 May 2018 4:20 am IST

കൊല്‍ക്കത്ത: നിലവാരമില്ലാത്ത ഫീല്‍ഡിങ്ങാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ തോല്‍വിക്ക് കാരണമെന്ന് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ക്യാപ്റ്റന്‍ ധോണി. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ചെന്നൈ തോറ്റത്. ഈ തോല്‍വിയോടെ അവര്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫീല്‍ഡര്‍മാര്‍ നിരാശപ്പെടുത്തി. അവസരത്തിനൊത്തുയരാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ധോണി മത്സരശേഷം പറഞ്ഞു.പരിചയസമ്പന്നനായ രവീന്ദ്ര ജഡേജ തുടര്‍ച്ചയായ രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. കെഎം ആസിഫിന്റെ പന്തുകളില്‍ ജഡേജ രണ്ട് തവണ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നെ വിട്ടുകളഞ്ഞു.

ഈ തോല്‍വി ടീമിന്റെ മുഖത്തേറ്റ അടിയാണെന്ന് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു. ഫീല്‍ഡിങ്ങാണ് വില്ലനായത്. ഫീല്‍ഡിങ്ങില്‍ ടീം മോശമാണെന്ന് ഇതോടെ തെളിഞ്ഞു. ചില മികച്ച ഫീല്‍ഡര്‍മാര്‍ പോലും പിഴവ് വരുത്തിയെന്ന് ഫ്‌ളെമിങ് പറഞ്ഞു.

ആദ്യം ബാറ്റേന്തിയ ചെന്നൈ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 177 റണ്‍സ് നേടി. ധോണി 25 പന്തില്‍ 43 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഓപ്പണര്‍ വാട്‌സണ്‍ 36 റണ്‍സും സുരേഷ് റെയ്‌ന 31 റണ്‍സും നേടി.മറുപടിക്കിറങ്ങിയ  കൊല്‍ക്കത്ത 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി വിജയിച്ചു.

57 റണ്‍സുമായി  ശുബ്മാന്‍ ഗില്‍ പുറത്താകാതെ നിന്നു.  36 പന്ത് നേരിട്ട ഗില്‍ രണ്ട് സിക്‌സറും ആറു ഫോറുമടിച്ചു. ക്യാപ്റ്റന്‍ കാര്‍ത്തിക്ക്  18 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 45 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഇരുപത് പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 32 റണ്‍സ് നേടുകയും നാല് ഓവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റ്  വീഴ്ത്തുകയും ചെയ്ത സുനില്‍ നരെയ്‌നാണ് കളിയിലെ കേമന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.