മഞ്ഞപ്പടയ്ക്ക് അഞ്ചാം കിരീടം

Saturday 5 May 2018 4:30 am IST

2002ലെ പതിനേഴാമത് ലോകകപ്പ് ഫുട്‌ബോളിന് ചരിത്രത്തിലാദ്യമായി ആതിഥേയത്വം വഹിച്ചത് ഏഷ്യന്‍ വന്‍കരയാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായാണ്  പോരാട്ടം നടന്നത്.   ചരിത്രത്തിലാദ്യമായാണ് രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ഈ ലോകകപ്പിന് ചരിത്രത്തിലാദ്യമായി മൂന്ന് ടീമുകള്‍ നേരിട്ട് യോഗ്യത നേടി. ആതിഥേയരെന്ന നിലയില്‍ ജപ്പാനും ദക്ഷിണ കൊറിയയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും.

മെയ് 31 മുതല്‍ ജൂണ്‍ 30 വരെയായിരുന്നു മത്സരങ്ങള്‍. ഈ ടൂര്‍ണമെന്റിലെ 64 മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്കുള്‍പ്പെടെ 161 ഗോളുകളാണ് പിറന്നത്. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയും പോര്‍ച്ചുഗലിന്റെ പൗലേറ്റയുമാണ് ഹാട്രിക്കിന് അവകാശികളായത്.

32 ടീമുകളാണ് കിരീടത്തിനായി പന്തുതട്ടാനിറങ്ങിയത്. ചൈന, ഇക്വഡോര്‍, സെനഗല്‍, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. കറുത്ത കുതിരകളായി മാറിയ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി ചരിത്രം കുറിച്ചു. ലോകഫുട്‌ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങള്‍ തന്നെയായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ജര്‍മ്മനിയും ബ്രസീലും. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍ അഞ്ചാം തവണയും കിരീടം ചൂടി.

യോഗ്യതാ റൗണ്ടില്‍ ആറ് വന്‍കരകളില്‍ നിന്നായി 199 ടീമുകളാണ് മത്സരിച്ചത്. ആകെ 77 മത്സരങ്ങള്‍. ഗോളുകള്‍ 2452. യൂറോപ്പില്‍ നിന്ന് റഷ്യ, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക്, ക്രൊയേഷ്യ, ഇറ്റലി, ഇംഗ്ലണ്ട്, സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട് എന്നീ ടീമുകള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടി. ബെല്‍ജിയം, ജര്‍മ്മനി, സ്ലോവേനിയ, തുര്‍ക്കി, ടീമുകള്‍ പ്ലേ ഓഫ് കളിച്ചും അയര്‍ലന്‍ഡ് ഏഷ്യന്‍ മേഖലയിലെ ഇറാനെതിരെ പ്ലേ ഓഫ് കളിച്ചും യോഗ്യത നേടി. ഏഷ്യന്‍ മേഖലയില്‍ നിന്ന് സൗദി അറേബ്യയും ചൈനയും നേരിട്ടും ടിക്കറ്റ് എടുത്തു. ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ഇക്വഡോര്‍, ബ്രസീല്‍, പരാഗ്വെ ടീമുകളും പ്ലേ ഓഫിലൂടെ ഉറുഗ്വെയും കോണ്‍കാകാഫില്‍ നിന്ന് കോസ്റ്ററിക്ക, മെക്‌സിക്കോ, അമേരിക്ക ടീമുകളും ആഫ്രിക്കയില്‍ നിന്ന് കാമറൂണ്‍, നൈജീരിയ, സെനഗല്‍, ടുണീഷ്യ, ദക്ഷിണാഫ്രിക്ക ടീമുകളും ഇടംനേടി. ഈ ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലോകകപ്പ് അരങ്ങേറിയത്.

നിലവിലുള്ള ജേതാക്കളായ ഫ്രാന്‍സിന്റെ ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ സെനഗല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിനെ തകര്‍ത്തു. ഗ്രൂപ്പ് എയിലെ മൂന്നു മത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലുമടിക്കാതെ, ഒറ്റ ജയം പോലും നേടാന്‍ കഴിയാതെ ഫ്രാന്‍സ് പുറത്തായി.  ഉറുഗ്വെ, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ എന്നീ വന്‍ശക്തികളും ഒന്നാം ഘട്ടത്തില്‍ത്തന്നെ പുറത്തായി. ഇറ്റലിയും സ്‌പെയിനും രണ്ടാം റൗണ്ടിലും മടങ്ങി.  ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനല്‍ വരെയെത്തി ചരിത്രം കുറിച്ചു. ലോകകപ്പില്‍ ഏഷ്യന്‍ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാന്‍ രണ്ടാം റൗണ്ടിലുമെത്തി.

ജര്‍മ്മനി, പരാഗ്വെ, ബ്രസീല്‍, മെക്‌സിക്കോ, അമേരിക്ക, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ഇറ്റലി, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ബെല്‍ജിയം, സ്വീഡന്‍, സെനഗല്‍, ജപ്പാന്‍, തുര്‍ക്കി ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ജയിച്ച് ജര്‍മ്മനി, യുഎസ്എ, സ്‌പെയിന്‍, കൊറിയ, ഇംഗ്ലണ്ട്, ബ്രസീല്‍, സെനഗല്‍, തുര്‍ക്കി ടീമുകള്‍ അവസാന എട്ടില്‍ ഇടം നേടി. ക്വാര്‍ട്ടറില്‍ അമേരിക്കയെ 1-0ന് തോല്‍പ്പിച്ച് ജര്‍മ്മനിയും ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ബ്രസീലും സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് പരാജയപ്പെടുത്തി ദക്ഷിണ കൊറിയയും, സെനഗലിനെ അധികസമയത്തേക്ക് നീണ്ട കൡയില്‍ 1-0ന് കീഴടക്കി തുര്‍ക്കിയും സെമിയില്‍. 

തുര്‍ക്കിയും ദക്ഷിണ കൊറിയയും ആദ്യമായാണ് സെമിയിലെത്തിയത്. സെമിയില്‍ ജര്‍മ്മനി 1-0ന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ബ്രസില്‍ ഇതേ മാര്‍ജിനില്‍ തുര്‍ക്കിയെയും കീഴടക്കി. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്. 

ജപ്പാനിലെ യോകോഹാമയിലെ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഏകദേശം 70,000 കാണികളെ സാക്ഷിയാക്കി നടന്ന ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബ്രസീല്‍ ലോകകിരീടം നേടിയത്. 12 മിനിറ്റിനിടെ റൊണാള്‍ഡോ നേടിയ രണ്ട് ഗോളുകളാണ് ബ്രസീലിന് കിരീടം നേടിക്കൊടുത്തത്. തൊട്ടുമുന്‍പത്തെ ലോകകപ്പിന്റെ ഫൈനലില്‍ അസുഖബാധിതനായിട്ടും കളത്തിലിറങ്ങി നിറംകെട്ട പ്രകടനം നടത്തിയതിന്റെ പേരില്‍ ഏറെ പഴികേട്ട റൊണാള്‍ഡോ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ആക്ഷേപങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയും ചെയ്തു.  

എട്ട് ഗോളുകളുമായി റൊണാള്‍ഡോ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോള്‍പോലും വഴങ്ങാതെ ജര്‍മ്മനിയുടെ വല കാത്ത ഒൡവര്‍ കാന്‍ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത് കരസ്ഥമാക്കി. മികച്ച ഗോളിക്കുള്ള യാഷിന്‍ അവാര്‍ഡും ഒളിവര്‍ കാനാണ് സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണപന്ത് നേടിയ ഏക ഗോള്‍കീപ്പറെന്ന ബഹുമതിയും കാനിന് സ്വന്തമായി. മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് അമേരിക്കയുടെ ലാന്‍ഡന്‍ ഡൊണാവനും ഫെയര്‍ പ്ലേ അവാര്‍ഡ് ബെല്‍ജിയവും മികച്ച എന്റര്‍ടെയിനിങ് ടീമിനുള്ള അവാര്‍ഡ് ദക്ഷിണ കൊറിയയും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.