കര്‍ണാടക ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

Saturday 5 May 2018 2:55 am IST

ബംഗളൂരു: കര്‍ണാടക ജയനഗര്‍ ബിജെപി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി.എന്‍. വിജയകുമാര്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ഹൃദയാഘാതം അനുഭവപ്പെട്ട വിജയകുമാറിനെ ശ്രീജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയാക് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

ഏപ്രില്‍ രണ്ടിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. രണ്ടുതവണ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ എബിവിപി പ്രവര്‍ത്തകനായിട്ടാണ് പൊതുരംഗത്ത് എത്തിയത്. 1990ല്‍ ബിജെപി അംഗമായി. 12 വര്‍ഷം ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന വിജയകുമാര്‍ വിവരാവകാശ രേഖ ഫലപ്രദമായി ഉപയോഗിച്ച് അഴിമതിക്കെതിരെ നിരവധി പോരാട്ടം നടത്തിയിരുന്നു. ലാളിത്യവും അര്‍പ്പണബോധവുമുള്ള ജനകീയ നേതാവായിരുന്നു വിജയകുമാറെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അനുസ്മരിച്ചു. കഠിനാധ്വാനിയായ കാര്യകര്‍ത്താവായിരുന്നു വിജയകുമാറെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ട്വീറ്റ് ചെയ്തു. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യതയോടെ ചെയ്തിരുന്ന ആളായിരുന്നു വിജയകുമാറെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് വി. നാഗരാജ് പറഞ്ഞു. 

സത്യസന്ധതയും സമൂഹത്തോട് ഉത്തരവാദിത്വവുമുള്ള നേതാവായിരുന്നു വിജയകുമാര്‍. അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പയും ആത്മാര്‍ത്ഥതയും കഠിനാധ്വാനിയുമായ നേതാവായിരുന്നു വിജയകുമാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.