കത്വ: ദുരൂഹതകൾ ഏറെ; സിബിഐ അന്വേഷണം വേണം

Saturday 5 May 2018 4:36 am IST

ന്യൂദല്‍ഹി: കത്വ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. റിട്ട. ജഡ്ജി മീര ഖഡാക്കര്‍, സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരഞ്ജന ശര്‍മ്മ, ദല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫ. സോണാലി ചിതല്‍ക്കര്‍, പൊതുപ്രവര്‍ത്തക മോണിക്ക അഗര്‍വാള്‍ എന്നിവരടങ്ങിയ അഞ്ചംഗ സമിതി നടത്തിയ അന്വേഷണത്തിലാണ് കത്വ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയത്. 

അന്വേഷണത്തിലെ പാളിച്ചകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രവും തമ്മിലുള്ള പൊരുത്തക്കേടുകളും സംഘം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. ബാഹ്യ ഇടപെടലുകളിലേക്കുള്ള സാധ്യതയും വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ജനുവരി 12നും 23നുമിടയില്‍ മൂന്നുതവണ അന്വേഷണസംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചകളേറെയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രവും തമ്മില്‍ പൊരുത്തക്കേടുകള്‍ നിരവധി. 

മൂന്ന് പേര്‍ ആറുദിവസത്തിലധികം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍. എന്നാല്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മാരകമായ മുറിവുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ആമാശയത്തില്‍ ദഹിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് ജനുവരി 17 ന് നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടിയെ പട്ടിണിക്കിട്ടിരുന്നുവെന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പട്ടിണിക്കിട്ടിരുന്ന പെണ്‍കുട്ടിയുടെ ആമാശയത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം വന്നതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നതോടെ മാര്‍ച്ച് 19 ന് പോലീസ് മറ്റൊരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ഹാജരാക്കി. ഇതില്‍ ആമാശയത്തില്‍ കണ്ട ഭക്ഷണപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം അപ്രത്യക്ഷമായി. 

സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് കുറ്റപത്രത്തില്‍ ദേവീസ്ഥാന്‍ എന്ന് ഉപയോഗിച്ചത് മൂലം രാജ്യവ്യാപകമായി ഇത് ക്ഷേത്രമാണെന്ന പ്രചാരണമുണ്ടാക്കി. രസാന ഗ്രാമത്തിലെ കുലദേവതസ്ഥാനം എന്നറിയപ്പെടുന്ന ദേവസ്ഥാന്‍ എന്നറിയപ്പെടുന്നിടത്തുവച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം.  പീഡനം നടന്നുവെന്നു പറയുന്ന ദിവസങ്ങളില്‍പ്പെടുന്ന ജനുവരി 13 മുതല്‍ 15 വരെ മകരസംക്രാന്തിയോടനുബന്ധിച്ച് ഇവിടെ നിരവധിയാളുകള്‍ വന്നുപോയിരുന്നു. ഈ ആളുകളുടെ കണ്ണില്‍പ്പെടാതെ പെണ്‍കുട്ടിയെ ഇവര്‍ എവിടെ ഒളിപ്പിച്ചുവെന്ന ചോദ്യവും ഉയരുന്നു. 

മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടെ ഒരു മുടി നാരിഴ  ദേവസ്ഥാനത്തുനിന്നും കണ്ടെത്തി എന്നു മാത്രമാണ് കുറ്റപത്രത്തിലുള്ളത്. വിരലടയാളങ്ങളെക്കുറിച്ച്  കുറ്റപത്രത്തിലില്ല. പ്രതികളുടെ ഉദ്ദേശ്യം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നതും കുറ്റപത്രത്തില്‍ പറയുന്നില്ല.

മൃതദേഹത്തിന്റെ ചിത്രം ഹൈറസല്യൂഷന്‍ ക്യാമറയുപയോഗിച്ച് എടുത്തതാരെന്ന ചോദ്യവും ഉയരുന്നു.  ഉറുദുവില്‍ മാത്രം വിവരങ്ങള്‍ കൈമാറുന്ന പ്രദേശത്ത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നല്‍കിയതിന് പിന്നില്‍ ആരെന്നതും ദുരൂഹമാണ്. ജനുവരി 16 ന് രാത്രി ഗ്രാമത്തില്‍ വൈദ്യുതി നിലച്ചിരുന്നെന്നും രണ്ടുപേര്‍ ബുള്ളറ്റില്‍ കമ്പിളിയില്‍ പൊതിഞ്ഞ എന്തോ ഒന്നുമായി ഗ്രാമത്തില്‍ എത്തി അരമണിക്കൂറിനുള്ളില്‍ മടങ്ങിയെന്നും പലരും മൊഴി നല്‍കിയിരുന്നു. ഇതും അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തില്ല.

പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും സംയുക്തമായാണ് പ്രക്ഷോഭത്തിനിറങ്ങിയത്. എന്നാല്‍ ജനുവരി 20 ന് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കിയെത്തിയ ആയിരത്തോളം വരുന്ന സംഘം പ്രതിഷേധം വഴിതിരിച്ചു വിടാന്‍ വ്യക്തമായ ആസൂത്രണം നടത്തിയതായും ആരോപണമുണ്ട്. മാധ്യമങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചാണ് കത്വ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്വേഷണസമിതി പറയുന്നു. സംഭവത്തിന് വര്‍ഗീയനിറം കൈവരുന്നതിനിത് ഇടയാക്കി. സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം രാജ്യത്തുടനീളം വര്‍ഗീയകലാപമുണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രചരണങ്ങള്‍ നടന്നുവെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.