ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് ഇനിയും വരും, കേരളം തൻ്റെ രണ്ടാമത്തെ വീട്; ഇലീസ

Saturday 5 May 2018 3:12 pm IST

തിരുവനന്തപുരം: തൻ്റെ പ്രിയ സഹോദരിയെ നഷ്ടമായെങ്കിലും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ തന്ന ദൈവത്തിന്റെ സ്വന്തം മണ്ണിലേക്ക് ഇനിയും വരുമെന്ന് കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശവനിതയുടെ സഹോദരി ഇലീസ. ലാത്‌വിയ കഴിഞ്ഞാല്‍ കേരളം എന്റെ രണ്ടാമത്തെ വീടാണ്.

തന്റെ സഹോദരി പറഞ്ഞത് പോലെ ഈ രാജ്യവും ഇവിടുള്ളവരും നല്ലവരാണ്. എന്നാല്‍ എല്ലായിടത്തും ചില ചീത്തമനുഷ്യര്‍ കാണും. ദൗര്‍ഭാഗ്യവശാല്‍ സഹോദരി അവരുടെ ക്രൂരതയ്ക്കിരയായി. അതിന് ഒരിക്കലും ഇവിടുത്തെ നല്ല മനുഷ്യര്‍ ഉത്തരവാദികളല്ലെന്നും ഇലിസ പറഞ്ഞു.

'സഹോദരിയെ തിരഞ്ഞിറങ്ങിയപ്പോള്‍ എന്നെ സഹായിച്ചത് ഇവിടുത്തെ മാദ്ധ്യമങ്ങളും നാട്ടുകാരുമാണ്. പത്രസമ്മേളനങ്ങള്‍ക്കൊക്കെ പോകുമ്പോഴും ആളുകള്‍ തനിക്ക് ഭക്ഷണം വാങ്ങിത്തരുമായിരുന്നു. പലരും വിഷമത്തോടെ സഹോദരിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പ് നല്‍കും. ഇവിടുത്തുകാര്‍ നല്ലവരാണ്. വഴിമദ്ധ്യേ കണ്ടുമുട്ടിയ അപരിചിതരില്‍ പലരും ഞങ്ങള്‍ക്ക് ഭക്ഷണവും വിശ്രമിക്കാന്‍ സ്ഥലവും തന്നു. ഒരു രാത്രി കോവളത്ത് തിരച്ചിലില്‍ ഏര്‍പ്പെട്ട തങ്ങള്‍ക്ക് അവിടുത്തെ നാട്ടുകാരില്‍ ചിലര്‍ ഭക്ഷണം വാങ്ങിത്തന്നു'- ഇലീസ പറഞ്ഞു.

സഹോദരിയുടെ മരണം സംബന്ധിച്ച അന്വേഷണം കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരികെ പോകും. എന്നാല്‍ എന്റെ സഹോദരി ഇവിടെയുണ്ട്. അവളെക്കാണാന്‍ ഞാന്‍ ഇനിയും വരുമെന്ന് ഇലീസ കൂട്ടിച്ചേർത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.