കിഴക്കമ്പലം പഞ്ചായത്ത് അഥവാ എം.സി. ജേക്കബ്ബിൻ്റെ സ്വർഗ്ഗരാജ്യം

Sunday 6 May 2018 2:30 am IST

വ്യാപാരത്തിനൊപ്പം നാടും നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ എത്രയുണ്ടാകും? സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ പോലും അങ്ങനെ ചിന്തിച്ചെന്നു വരില്ല. പക്ഷേ, കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അന്ന-കിറ്റെക്സ് ഗ്രൂപ്പ് ചിന്തിച്ചത് നാടിന്റെ നന്മകൂടിയാണ്. വ്യാപാരരംഗത്ത് അന്‍പത് കൊല്ലം പിന്നിടുമ്പോള്‍ അവരുടെ നന്മയ്ക്കുമുണ്ട് സുവര്‍ണ തിളക്കം. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ നേരിട്ടെത്തിയാല്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഒരു നാടിനെ പൊന്നുപോലെ നോക്കുന്നത് കാണാം. എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട്, എല്ലായിടത്തും കൃഷി, സൗജന്യചികിത്സ, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായും കുറഞ്ഞവിലയ്ക്കും വീട്ടുസാധനങ്ങള്‍....സര്‍ക്കാര്‍ നല്‍കേണ്ടത് കോടികള്‍ മുടക്കി ഒരു കോര്‍പ്പറേറ്റ് സ്ഥാപനം നല്‍കിയപ്പോള്‍, ആ നാടും നാട്ടുകാരുമൊക്കെ വളര്‍ന്നു. ഇന്ന് സ്വയംപര്യാപ്തമായ ഗ്രാമങ്ങളിലൊന്നായി കിഴക്കമ്പലം പഞ്ചായത്ത് മാറി. മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജിലേക്കുള്ള ആ മാറ്റത്തിന്റെ കഥ തുടങ്ങുന്നത് അന്ന-കിറ്റെക്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ എം.സി. ജേക്കബ്ബില്‍ നിന്ന്.

പത്തിൽ തുടങ്ങി പതിനയ്യായിരത്തിൽ

50 കൊല്ലം മുമ്പ് കിഴക്കമ്പലം ദരിദ്രമായിരുന്നു. എങ്ങുംപട്ടിണി. ഒരുനേരം കഞ്ഞികുടിക്കാന്‍ വകയില്ലാത്തവര്‍ ഏറെ. ഇതെല്ലാം കണ്ടാണ് മേയ്ക്കാംകുന്നിലെ എം.സി. ജേക്കബ് വളര്‍ന്നത്. കുറച്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനായാല്‍, കുറെ വീടുകളിലെങ്കിലും അടുപ്പ് പുകയും. ജേക്കബിന്റെ ആ ചിന്ത പോയത് അലുമിനിയം പാത്രങ്ങളുടെ നിര്‍മ്മാണത്തിലേക്ക്. 1968-ല്‍ 10 തൊഴിലാളികളുമായി അങ്ങനെ, അന്ന അലൂമിനിയം കമ്പനി പിറന്നു. സ്പൂണും തവിയും പാത്രങ്ങളുമെല്ലാം തീച്ചൂളയില്‍ വെന്തുരുകുമ്പോള്‍ കുറെപ്പേരുടെ പട്ടിണിയും പതുക്കെ ഇല്ലാതായി. അതായിരുന്നു, കിഴക്കമ്പലത്തിന്റെ വ്യവസായ ചരിത്രത്തിന്റെ തുടക്കം. 

അന്ന അലൂമിനിയത്തിന് പിന്നാലെ കിറ്റെക്സ് വസ്ത്രനിര്‍മ്മാണശാലയും, സാറാസ് കറിപൗഡര്‍ കമ്പനിയുമൊക്കെ പിറന്നു. തൊഴിലാളികളുടെ എണ്ണം പത്തില്‍ നിന്ന് മൂവായിരത്തിലെത്തി. എം.സി. ജേക്കബ് വിടപറഞ്ഞെങ്കിലും, മക്കളായ സാബു എം. ജേക്കബിലൂടെയും ബോബി എം. ജേക്കബിലൂടെയും കിറ്റെക്സ്-അന്ന ഗ്രൂപ്പിന്റെ നന്മ നാടാകെ പടര്‍ന്നു. ഇന്ന് 15,000 പേര്‍ക്ക് കിറ്റെക്സ്-അന്ന ഗ്രൂപ്പ് ജോലി നല്‍കുന്നു. 1500 കോടി രൂപയാണിപ്പോള്‍ വാര്‍ഷിക വിറ്റുവരവ്.  ലാഭവിഹിതത്തിന്റെ ഏറിയ പങ്കും പോകുന്നത് നാടിന്റെ വളര്‍ച്ചയ്ക്ക്. 

 കിറ്റെക്സ്, അന്ന, ചാക്സണ്‍, സ്‌കൂബി ഡേ, സാറാസ്.... ഈ പേരുകള്‍ ലോകം മുഴുവന്‍ പ്രിയപ്പെട്ടതായി. കാരണം, ഗുണമേന്മയുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. നാടിന്റെ നന്മയ്ക്കായി ലാഭം നോക്കാതെ പണം ചെലവഴിക്കുന്നവര്‍ ഉത്പന്നങ്ങളുടെ ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. നാട്ടുകാരുടെ ഈ വിശ്വാസം ലോകവിപണിയിലെ ഉപഭോക്താക്കള്‍ക്കുമുണ്ട്. ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ വര്‍ധനവില്‍ നിന്നുതന്നെ അത് മനസ്സിലാക്കാം. ഉപഭോക്താക്കളുടെ വിശ്വാസമാണ് കമ്പനിയുടെ നിലനില്‍പ്പ്. ഫോബ്സ് പട്ടികയിലെ ഏഷ്യാ-പസഫിക്കിലെ 200 കമ്പനികളുടെ പട്ടികയില്‍ ഇടം നേടുകകൂടി ചെയ്തതോടെ കിറ്റെക്സിന്റെ പേര് മാനംമുട്ടെ ഉയര്‍ന്നു. 

കേരളത്തില്‍ ഒരു വ്യവസായം ഒരുപോറലുപോലും ഏല്‍ക്കാതെ 50 വര്‍ഷം വിജയിപ്പിക്കുകയെന്നത് ചില്ലറക്കാര്യമല്ല. രാഷ്ട്രീയ സമ്മര്‍ദ്ദവും ഇടപെടലുകളും അത്രമാത്രമുണ്ട്. പക്ഷേ,  ജീവനക്കാരെ പൂര്‍ണ്ണമായും സംതൃപ്തരാക്കിയാല്‍ ഒന്നിനെയും പേടിക്കേണ്ട. കിറ്റെക്സ് അന്ന ഗ്രൂപ്പിന്റെ വിജയ രഹസ്യം അതാണ്. ജോലിക്കാര്‍ക്ക് ഒരു പരാതിയും ഉണ്ടാകാതെയാണ് ഇത്രയുംകാലം കമ്പനി പ്രവര്‍ത്തിച്ചത്. മത്സ്യവും മാംസവുമുള്‍പ്പെടെയുള്ള വിഭവങ്ങളടങ്ങിയ സൗജന്യ ഭക്ഷണം, 9000 ജീവനക്കാര്‍ക്ക് മികച്ച താമസ സൗകര്യം, മറ്റു സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യവും. ഇതെല്ലാം കിട്ടിയപ്പോള്‍, തൊഴിലാളികള്‍ ഹാപ്പി. തൊഴിലാളികളുടെ സംതൃപ്തി അവരുടെ കാര്യക്ഷമതയിലുമുണ്ട്. കരാര്‍ തൊഴില്‍ എന്ന സമ്പ്രദായം പോലും കിറ്റെക്സിന് നടപ്പാക്കേണ്ടി വന്നിട്ടില്ല. സ്വീപ്പര്‍ മുതല്‍ മുകളിലോട്ടുള്ള 15,000പേരും ഇവിടെ സ്ഥിരം ജീവനക്കാര്‍. കമ്പനിയില്‍ യൂണിയനുണ്ടാക്കാനായി സിപിഎം നേതൃത്വത്തില്‍ ഒരിക്കല്‍ പുറത്ത് സമരങ്ങള്‍ അരങ്ങേറി. പക്ഷേ, ഒരു ജീവനക്കാരന്‍ പോലും ഒപ്പമുണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ അവര്‍തന്നെ പിന്മാറിയതും ചരിത്രം. 2025 ആകുമ്പോള്‍ 30,000 പേര്‍ക്ക് ജോലി നല്‍കുകയാണ് കിറ്റെക്‌സിന്റെ ലക്ഷ്യം.

ട്വിൻ്റിയുടെ സമൃദ്ധി

അന്ന-കിറ്റെക്‌സിലൂടെ കിഴക്കമ്പലം വ്യാവസായികമായി ഏറെ വളര്‍ന്നു. ആളുകള്‍ക്കൊക്കെ ജോലിയായി. പക്ഷേ, കാര്‍ഷിക മേഖലയില്‍ മാത്രം ഉണര്‍വില്ല. പാടങ്ങളെല്ലാം തരിശുകിടക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. നാട്ടുകാര്‍ എന്തുകൊണ്ടാണ് കൃഷി ചെയ്യാത്തത്? കിറ്റെക്‌സ് എംഡിയായ സാബു ജേക്കബിന്റെ ചിന്തയിലുണര്‍ന്ന ചോദ്യമിതായിരുന്നു. കൃഷിയിറക്കാനുള്ള ഭാരിച്ച ചെലവ്, കൃഷി നഷ്ടമാകുമെന്ന ആശങ്ക. ചോദ്യത്തിന് എളുപ്പം ഉത്തരം കിട്ടി. ഒപ്പം, അതിനുള്ള പോംവഴിയും. എല്ലാവരുടെയും ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കി നല്‍കുക, കൃഷിയിറക്കാന്‍ വിത്തുംവളവും നല്‍കുക, കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുക, തോടുകളും കുളങ്ങളും വീണ്ടെടുക്കുക. സാബു ജേക്കബിന്റെ തലയിലുദിച്ച ആ ആശയമാണ് 850 ഏക്കറോളം വരുന്ന തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കിയതിന് പിന്നില്‍. ഏതാണ്ട് അത്രയുംതന്നെ പ്രദേശത്ത് പച്ചക്കറി കൃഷിയും തുടങ്ങി. നാണ്യവിളകള്‍ക്കും നല്ലകാലം വന്നു. ഇന്ന് കിഴക്കമ്പലം പഞ്ചായത്തിലുള്ളവര്‍ക്കു വേണ്ട ഭക്ഷ്യധാന്യങ്ങളുടെ ഏറിയ പങ്കും ഇവിടെത്തെന്നെ ഉല്‍പാദിപ്പിക്കുന്നു.

നാടിന്റെയും നാട്ടുകാരുടെയും മുഴുവന്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുകയായിരുന്നു അടുത്തജോലി. ഇതിനായി സര്‍വെ നടത്തി. വീടില്ലാത്തവര്‍, ശുചിമുറിയില്ലാത്തവര്‍, രോഗികള്‍, ജോലി ചെയ്യാനാവാത്തവര്‍, കുടിവെള്ളം കിട്ടാത്തവര്‍.... തുടങ്ങിയവ സര്‍വേയിലൂടെ മനസ്സിലാക്കി. സാമ്പത്തിക ഭദ്രതയുള്ളവരെ വിളിച്ചുകൂട്ടി നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരുന്നു ആദ്യശ്രമം. പക്ഷേ, സമയവും പണവും നഷ്ടപ്പെടുത്താനുള്ള പരിപാടിയായി മാത്രമാണ് അവരിലേറെയും അതിനെ കണ്ടത്. ഒടുവില്‍ നാടുനന്നാക്കാനുള്ള ദൗത്യം സാബു എംജേക്കബും സഹോദരന്‍ ബോബി എം. ജേക്കബും ഏറ്റെടുത്തു. ആരും സഹകരിച്ചില്ലെങ്കിലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കില്ലെന്ന് അവര്‍ ദൃഢനിശ്ചയമെടുത്തു. അങ്ങനെയാണ് കിഴക്കമ്പലത്തിന്റെ വികസനത്തിനായി ട്വന്റി 20 എന്ന പേരില്‍ ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് സംഘടന രൂപീകരിച്ചത്. 2013-ലായിരുന്നു അത്. ഏഴുവര്‍ഷത്തിനകം കിഴക്കമ്പലത്തെ മാതൃകാ പഞ്ചായത്താക്കുകയായിരുന്നു ലക്ഷ്യം.

കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ റോഡുകളും വീതികൂട്ടി റബറൈസ്ഡ് ടാറിങ് നടത്താന്‍ പദ്ധതി തയ്യാറാക്കി. 75കിലോ മീറ്റര്‍ റോഡില്‍, 27.5 കിലോമീറ്റര്‍ വീതി കൂട്ടിക്കഴിഞ്ഞു. റബറൈസ്ഡ് ടാറിങ് ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഡ്രെയിനേജ്, യൂട്ടിലിറ്റി സംവിധാനങ്ങള്‍ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലായിരുന്നു നിര്‍മ്മാണം. ഒരുവശത്ത് ഇലക്ട്രിക് പോസ്റ്റുകള്‍, മറുവശത്ത് എല്‍ഇഡി ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ്.

എൻ്റെ വീട്

'എന്റെ വീട്' പദ്ധതിയില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കി. ലക്ഷം വീടുകള്‍ ഒറ്റവീടാക്കി. വര്‍ഷം 200 വീടുകള്‍ വച്ചായിരുന്നു പദ്ധതി. എല്ലാവീടുകളിലും ജൈവപച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗ്രോബാഗുകള്‍ നല്‍കി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വിതരണം ചെയ്തത് 40,000 ഗ്രോബാഗുകള്‍.  കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുടിവെള്ളസംരക്ഷണത്തിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. തോടുകള്‍ ആഴംകൂട്ടി, തടയണകള്‍ കെട്ടി ജലം സംരക്ഷിച്ചു, 40 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു, എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു. എല്ലാം സൗജന്യമായി.... ട്വന്റി 20യുടെ നന്മകള്‍ അവസാനിക്കുന്നില്ല.  മാരകരോഗങ്ങള്‍ പിടിപെട്ട പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം സൗജന്യമായി പാലും മുട്ടയും, ഉച്ചഭക്ഷണത്തിനൊപ്പം കോഴിക്കറിയും മീനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്‌കൂള്‍ ബസ്സ്, അങ്കണ്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും, ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം, നാലിടത്ത് സൗജന്യ വൈഫൈ....സര്‍ക്കാരും പഞ്ചായത്തും ചെയ്യേണ്ടതെല്ലാം ട്വന്റി 20 നല്‍കുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ട്വന്റി 20 എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും തുടങ്ങി. കിഴക്കമ്പലം പഞ്ചായത്തിലുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഇവിടെനിന്ന് പലചരക്കും പച്ചക്കറിയുമെല്ലാം വാങ്ങാം. 1500 രൂപയ്ക്ക് ഒരു കുടുംബത്തിന് സുഖമായി ജീവിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പൊതുവിപണിയിലേതിനേക്കാള്‍ മൂന്നിലൊന്ന് വിലമാത്രം. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലുള്ളവരെ നാലുവിഭാഗമാക്കി തിരിച്ചാണ് വിതരണം. വരുമനമില്ലാതെ അവശത അനുഭവിക്കുന്ന 600 കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് സാധനങ്ങള്‍ നല്‍കുന്നത്. റോഡിന് വീതികൂട്ടാനും മറ്റും സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ക്ക് പണം നല്‍കേണ്ട. കിഴക്കമ്പലത്തെ വീടുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റുമാണ് ഇവിടെ വില്‍ക്കുന്നത്. 

പഞ്ചായത്ത് പിടിച്ച കഥ

സര്‍ക്കാരും പഞ്ചായത്തുമെല്ലാം ചെയ്യേണ്ടത്, ട്വന്റി 20 ചെയ്തപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അത്ര രസിച്ചില്ല. ട്വന്റി 20 കൊണ്ടുവരുന്ന വികസന പദ്ധതികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് അവര്‍ മുടക്കി. കിഴക്കമ്പലത്ത് കുടിവെള്ളം വലിയ പ്രശ്‌നമായിരുന്നു. നാല്‍പ്പത് വീടുകള്‍ക്ക് കുടിവെള്ളമെടുക്കാന്‍ ഒരു ടാപ്പാണുണ്ടായിരുന്നത്. വെള്ളമെത്തുന്നതാകട്ടെ വല്ലപ്പോഴും മാത്രം. കുഴല്‍ക്കിണറുകള്‍ കുഴിച്ച് എല്ലാവീട്ടിലും ടാപ്പ് സ്ഥാപിച്ച് 24 മണിക്കൂറും വെള്ളം കിട്ടുന്ന അവസ്ഥയുണ്ടാക്കി. പദ്ധതിക്കായി മുഴുവന്‍ തുകയും മുടക്കിയത് കിറ്റെക്‌സായിരുന്നു. എന്നാല്‍ കുഴല്‍ക്കിണര്‍ കുഴിക്കാനാവില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് എതിര്‍ത്തു. ഒടുവില്‍, ജനകീയ സമരത്തിന് മുന്നില്‍ പഞ്ചായത്ത് മുട്ടുമടക്കി.

വികസനത്തെ എതിര്‍ക്കുന്ന പഞ്ചായത്തിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങള്‍ക്ക് അടുപ്പമില്ലാതായിത്തുടങ്ങി. 2015ലെ ഓണക്കാലത്ത് അത് ഒന്നുകൂടി ഇരട്ടിച്ചു. ട്വന്റി 20 തുടങ്ങിയ ഓണച്ചന്ത പോലീസിനെ ഉപയോഗിച്ച് ബലമായി പൂട്ടിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചു. ഒപ്പം, കളക്ടറെക്കൊണ്ട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പച്ചക്കറിയും പലചരക്ക് സാധനവുമൊക്കെ പൊതുവിപണിയിലേതിനേക്കാള്‍ വളരെ വിലകുറച്ചായിരുന്നു ചന്തയില്‍ നല്‍കിയത്. ഒപ്പം, ടിവിയും ഫ്രിഡ്ജുമൊക്കെ പാതി വിലയ്ക്കും. ഇതാണ് അവര്‍ പൂട്ടിച്ചത്. പഞ്ചായത്ത് നടപടിക്കെതിരെ ട്വന്റി 20 കോടതിയില്‍ പോയി. അനുകൂല വിധിയുണ്ടായി. വികസനത്തിന് പഞ്ചായത്ത് തുരങ്കംവച്ചതോടെയാണ്, പഞ്ചായത്ത് ഭരണം കിട്ടിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്ന തോന്നലുണ്ടായത്. ആ തോന്നല്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി.

2015 ഡിസംബര്‍ ഏഴ്.  രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസംഘടനയുടെയോ പിന്‍ബലമില്ലാതെ ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിച്ചു. ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു അത്. രാഷ്ട്രീയ നേതൃത്വങ്ങളെ തുടച്ചുമാറ്റി ജനങ്ങള്‍ ട്വന്റി 20യെ വിശ്വസിച്ച് പഞ്ചായത്ത് ഭരണം ഏല്‍പ്പിച്ചു. കിഴക്കമ്പലത്തെ 19 വാര്‍ഡുകളില്‍ 17 എണ്ണത്തിലും ട്വന്റി 20യുടെ പ്രതിനിധികള്‍ ജയിച്ചു കയറി.  

 ഇതിനിടെ, സംസ്ഥാന സര്‍ക്കാറിന്റെ ചില നയങ്ങള്‍ ട്വന്റി 20യുടെ വികസന പദ്ധതിക്ക് തിരിച്ചടിയായി. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കണമെന്നാണ് ട്വന്റി 20യുടെ നിലപാട്. എന്നാല്‍, സര്‍ക്കാരിന്റെ ലൈഫ് പദ്ധതി മാനദണ്ഡങ്ങള്‍ അര്‍ഹരായ പലരും പുറത്താകാനിടയാക്കി. വീടുകള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഡിസൈന്‍ വേണമെന്ന നിബന്ധനയും തിരിച്ചടിയായി. ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഡിസൈനില്‍ വീട് നിര്‍മ്മിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ട്വന്റി 20 യുടെ നിലപാട്. കിഴക്കമ്പലത്ത് അങ്ങനെയാണ് ട്വന്റി 20 വീട് നിര്‍മ്മിച്ചുനല്‍കുന്നതും.  ഇത് തുടര്‍ന്നും നല്‍കാന്‍ ചിലപ്പോള്‍ നിയമപ്പോരാട്ടം തന്നെ വേണ്ടിവരും. ജനങ്ങള്‍ക്കായി അതിനും അവര്‍ തയ്യാര്‍.

എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും വീട്, എല്ലായിടത്തും കൃഷി...ലക്ഷ്യം പൂര്‍ത്തിയാകാന്‍ ഇനി അധികനാളില്ല. കിഴക്കമ്പലം മാതൃകാ പഞ്ചായത്തായി 2020-ല്‍ പ്രഖ്യാപിക്കപ്പെടും. ഒരുപക്ഷേ, ലോകം മുഴുവന്‍ മാതൃകയാക്കാന്‍ പറ്റിയ മറ്റൊരു വികസന മോഡല്‍ വേറെയുണ്ടാവില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.