ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കല്‍: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെടി‌എം

Saturday 5 May 2018 5:20 pm IST

കൊച്ചി: അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നതും ഈ ദുസ്ഥിതി പരിഹരിക്കാന്‍ പൊതുജനാഭിപ്രായം വേണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് കെടിഎം പ്രസിഡന്റ്  ബേബി മാത്യു പറഞ്ഞു. 

ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളുമെല്ലാം മുന്‍കൈയെടുത്ത് അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.  ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുക മാത്രമല്ല വിനോദസഞ്ചാരികള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ദിനങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരടക്കം മുന്‍കൈ എടുക്കണം. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ഈ മേഖലയിലേതടക്കമുള്ള എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 

ആശുപത്രി, പാല്‍, പത്രം എന്നിവയെപ്പോലെ വിനോദസഞ്ചാരമേഖലയെയും അവശ്യ സര്‍വീസായി കണക്കാക്കി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കമുള്ളവരുടെ അഭിപ്രായത്തെ  കെടിഎം സ്വാഗതം ചെയ്തു. ഹര്‍ത്താലുകളില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്ര ടൂറിസം മന്ത്രി ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.  

ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ടൂറിസം മേഖലയെയാണെന്നും അതുകൊണ്ട് ആ മേഖലയെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കണമെന്നും  അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ അഭിപ്രായത്തോട് യോജിച്ച കെപിസിസി പ്രസിഡന്‍റ്  എംഎം ഹസന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.