ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലും വിളയിക്കാം

Sunday 6 May 2018 3:18 am IST
മെക്‌സിക്കോയും മധ്യ-ദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശങ്ങളെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് പ്രധാന ഉത്പാദകര്‍

വിദേശരാജ്യങ്ങളില്‍ വിളഞ്ഞിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കേരള കാലാവസ്ഥയിലും വിളയിക്കാം. ശ്രദ്ധയോടെയുള്ള പരിചരണം ഉണ്ടെങ്കില്‍ മികച്ച നേട്ടം കൊയ്യാം. മെക്‌സിക്കോയും മധ്യ-ദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശങ്ങളെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് പ്രധാന ഉത്പാദകര്‍. ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോള്‍ ഇന്ത്യയില്‍ പലഭാഗങ്ങളിലും വിജയകരമായി കൃഷിചെയ്യുന്നുണ്ട്. 

കള്ളിച്ചെടിയുടെ വര്‍ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് അനുയോജ്യമായി വളരുന്നത്. രൂപഭംഗികൊണ്ട് ആകര്‍ഷകമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ള പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട്, വിപണിയില്‍ ലഭ്യമായ പലതരം ജാം, ജ്യൂസ്, കാന്‍ഡി, വൈന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. 

വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ഇവയുടെ ചെടി നട്ട് പന്ത്രണ്ടു വര്‍ഷത്തിലാണ് കായ്കള്‍ ഉണ്ടാകുവാന്‍ തുടങ്ങുക. അതിവര്‍ഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശമുള്ള മണ്ണുമാണ്  കൃഷിക്കു അനുയോജ്യം. ആവശ്യത്തിനു ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ഒരേക്കറില്‍ 1700 ചെടികള്‍വരെ നടാം. ഒരു ചെടിയില്‍നിന്നും എട്ടു മുതല്‍ പത്തുവരെ കായ്കള്‍ ലഭിക്കും. ഒരു ഫലത്തിന് 450 ഗ്രാം വരെ തൂക്കം ഉണ്ടാകും. വിപണിയില്‍ കിലോയ്ക്കു 200 മുതല്‍ 300 വരെ വില ലഭിക്കുന്നുണ്ട്. 

പിത്തായ കൃഷിക്കായി മണ്ണു നന്നായി കിളച്ചു ജൈവവളം ചേര്‍ത്തു ഒരുക്കണം. മണ്ണിന്റെ രാസഘടന പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കില്‍ മറ്റ് മൂലകങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഇതിന്റെ ജൈവവളം. നിലമൊരുക്കിയശേഷം മേല്‍മണ്ണും തയ്യാറാക്കി വച്ചിരിക്കുന്ന വളവും നന്നായി ഇളക്കിച്ചേര്‍ത്ത് കുഴി നിറയ്ക്കണം. കുഴികള്‍ തമ്മില്‍ ഏഴ് അടിയും വരികള്‍ തമ്മില്‍ ഒമ്പത് അടിയും വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. 

ചെടി വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി ഏഴ് അടിയെങ്കിലും നീളം വരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്നു വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി പടര്‍ത്തേണ്ടത്. ഓരോ തൂണിലും രണ്ടു തൈകള്‍ വീതം നടാവുന്നതാണ്.

മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം. ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കാണ്ഡഭാഗം 20 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ച് പോട്ടിങ് മിക്‌സ്ച്ചറില്‍ വളര്‍ത്തിയെടുക്കാം. വിത്തുകളെ ചുറ്റുമുള്ള മാംസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം. നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. 

വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളയ്ക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും. രാത്രിയില്‍ വിടരുന്ന പൂക്കളില്‍ വവ്വാല്‍, രാത്രിശലഭങ്ങള്‍ തുടങ്ങിയ നിശാജന്തുക്കള്‍ വഴിയാണ് പരാഗണം നടക്കുന്നത്. സാഹചര്യങ്ങള്‍ അനുസരിച്ച്, വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങള്‍ക്കകം ഫലം പാകമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.