മധുവിന്റെ വീട്ടില്‍ നിന്ന് വരാപ്പുഴയിലേക്ക് ബിജെപിയുടെ ജീവന്‍ രക്ഷാമാര്‍ച്ച്

Saturday 5 May 2018 7:44 pm IST
ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുന്നു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുന്നു. ആള്‍ക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് അട്ടപ്പാടിയിലെ മധുവിന്റെ വീട്ടില്‍ നിന്ന് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടിലേക്ക് ജീവന്‍ രക്ഷാമാര്‍ച്ച് നടത്തിയാണ് പ്രക്ഷോഭം.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഈ മാസം ഏഴിന് നടക്കുന്ന മാര്‍ച്ച് ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മധുവിന്റെ അമ്മ മല്ലിയില്‍ നിന്നും എ.എന്‍. രാധാകൃഷ്ണന്‍ പതാക ഏറ്റുവാങ്ങി രാവിലെ 9 ന് മണ്ണാര്‍ക്കാട് നിന്നും ചലോ വരാപ്പുഴ മാര്‍ച്ച് ആരംഭിക്കും. മല്ലിയുള്‍പ്പടെ നിരവധിപേര്‍ ഒപ്പമുണ്ടാകും. മാര്‍ച്ച് ഉച്ചയോടെ ലക്കിടിയിലെത്തും. 3.30 ന് വാണിയംകുളം, 5ന് തൃത്താല, 6.30ന് കുന്ദംകുളം, വൈകിട്ട് 7ന് തൃശ്ശൂരിലെത്തും. എട്ടിന് രാവിലെ 8ന് ഊരകത്ത് നിന്ന് യാത്ര ആരംഭിക്കും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ വഴി വൈകിട്ട് മൂന്നിന് പറവൂരിലെത്തും. അവിടെ നിന്നും പതിനായിരത്തോളം വരുന്ന പ്രവര്‍ത്തകരോടു കൂടി വരാപ്പുഴയിലേക്ക് മാര്‍ച്ച് നടത്തും.

റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മുകുന്ദന്‍ എന്ന ചെറുപ്പക്കാരനെ കൊന്ന കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും മാര്‍ച്ചിന് പിന്നിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ശ്രീജിത്തിന്റെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാര തുക ചെങ്ങന്നൂര്‍ ഇലക്ഷന് മുന്‍പ് കൈമാറണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.  

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.