ജ്ഞാനചക്ഷുസ്സുകള്‍ എങ്ങനെയാണ് അറിയുന്നത് ?

Sunday 6 May 2018 3:01 am IST
യോഗികള്‍ പലതരക്കാരുണ്ട്; കര്‍മ്മയോഗികള്‍, ധ്യാനയോഗികള്‍, രാജയോഗികള്‍ എന്നിങ്ങനെ. ആധുനിക കാലത്ത് യോഗികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും യോഗസാധനകള്‍ ചെയ്യുന്ന സംഘടനകളും ധാരാളമുണ്ട്. എല്ലാവരും ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി പ്രയത്‌നിക്കുന്നവര്‍ തന്നെയാണ്

. പക്ഷേ ആത്മസാക്ഷാത്കാരം നേടിയവര്‍ക്കു മാത്രമേ ജീവാത്മ-പരമാത്മാക്കളുടെ തത്ത്വം യഥാര്‍ത്ഥത്തില്‍ അറിയാന്‍ കഴിയുകയുള്ളൂ. കായിക വ്യായാമങ്ങള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ദേഹദാര്‍ഢ്യവും ആരോഗ്യവും നേടി തൃപ്തരാവാം.

അത്രമാത്രം. അവരെയാണ് അകൃതാത്മാനഃ എന്ന് ഭഗവാന്‍ വിശേഷിപ്പിച്ചത് എന്താണ്. 'അകൃതാത്മാനഃ'- എന്ന പദത്തിന്റെ വിവരണം? ശ്രീരാമാനുജാചാര്യര്‍ വിശദീകരിക്കുന്നു- (15-11). അവരുടെ മനസ്സ് ഭൗതിക വിഷയസേവയ്ക്ക് അടിമപ്പെട്ട്, ഭൗതിക സുഖത്തിനുവേണ്ടിയോടുകയാണ്. അതിനാല്‍ ഭഗവാനെ ശരണം പ്രാപിക്കുകയോ, ഭഗവാന്റെ പ്രസാദം നേടുകയോ ചെയ്യുന്നില്ല-മത്പ്രവൃത്തി-വിരഹിണഃ= ഭഗവാനെ ശരണം പ്രാപിക്കുന്നതേ ഇല്ല. അതാണ് കാരണം.

ഭഗവാന്‍, തന്റെ സര്‍വാത്മഭാവം വിവരിക്കുന്നു (1512,13,14,15)

ഏവര്‍ക്കും പ്രത്യക്ഷമായിത്തന്നെ അറിയാന്‍ കഴിയുന്ന ഉദാഹരണങ്ങളാണ് ഭഗവാന്‍ വിവരിക്കുന്നത്.

ആദിത്യഗതം തേജഃ യത് (15-12)

സൂര്യനെ നമുക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നു. ഈ സൂര്യനെ ആരാണ് സൃഷ്ടിച്ചതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരും മൃഗങ്ങളും വൃക്ഷലതാദികളും ഭൂമിയില്‍ ഉണ്ടാകുന്നതിനു മുന്‍പെ തന്നെ സൂര്യനുണ്ട് എന്നുറപ്പാണ്. സൂര്യനില്ലെങ്കില്‍ നമുക്ക് ഒന്നും കാണാന്‍ കഴിയില്ല എന്നു തീര്‍ച്ചയാണ്. നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തി പൂര്‍ണമായി ഉണ്ടെങ്കിലും കാര്യമില്ല. എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കിലും സൂര്യന്റെ പ്രകാശം ആവശ്യമാണ്. സൂര്യനില്‍നിന്നാണ് പ്രവര്‍ത്തനശക്തിയും കിട്ടുന്നത്. അതുകൊണ്ട്-

''അഖിലം ജഗത്ഭാസയതേ''-എന്നുപറഞ്ഞു. ഈ പ്രപഞ്ചത്തിലെ സര്‍വ്വവിധത്തിലുള്ള വസ്തുക്കളെയും പ്രപഞ്ചത്തെ ആകെയും, പ്രകാശിപ്പിക്കുന്നതും അവയ്ക്ക് പ്രവര്‍ത്തന ശക്തി നല്‍കുന്നതും സൂര്യനാണ് എന്നു ഭഗവാന്‍ പറയുന്നു. ആ സൂര്യനില്‍ എപ്പോഴും കുറയാതേയും കൂടാതെയും തേജസ്സ് പൂര്‍ണമായി നിലനില്‍ക്കുന്നു.

തത് തേജഃ മാമകം വിദ്ധി- (15-12)

ആ തേജസ്സ് എന്റെ തന്നെ തേജസ്സാണെന്ന് നീ അറിയൂ. ഭഗവാന്‍ അര്‍ജ്ജുനനോടാണ് പറയുന്നതെങ്കിലും എല്ലാമനുഷ്യരെയും ഉദ്ദേശിച്ചാണെന്ന് നാമോര്‍ക്കണം. സൂര്യന് ആദ്യം തേജസ്സില്ലായിരുന്നു, ഭഗവാന്‍ പിന്നീട് കൊടുത്തതാണ്, എന്ന് തെറ്റായി വ്യാഖ്യാനിക്കരുത്. സൂര്യന്‍ ഭഗവാനില്‍നിന്നാണ് ഉണ്ടായതെന്നും ഉണ്ടാകുമ്പോള്‍ എന്നെ ഭഗവാന്‍ തേജസ്സു നല്‍കിയിരുന്നു എന്ന് ഓര്‍ക്കുക. ''ചക്ഷോഃ സൂര്യോ അജായത (=ഭഗവാന്റെ കണ്ണില്‍നിന്നാണ് സൂര്യന്‍ ജനിച്ചത്) എന്നും പുരുഷസൂക്തത്തില്‍ പറയുന്നു. അങ്ങനെ സൂര്യന്‍, ശ്രീകൃഷ്ണ ഭഗവാനില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന-ഭൗതിക പ്രപഞ്ചത്തില്‍ നില്‍ക്കുന്ന ഭഗവച്ചൈതന്യ ഘനസ്വരൂപനാണ് എന്ന് നാം മനസ്സിലാക്കണം. സൂര്യനെക്കാണുമ്പോള്‍ ഭഗവാനെത്തന്നെയാണ് കാണുന്നത്. പഴയകാലത്ത്, സൂര്യോദയ സമയത്ത് ഭദ്രദീപവും നിറകുടവും എടുത്ത് അമ്മമാര്‍ സൂര്യഭഗവാനെ സ്വീകരിച്ച്, പടിഞ്ഞാറ്റയില്‍ കൊണ്ടുവച്ച് നമസ്‌കരിക്കാറുണ്ടായിരുന്നുവല്ലോ. ഗീതയിലെ ഈ ശ്ലോകത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിരിക്കുന്നത്. നമുക്ക് നിത്യവും സ്‌നാനം ചെയ്തതിനുശേഷം രണ്ടുകയ്യും കൂട്ടിപ്പിടിച്ച അഞ്ജലിയില്‍ വെള്ളമെടുത്ത് സൂര്യഭഗവാന് അര്‍ഘ്യം നല്‍കി ഈ മന്ത്രം ചൊല്ലി നമസ്‌കരിക്കുക. പ്രാര്‍ത്ഥനാ മന്ത്രം-

''ഓം സൂര്യനാരായണായ നമഃ

സ്വാമിന്‍, പ്രസീദ. പ്രസീദ''

ചന്ദ്രമസി യത് തേജഃ (15-12)

പകല്‍ സമയത്ത് നമുക്ക് സൂര്യന്റെ രൂപത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ഭഗവാനെ കണ്ടുകൊണ്ട് ജീവിതം നയിക്കാന്‍ കഴിയും. രാത്രിയില്‍ എങ്ങനെ ഭഗവാനെ കാണാന്‍ കഴിയും? ചന്ദ്രനിലെ തേജസ്സും എന്റെ തേജസ്സ് തന്നെയാണെന്ന് അറിയൂ എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ മനസ്സില്‍നിന്നാണ് ചന്ദ്രന്‍ ആവിര്‍ഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.