ഈശ്വരകൃപയും ആത്മകൃപയും

Sunday 6 May 2018 3:18 am IST

മക്കളേ,

 പല മക്കളും പരാതി  പറയാറുണ്ട്, ജീവിതത്തില്‍ കഷ്ടപ്പാടാണ്,  ഈശ്വരന്‍ ഞങ്ങളില്‍ കൃപ ചൊരിയുന്നില്ല എന്ന്. ഈശ്വരന്‍ എപ്പോഴും നമ്മില്‍ കൃപ വര്‍ഷിക്കുന്നുണ്ട്. എന്നാല്‍, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, നമ്മുടെ ഭാഗത്തുനിന്നുള്ള കൃപ കൂടി ഉണ്ടാകണം. അതിനെ ആത്മകൃപ എന്നു പറയും. ഈശ്വരന്‍ കൃപ ചൊരിഞ്ഞാലും അതു സ്വീകരിക്കുവാനുള്ള മനസ്സ് നമുക്കില്ലെങ്കില്‍ ആ കൃപ നമുക്ക് പ്രയോജനപ്പെടുകയില്ല. പകല്‍ സമയം മുറിയുടെ വാതിലുകളെല്ലാം  അടച്ചിട്ടതിനുശേഷം എനിക്കു മാത്രം സൂര്യന്‍ പ്രകാശം തരുന്നില്ല എന്നു വിലപിച്ചിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എല്ലായിടത്തുമുണ്ട്. അതു സ്വീകരിക്കുവാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി. അതുപോലെ അവിടുന്നു നമ്മില്‍ സദാ കൃപ ചൊരിയുന്നുണ്ട് അതു ലഭിക്കുവാന്‍ നമ്മുടെ ഹൃദയത്തിന്റെ അടഞ്ഞ വാതിലുകള്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയെക്കാള്‍ ആദ്യം നമ്മുടെ മനസ്സിന്റെ കൃപ അഥവാ ആത്മകൃപ നമുക്കു കിട്ടണം.

കുട്ടികള്‍ക്കു പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി മോഡറേഷന്‍ കൊടുക്കാറുണ്ടല്ലോ. എല്ലാവര്‍ക്കും മോഡറേഷനുണ്ടെങ്കിലും, അതു കിട്ടണമെങ്കില്‍ കുറഞ്ഞത് ഇത്ര മാര്‍ക്ക് എങ്കിലും വാങ്ങിയിരിക്കണമെന്നുണ്ട്; ഒന്നും പഠിക്കാത്തവര്‍ക്കു മോഡറേഷന്‍ കിട്ടില്ല. അതുപോലെ ഈശ്വരകൃപ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ ശരിയായ മനോഭാവവും നമ്മുടെ ഭാഗത്തുനിന്നു പ്രയത്‌നവും ആവശ്യമാണ്. സ്വയംവര സമയത്തു രുക്മിണി സ്വന്തം കരം നീട്ടിക്കൊടുത്തതു കൊണ്ടാണു ശ്രീകൃഷ്ണനു രുക്മിണിയെ തേരിലേക്കു പിടിച്ചുയര്‍ത്തുവാനായത്.  നമുക്ക് നല്ലതുവരുവാന്‍ അതിനനുകൂലമായ ഒരു ചുവടുവയ്പ് അത്യാവശ്യമാണ്.

ഒരാള്‍, നമുക്ക് ഒരു സമ്മാനം തരാനായി കൈനീട്ടുന്നേരം നമ്മള്‍ ഗര്‍വ്വോടെ നിന്നാല്‍, ''ഓ, ഇവന്‍ ഇത്ര അഹങ്കാരിയാണല്ലേ; ഇവനിതു കൊടുക്കേണ്ട, മറ്റാര്‍ക്കെങ്കിലും നല്‍കാം,'' എന്നു ചിന്തിച്ച്  അതു കൊടുക്കാതിരിക്കും. പ്രയോജനകരമായ ആ വസ്തു ലഭിക്കാനുള്ള  ആത്മകൃപ അയാള്‍ക്കു ഇല്ലാതെപോയി. 

നമ്മള്‍ എത്രയധികം കര്‍മ്മങ്ങള്‍ ചെയ്തു എന്നതിലുപരി എന്തു മനോഭാവത്തോടെ ചെയ്തു എന്നതും പ്രധാനമാണ്. രാമരാവണയുദ്ധസമയത്ത് രാമസേതുവിന്റെ നിര്‍മ്മാണത്തില്‍ ബലവാന്മാരായ അനേകം വാനരന്മാര്‍ പങ്കുചേര്‍ന്നു. ഒപ്പം ഒരു അണ്ണാരക്കണ്ണനും കൂടി. അണ്ണാരക്കണ്ണന്റെ പങ്ക് നിസ്സാരമായിരുന്നെങ്കിലും അവനാണ് ശ്രീരാമന്റെ കൃപയ്ക്ക് ഏറ്റവും അധികം പാത്രമായത്. അവന്റെ പൂര്‍ണ്ണ സമര്‍പ്പണമാണ് ഭഗവാന്റെ കൃപയെ ആകര്‍ഷിച്ചത്.

നല്ല കര്‍മ്മത്തിനു നല്ല ഫലവും ചീത്ത കര്‍മ്മത്തിനു ചീത്തഫലവും വിധിക്കാന്‍ മാത്രമായിരിക്കുന്ന വെറും ഒരു ന്യായാധിപനല്ല ഈശ്വരന്‍. അവിടുന്ന് അതിലുമുപരി കൃപാലുവാണു്. നമ്മുടെ തെറ്റുകള്‍ ക്ഷമിച്ചു നമ്മില്‍ കാരുണ്യം വര്‍ഷിക്കുന്ന കൃപാനിധിയാണ് ഈശ്വരന്‍. പക്ഷേ, നമ്മുടെ ഭാഗത്തുനിന്നും ആ കൃപയ്ക്കു പാത്രമാകാന്‍ അല്‍പമെങ്കിലും പ്രയത്‌നമുണ്ടായെങ്കിലേ അവിടുത്തേക്കു നമ്മെരക്ഷിക്കാനാവൂ. നമ്മുടെ ഭാഗത്തുനിന്നും അതുണ്ടാവുന്നില്ലെങ്കില്‍ കാരുണ്യമൂര്‍ത്തിയായ അവിടുന്നു വര്‍ഷിക്കുന്ന  കൃപ നമുക്കു സ്വീകരിക്കാനാകാതെ പോവും. അത് അവിടുത്തെ കുറ്റമല്ല; നമ്മുടെ കുറ്റമാണ്.ഒരു ധനികനായ പിതാവിന് രണ്ടു മക്കളുണ്ടായിരുന്നു. അവര്‍ ഉന്നത വിദ്യാഭ്യാസം നേടി വലിയ പദവികളിലെത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ അവരെ ഏറ്റവും മികച്ച സ്‌കൂളില്‍ ചേര്‍ത്തു. മൂത്ത മകന് പഠനത്തില്‍ ഉത്സാഹമില്ലായിരുന്നു. അച്ഛന്‍ പല തവണ ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. അതിനാല്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അവന് ഉന്നത വിദ്യാഭ്യാസം നേടാന്‍  കഴിഞ്ഞില്ല.  അതിനുള്ള ആത്മകൃപ അവനുണ്ടായില്ല. രണ്ടാമത്തെ മകന്‍ ഉത്സാഹിയായിരുന്നു. അനുസരണയുള്ളവനായിരുന്നു. വിനയശീലമുള്ളവനായിരുന്നു. മാത്രമല്ല കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സും അവനുണ്ടായിരുന്നു. അക്കാരണങ്ങളാല്‍ ജീവിതത്തില്‍ മഹത്തായ സ്ഥാനങ്ങളിലെത്താന്‍ അവനു കഴിഞ്ഞു. തനിക്കു ലഭിച്ച ഈശ്വരകൃപയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനുള്ള ആത്മകൃപ അവനുണ്ടായിരുന്നു.

മഹാഭാരതയുദ്ധവും കൗരവരുടെ നാശവും ഒഴിവാക്കാന്‍ ഭഗവാന്‍ ആഗ്രഹിച്ചു. ഒരു വീടെങ്കിലും പാണ്ഡവര്‍ക്കു നല്‍കാന്‍ അവിടുന്ന് ദുര്യോധനനോട് അപേക്ഷിച്ചു. എന്നാല്‍ അഹങ്കാരവും വൈരബുദ്ധിയും കാരണം ദുര്യോധനന്‍ ആ അപേക്ഷ തള്ളിക്കളഞ്ഞു. ഫലം സര്‍വ്വനാശമായിരുന്നു. ഭഗവാന്റെ കൃപ സ്വീകരിക്കാനുള്ള ആത്മകൃപ ദുര്യോധനനുണ്ടായില്ല.

ജോലിക്ക് ആളെ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളില്‍ പരസ്യങ്ങള്‍ വരാറുണ്ട്. ഇന്ന ഡിഗ്രി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇത്രനീളം, വണ്ണം ഇതൊക്കെ ആവശ്യമുണ്ടെന്ന് അതില്‍ കാണിച്ചിരിക്കും. യോഗ്യതകളുള്ള അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും.  ഇന്റര്‍വ്യൂ സമയത്ത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞിട്ടും പലരെയും തിരഞ്ഞെടുത്തു കാണാറില്ല. എന്നാല്‍, ചിലര്‍ അത്ര തന്നെ നന്നായി ഉത്തരം പറഞ്ഞില്ലങ്കിലും അവരെ ജോലിക്ക് തിരഞ്ഞെടുത്തതായി കാണാറുണ്ട്. ഇന്റര്‍വ്യൂ ചെയ്ത ആളിന്റെ മനസ്സില്‍ ഉണ്ടായ അലിവാണ് അതിനു കാരണം. അത് സ്വാഭാവികമായി വരുന്നതാണ്; മനഃപൂര്‍വ്വമല്ല. ആ അലിവിനു കാരണം ഈശ്വരകൃപയാണ്.  ഈശ്വരകൃപ ഉണ്ടെങ്കിലേ നമ്മുടെ പ്രയത്‌നം പൂര്‍ണ്ണമാവുകയുള്ളൂ.

 ഇതു കേള്‍ക്കുമ്പോള്‍,  ചിലരില്‍ മാത്രം കൃപചൊരിയുന്ന ഈശ്വരന്‍ പക്ഷപാതിയല്ലേ എന്നു സംശയം വരാം. ഈശ്വരന്‍ ഒരിക്കലും പക്ഷപാതിയല്ല. അവരിലുള്ള ക്ഷമ,വിനയം,കാരുണ്യം തുടങ്ങിയ നല്ല ഗുണങ്ങളോ അവര്‍ മുന്‍പ് ചെയ്ത സത്കര്‍മ്മങ്ങളോ ആണ് ഈശ്വരകൃപയെ അവരിലേയ്ക്ക് ആകര്‍ഷിക്കുന്നത്. അതിനാല്‍ അത്തരം നല്ല ഗുണങ്ങള്‍ വളര്‍ത്തുവാനും ശരിയായ സമര്‍പ്പണഭാവത്തോടെ ഉത്സാഹപൂര്‍വ്വം പ്രയത്‌നിക്കുവാനും നമ്മള്‍ ശ്രദ്ധിക്കണം. അപ്പോള്‍ ഈശ്വരകൃപയ്ക്ക് പാത്രമാകാനും എല്ലാ വിജയങ്ങളും കൈവരിക്കാനും നമുക്ക് കഴിയും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.