ചൊവ്വ ദൗത്യവുമായി ഇന്‍സൈറ്റ് യാത്ര തിരിച്ചു

Saturday 5 May 2018 8:24 pm IST
ആകാംക്ഷകള്‍ക്കു വിരാമമിട്ട് നാസയുടെ ചുവപ്പന്‍ സ്വപ്‌നമായ ഇന്‍സൈറ്റ് ചൊവ്വയിലേക്ക് പ്രയാണം ആരംഭിച്ചു

തംപ: ആകാംക്ഷകള്‍ക്കു വിരാമമിട്ട് നാസയുടെ ചുവപ്പന്‍ സ്വപ്‌നമായ ഇന്‍സൈറ്റ് ചൊവ്വയിലേക്ക് പ്രയാണം ആരംഭിച്ചു. ചൊവ്വയുടെ ആന്തരിക ഘടന, ഉത്പത്തി എന്നിവയെ പറ്റി പഠിക്കാനുള്ള നാസയുടെ ദൗത്യമാണ് ഇന്‍സൈറ്റ് (ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക്ക് ഇന്‍വസ്റ്റിഗേഷന്‍). ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.35ഓടെ കാലിഫോര്‍ണിയയിലെ വന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും അറ്റ്‌ലസ് വി റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഇന്‍സൈറ്റ് ചൊവ്വയിലേക്ക് യാത്ര തിരിച്ചത്. 

മുന്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്ന മൂടല്‍മഞ്ഞ് വിക്ഷേപണത്തിന് തടസമാകുമെന്ന് കരുതിയിരുന്നെങ്കിലും ഇന്നലെ ഇതും ഇന്‍സൈറ്റിനു മുന്‍പില്‍ വഴിമാറി. 993 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 6,606 കോടി) ആണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ഇന്‍സൈറ്റ് എത്തുന്നതോടെ കോടി വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചൊവ്വയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ചൊവ്വയില്‍ എങ്ങനെ ഭൂമിയിലേതിനു സമാനമായ കമ്പനങ്ങളുണ്ടാകുന്നു എന്നതിനെ കുറിച്ചായിരിക്കും ഇന്‍സൈറ്റ് പ്രധാനമായും പഠനം നടത്തുകയെന്ന് നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജിം ഗ്രീന്‍ അറിയിച്ചു. ഹിമപാതം, ഉല്‍ക്കാപതനങ്ങള്‍ എന്നിവയെ കുറിച്ചും അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള സീസ്‌മോമീറ്റര്‍ (സീസ്മിക് എക്‌സ്പിരിമെന്റ് ഫോര്‍ ഇന്റീരിയര്‍ സ്ട്രക്ചര്‍ നിര്‍മ്മിച്ചത് ഫ്രഞ്ച് സ്‌പേസ് ഏജന്‍സിയാണ്. 

16 അടി കുഴിക്കാന്‍ കഴിയുന്ന ഉപകരണമായ ഹീറ്റ് ഫ്‌ളോ (ഹീറ്റ് ട്രാന്‍സ്ഫര്‍) വഴി ചൊവ്വയുടെ താപസാന്നിദ്ധ്യം മനസിലാക്കാന്‍ സാധിക്കും. നേരത്തെ വിക്ഷേപിച്ച ചൊവ്വ ദൗത്യത്തിനേക്കാള്‍ 15 ഇരട്ടി ശേഷിയുള്ള ഉപകരണമാണിത്. താപനിലയെക്കുറിച്ച് പഠിച്ച ശേഷം 2030ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.ഇന്നലെ യാത്ര തിരിച്ച ഇന്‍സൈറ്റ് നവംബര്‍ 26നാണ് ചുവന്ന ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വയിലെത്തുക. 

പേടകത്തിലെ സീസ്‌മോമീറ്ററിന്റെ തകരാറു കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇന്‍സൈറ്റിലുള്ള ഒരു സീസ്‌മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള ഭൗമഗ്രഹങ്ങളുടെ ഉല്‍പ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും. 

2010ലാണ് ഇന്‍സൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. 26 മാസമാണ് ഇന്‍സൈറ്റിന്റെ കാലാവധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.