തോക്കുകളെ ന്യായീകരിച്ച് വീണ്ടും ട്രംപ്

Sunday 6 May 2018 2:42 am IST
തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാവുമ്പോള്‍ തോക്കുകളെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്

വാഷിങ്ടണ്‍: തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാവുമ്പോള്‍ തോക്കുകളെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. 

തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ബ്രിട്ടനില്‍ കത്തികള്‍ രക്തച്ചൊരിച്ചിലിന് ഇടയാക്കും എന്നാണ് ട്രംപ് പറഞ്ഞത്. ഡള്ളാസില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോളാണ് ട്രംപ് ബ്രിട്ടനില്‍ അടുത്തിടെ കത്തി ഉപയോഗിച്ചുള്ള അക്രമങ്ങളെ പരാമര്‍ശിച്ചത്.

അന്തരീക്ഷത്തില്‍ മൂന്നു തവണ സാങ്കല്‍പ്പികമായി കത്തി കൊണ്ടു കുത്തുന്നതായി ആഗ്യം കാണിച്ചതിനു ശേഷമായിരുന്നു ട്രംപിന്റെ പ്രസംഗം. അമേരിക്കയിലെ സ്‌കൂളുകളിലും മറ്റിടങ്ങളിലും അക്രമികള്‍ കടന്നുചെന്ന് നിറയൊഴിക്കുന്നതും നിരപരാധികളുടെ മരണവും പതിവായപ്പോഴാണ് തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയന്ത്രിക്കണം എന്ന് ആവശ്യം ശക്തമായത്. ഇക്കാര്യം ഉന്നയിച്ച് അമേരിക്കയിലുടനീളം അടുത്തിടെ പതിനായിരങ്ങള്‍ പങ്കെടുത്ത റാലികള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ തോക്കുകളെ തുടര്‍ച്ചയായി ന്യായീകരിക്കുന്ന ട്രംപ് ഡള്ളാസിലും ഇത് ആവര്‍ത്തിച്ചു. കത്തികള്‍, കത്തികള്‍, കത്തികള്‍... അടുത്തിടെ ലണ്ടനിലെ ഒരു ആശുപത്രിയിലെ സംഭവം പത്രത്തില്‍ വായിച്ചു. തോക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ആ രാജ്യത്ത്. കത്തികളാണ് അവിടെ അപകടകാരികള്‍. കത്തികൊണ്ടുള്ള ആക്രമണത്തിനു ശേഷം ലണ്ടനിലെ ആശുപത്രിയില്‍ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു, ട്രംപ് വിശദീകരിച്ചു. തോക്കുകളെ നിയന്ത്രിച്ചിട്ടു കാര്യമില്ല കത്തികൊണ്ടും അക്രമം നടത്താം എന്നു പറഞ്ഞു വെയ്ക്കുകയായിരുന്നു ട്രംപ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.