കൊറിയകള്‍ക്ക് ഇപ്പോള്‍ ഒരേ സമയം

Sunday 6 May 2018 2:44 am IST
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഏപ്രില്‍ 27ന് ദക്ഷിണകൊറിയയില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. കൊറിയന്‍ മേഖലയിലെ കടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമാവുമെന്നു കരുതുന്ന ഈ ചര്‍ച്ചയ്ക്കു ശേഷം ഉത്തര കൊറിയയാണ് സമയ മാറ്റത്തിനു തീരുമാനമെടുത്തത്

സോള്‍: ഇന്നലെ ഉച്ചയ്ക്ക് ദക്ഷിണ കൊറിയയില്‍ 11.45 ആയിരുന്നപ്പോള്‍ ഉത്തരകൊറിയയില്‍ അതേസമയം 11.15 ആയിരുന്നു. എന്നാല്‍ ഇന്നു മുതല്‍ ദക്ഷിണ കൊറിയയിലെ ക്ലോക്കില്‍ 11.45 ആവുമ്പോള്‍ ഉത്തര കൊറിയയിലും അതേസമയം തന്നെയായിക്കും. ചരിത്ര സംഭവം എന്നു ലോകം വിശേഷിപ്പിച്ച ഉത്തര-ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു ശേഷമാണ് ഈ സമയമാറ്റം.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഏപ്രില്‍ 27ന് ദക്ഷിണകൊറിയയില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. കൊറിയന്‍ മേഖലയിലെ കടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമാവുമെന്നു കരുതുന്ന ഈ ചര്‍ച്ചയ്ക്കു ശേഷം ഉത്തര കൊറിയയാണ് സമയ മാറ്റത്തിനു തീരുമാനമെടുത്തത്. ദക്ഷിണ കൊറിയയുടെ സമയത്തിനു സമാനമായ രീതിയിലേക്കു മാറുകയാണെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു. ഇന്നലെ ആ തീരുമാനം നടപ്പാക്കി. ഇപ്പോള്‍ ഇരു കൊറിയകള്‍ക്കും ഒരേ സമയം.  പതിമൂന്നു വര്‍ഷം മുമ്പു വരെ ഇരു കൊറിയകളും ഒരേ സമയക്രമമാണ് പാലിച്ചിരുന്നത്.

എന്നാല്‍ 2015ല്‍ ഉത്തരകൊറിയ, പ്യോങ്യാങ് ടൈം എന്ന പേരില്‍ സ്വന്തം സമയക്രമമുണ്ടാക്കി. ജപ്പാന്റെ കോളനിവാഴ്ചക്കാലത്തുണ്ടാക്കിയ സമയത്തില്‍ നിന്നു മാറുന്നു എന്നാണ് ഉത്തരകൊറിയ അന്നു പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നിര്‍ണായക ചര്‍ച്ചകള്‍ക്കു ശേഷം ഇരു ജനതകള്‍ക്കുമിടയ്ക്കുള്ള അകലം ഇനിയും കുറയ്ക്കാനുള്ള നടപടി എന്ന വിശേഷണത്തോടെയാണ് ഉത്തരകൊറിയ ഈ തീരുമാനമെടുത്തത്. കിം ജോങ് ഉന്‍ അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെ സമയമാറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.