സിപിഎം - കോണ്‍ഗ്രസ്സ് ബാന്ധവം ഈ കേരളം എത്ര കണ്ടതാ..!

Sunday 6 May 2018 2:55 am IST
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ്സുകളില്‍ മുഖ്യശത്രു ആരാണെന്ന ചര്‍ച്ച പതിവുണ്ട്. 1968-ലെ 8-ാം കോണ്‍ഗ്രസ്സ് നക്‌സലൈറ്റുകളാണ് മുഖ്യശത്രുവെന്ന് തീരുമാനിച്ചു. 1988-ലെ 13-ാം കോണ്‍ഗ്രസ്സില്‍ സംഘപരിവാറിനെ മുഖ്യശത്രുവായി കണ്ടു. എന്നാല്‍ കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരിനെ സിപിഎമ്മും ബിജെപിയും ചേര്‍ന്നു പിന്തുണച്ചു. രണ്ട് കൂട്ടരും മന്ത്രിസഭയില്‍നിന്ന് വിട്ടുനിന്നു എന്നുമാത്രം. എന്നാല്‍ ബുദ്ധിമാന്മാരായ സിപിഐക്കാര്‍ ഇന്ദ്രജിത്ത് ഗുപ്തയെ ആഭ്യന്തരമന്ത്രിയാക്കി ഭരണകൂട പങ്കാളിയായി.

കോണ്‍ഗ്രസ്സ്-സിപിഎം സഖ്യം പുതിയ സംഭവമൊന്നുമല്ല. 1980-ല്‍ തന്നെ കേരളം പരീക്ഷിച്ചതാണ്. ആദ്യ ഇ.കെ. നായനാര്‍ മന്ത്രിസഭ രൂപംകൊണ്ടത് ആന്റണിയുടെ കോണ്‍ഗ്രസ്സും മാണിയുടെ കേരളാകോണ്‍ഗ്രസ്സും ഒരുമിച്ചുനിന്നാണ്. വയലാര്‍ രവിയായിരുന്നു ആഭ്യന്തരമന്ത്രി. കെ.എം. മാണി ധനകാര്യമന്ത്രിയും. പ്രതിപക്ഷനേതാവ് ഇന്ദിരാകോണ്‍ഗ്രസ്സിന്റെ കെ. കരുണാകരനും. ആന്റണിയും മാണിയും ചേര്‍ന്ന് ആ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചു. 1981 ഒക്‌ടോബര്‍ 21-നാണ് അല്‍പായുസ്സായ ഒന്നാം നായനാര്‍ മന്ത്രിസഭ രാജിവക്കേണ്ടിവന്നത്. 

സിപിഎം മുന്നണി വിട്ട് കോണ്‍ഗ്രസ്സ് (ഐ) മുന്നണിയിലേക്ക് കക്ഷികള്‍ മാറിയതുകൊണ്ട് അത് കൂറുമാറ്റം ആകുകയില്ലല്ലോ. പ്രതിപക്ഷനേതാവ് കെ. കരുണാകരന്‍ ഭരണകക്ഷിയുടെ തലവനായത് ഒറ്റരാത്രികൊണ്ടായിരുന്നു!

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരിച്ചുവന്നതോടെ അധികാരത്തിന്റെ ശീതളഛായതേടി ആന്റണിയും സുധീരാദി യുവ ആദര്‍ശകോമളന്മാരും കോണ്‍ഗ്രസ്സ് (ഐ) ല്‍ ലയിച്ചു. 'അഴിമതി വീര'നായ കെ. കരുണാകരനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍നിന്ന് കേരളത്തെ രക്ഷിച്ച ലീഡറാക്കി വാഴ്ത്തി. വി.എം. സുധീരന്‍ ആര്‍എസ്എസ്സിന്റെ ഒരു പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. 1981 ഡിസംബര്‍ 28ന് കെ. കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ മന്ത്രിമാര്‍, കെ.എം. മാണിക്ക് (മുന്നണി ഏതായാലും) സ്വന്തം വകുപ്പായ ധനകാര്യം! 

അന്തംവിട്ടുപോയ സിപിഎം നേതൃത്വം തന്ത്രപരമായി കേരളാകോണ്‍ഗ്രസ്സിലെ ലോനപ്പന്‍ നമ്പാടനെ തിരിച്ച് കാലുമാറ്റിച്ചു. രണ്ടു മുന്നണിക്കും എംഎല്‍എമാര്‍ അതോടെ തുല്യമായി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍ കരുണാകരന്‍ മന്ത്രിസഭയ്ക്ക് പിടിച്ചുനില്‍ക്കേണ്ടിവന്നു. മുഖ്യമന്ത്രി ബുദ്ധിപരമായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. 1982 മെയ് 19ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയും കെ. കരുണാകരന്‍ മൂന്നാമതും കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. തുടര്‍ന്നുള്ള ചരിത്രം നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടതല്ല.

കെ. കരുണാകരന്‍ നാല് തവണയും ഇ.കെ. നായനാര്‍ മൂന്നുതവണയും ഇടയ്‌ക്കെല്ലാം കരുണാകരനെ വെട്ടിവീഴ്ത്തി കോണ്‍ഗ്രസ്സ് മന്ത്രിസഭകളെ രക്ഷിക്കാന്‍ ഏ.കെ. ആന്റണി മൂന്നുതവണയും ഇവിടെ മുഖ്യമന്ത്രിമാരായി. കാലാവധി തികയ്ക്കാന്‍ സമ്മതിക്കാതെ നായനാരെ പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്ചുതാനന്ദന്‍ ഒരുതവണ വീഴ്ത്തിയിട്ടുണ്ട്. ആ അച്ചുതാനന്ദനെ ഒടുക്കം പിണറായിയും വെട്ടിവീഴ്ത്തി. രാഷ്ട്രീയചരിത്രം ഒരു തുടര്‍ സീരിയലായി മുന്നോട്ടുപോകട്ടെ. 

മുഖ്യശത്രു?

കാലാകാലം നടക്കുന്ന സിപിഎം പാര്‍ട്ടികോണ്‍ഗ്രസ്സുകളില്‍ മുഖ്യശത്രു ആരാണെന്ന് ഒരു ചര്‍ച്ച പതിവുണ്ട്. 1968-ലെ 8-ാം കോണ്‍ഗ്രസ്സ് നക്‌സലൈറ്റുകളാണ് മുഖ്യശത്രുവെന്ന് തീരുമാനിച്ചു. 1988-ലെ 13-ാം കോണ്‍ഗ്രസ്സില്‍ സംഘപരിവാറിനെ മുഖ്യശത്രുവായി കണ്ടു. എന്നാല്‍ കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരിനെ സിപിഎമ്മും ബിജെപിയും ചേര്‍ന്നു പിന്തുണച്ചു. രണ്ട് കൂട്ടരും മന്ത്രിസഭയില്‍നിന്ന് വിട്ടുനിന്നു എന്നുമാത്രം. എന്നാല്‍ ബുദ്ധിമാന്മാരായ സിപിഐക്കാര്‍ ഇന്ദ്രജിത്ത് ഗുപ്തയെ ആഭ്യന്തരമന്ത്രിയാക്കി ഭരണകൂട പങ്കാളിയായി. എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിക്കുകയും വി.പി. സിങ് ഗവണ്‍മെന്റ് നിലംപതിക്കുകയും ചെയ്തു. പഞ്ചാബില്‍ സിപിഐ ബിജെപിയേക്കാള്‍ തീവ്രമായിരുന്ന ജനസംഘത്തോടൊപ്പം 1967ന് ശേഷം ഭരിച്ചിട്ടുണ്ട്.

1995-ലെ പാര്‍ട്ടികോണ്‍ഗ്രസ്സാണ് ബിജെപിയും കോണ്‍ഗ്രസ്സും തുല്യശത്രുക്കളാണെന്ന് തീരുമാനിച്ചത്. 16-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് മുതല്‍ക്കാണ് ബിജെപിമാത്രം മുഖ്യശത്രുവാകുന്നത്.

കോണ്‍ഗ്രസ്സിന്റെ ശത്രു?

1967-ല്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവ് അസാധ്യമാണെന്നാണ് കരുതിയിരുന്നത്. 1969-ല്‍ പാര്‍ട്ടിതന്നെ പിളര്‍ന്നു. പിന്നീട് 1970ന് ശേഷം ഇന്ദിരാഗാന്ധിയുടെ ഗ്രൂപ്പാണ് ശക്തിപ്പെട്ട് നെഹ്‌റു കാലഘട്ടത്തേക്കാള്‍ ശക്തിയും അധികാരവും പാര്‍ട്ടിക്ക് ഉണ്ടാക്കിയത്. 2014-ല്‍ എത്തിയപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തില്‍നിന്നുതന്നെ കോണ്‍ഗ്രസ് ഇല്ലാതാകുന്ന അവസ്ഥയിലെത്തി. പതിനെട്ടിലധികം സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലുമെത്തി.

1957-ല്‍ ബാലറ്റ്‌പെട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വൈകാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്നുവരെ പറഞ്ഞവര്‍ ഉണ്ടായിരുന്നു. ആ പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഇന്നു തുല്യദുഖിതരായ അഭയംതേടി പരസ്പരം പുണരാന്‍ ഒരുങ്ങുന്നു.  

മുഖ്യശത്രുക്കളും മുന്നണി ബന്ധങ്ങളും മാറിമറിഞ്ഞുകൊണ്ടിരിക്കും. ഓര്‍മ്മകള്‍ ഇല്ലാത്തവരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരും ചരിത്രം പഠിക്കാത്ത പുതുതലമുറയും തിരഞ്ഞെടുപ്പുവേളകളില്‍ ഉയര്‍ത്തപ്പെടുന്ന മുദ്രാവാക്യങ്ങളുടെ കോലാഹലത്തില്‍ നയിക്കപ്പെടുന്നു എന്നുമാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.