ഹാരിസണ്‍ ഭൂമി: റവന്യൂവകുപ്പ് സുപ്രീംകോടതിയിലേക്ക്

Sunday 6 May 2018 2:36 am IST
ഹാരിസണ്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ റവന്യൂവകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: ഹാരിസണ്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ റവന്യൂവകുപ്പിന്റെ തീരുമാനം. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആക്ഷേപങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അപ്പീല്‍ നല്‍കാന്‍ റവന്യൂവകുപ്പ് തീരുമാനമെടുത്തത്. 

സമയപരിധി കഴിയുംമുമ്പ് അപ്പീല്‍ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത രാജമാണിക്യം കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സിപിഎം താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസില്‍ സര്‍ക്കാര്‍ തോറ്റുകൊടുത്തതെന്നായിരുന്നു ആരോപണം. 

കൈവശമുള്ളതും കൈമാറ്റം ചെയ്തതുമുള്‍പ്പെടെ ഹാരിസണ്‍ മലയാളത്തിന്റെ നാല്‍പതിനായിരം ഏക്കര്‍ വരുന്ന ഭൂമി ഭൂ സംരക്ഷണനിയമപ്രകാരം ഏറ്റെടുത്തുകൊണ്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ ഉത്തരവാണ് ഏപ്രില്‍ ആദ്യം ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിനെതിരെ ഹാരിസണ്‍ മലയാളം നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഉടമസ്ഥത സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ സര്‍ക്കാരിന് സിവില്‍കോടതിയെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനോ ഹാരിസണ്‍ഭൂമി ഏറ്റെടുക്കാന്‍് നിയമനിര്‍മ്മാണം നടത്താനോ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന് പിന്നില്‍ മുന്നണിയിലെ ധാരണക്കുറവാണെന്നായിരുന്നു ആക്ഷേപം. 

  അപ്പീലിന്റെ സാധ്യതകള്‍ പഠിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനോട് റവന്യൂവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നതില്‍ 38000 ഏക്കറെങ്കിലും സര്‍ക്കാരിന്റേതാണെന്നാണ് രാജമാണിക്യത്തിന്റെ കണ്ടെത്തല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.