എന്തുകൊണ്ട് ജില്ല പറ്റില്ല?

Sunday 6 May 2018 3:38 am IST
ചെങ്ങന്നൂര്‍ ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവച്ചപ്പോള്‍ എതിര്‍പ്പുമായി വന്നത് ജനങ്ങളല്ല. വോട്ടര്‍മാരുമല്ല. ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജി ചെറിയാന്‍ പിന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ആസ്ഥാനമായി ജില്ല വേണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവച്ചപ്പോള്‍ എതിര്‍പ്പുമായി വന്നത് ജനങ്ങളല്ല. വോട്ടര്‍മാരുമല്ല. ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജി ചെറിയാന്‍ പിന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍. ജില്ല രൂപീകരിക്കുന്നതിനോട് എന്തിനാണീ എതിര്‍പ്പ്. നടക്കാത്ത കാര്യമെന്ന് രണ്ടു സ്ഥാനാര്‍ത്ഥികളും പറയുന്നു. അവിടെ വികസനം നടക്കേണ്ടെന്നാണോ?

ചെങ്ങന്നൂര്‍ താലൂക്കിലെ ജനസംഖ്യയുടെ അത്രപോലും ജനങ്ങളില്ലാത്ത സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. ഒരു ജില്ലയാകാനുള്ള എല്ലാ യോഗ്യതയും ചെങ്ങന്നൂരിനുമുണ്ട്. ചരിത്രപരമായി ഏറെ പ്രധാനപ്പെട്ട പ്രദേശമാണ് ചെങ്ങന്നൂര്‍. പ്രസിദ്ധമായ ആരാധനാലയങ്ങളുടെ ആസ്ഥാനം മാത്രമല്ല ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളം കൂടിയാണ് ചെങ്ങന്നൂര്‍. ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ സംഭാവന തുലോം കുറവാണ്. രണ്ടു മൂന്നു ഹൈസ്‌ക്കൂളുകളും യുപി സ്‌കൂളും മാറ്റിയാല്‍ മറ്റെല്ലാം സ്വകാര്യ സ്ഥാപനങ്ങളാണ്.

ഇടത് മുന്നണിയും ഐക്യമുന്നണിയും മാറിമാറി ഭരിച്ചിട്ടും ചെങ്ങന്നൂരിന്റെ നേട്ടപട്ടികയില്‍ ഇവരുടെ മുന്‍കൈയില്‍ ഒന്നും നടന്നില്ല. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് റെയില്‍വേ വികസനത്തില്‍ ഒരു കുതിപ്പുണ്ടായത്. ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ വകയായാണ് കോട്ടയത്തേയും ചെങ്ങന്നൂരിന്റെയും റെയില്‍ വികസനത്തിന് ഏറെ തുക ലഭിച്ചത്. ജില്ല രൂപീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ചെങ്ങന്നൂരിനായി കിട്ടുമെന്നുറപ്പാണ്.

പത്തനംതിട്ട ജില്ല എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ചെങ്ങന്നൂരില്‍നിന്നും ആവശ്യമുയര്‍ന്നു. പക്ഷേ പരിഗണിക്കപ്പെട്ടില്ല. ഒരു എംഎല്‍എയുടെ പിന്തുണയ്ക്കാണ് പത്തനംതിട്ട നല്‍കിയതെന്നോര്‍ക്കണം. ചെങ്ങന്നൂര്‍ ജനത മനസ്സുവച്ചാല്‍ ജില്ലയെന്ന സ്വപ്നം പൂവണിയും.

വികസനത്തിന്റെ പേരിലായിരുന്നില്ലേ മലപ്പുറം ജില്ല നല്‍കിയത്. കാസര്‍ഗോഡ്, വയനാട് ജില്ലയും വികസനത്തിനുവേണ്ടി. എന്തുകൊണ്ട് ചെങ്ങന്നൂരിന് വികസിച്ചുകൂടാ. ദക്ഷിണ ഗംഗയായ പമ്പയുടെ തീരത്തുള്ള ചെങ്ങന്നൂരില്‍ ജില്ല എന്നത് അസാദ്ധ്യമൊന്നുമല്ല. ഭഗീരഥ പ്രയത്‌നം കൂടാതെതന്നെ ജനങ്ങള്‍ മനസ്സുവച്ചാല്‍ ജില്ല ലഭിക്കും. ബിജെപി നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ പുറം കാലുകൊണ്ട് തട്ടി മാറ്റുന്നത് രാഷ്ട്രീയ അസഹിഷ്ണുതകൊണ്ടാണ്. വോട്ടര്‍മാര്‍ അത് തിരിച്ചറിയുകതന്നെ ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.