ഹയര്‍ സെക്കന്‍ഡറി പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റമില്ല; അപേക്ഷകള്‍ ഒന്‍പതു മുതല്‍

Saturday 5 May 2018 10:11 pm IST
ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികള്‍ നടപ്പാക്കാതെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കൊച്ചി: ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികള്‍ നടപ്പാക്കാതെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്പക്ടസും മാനദണ്ഡങ്ങളും തന്നെയാവും ഇത്തവണയും ബാധകമാക്കുക. ഈ മാസം ഒന്‍പത് മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. 

ഹൈക്കോടതി, ബാലാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെ അതേ രീതിയില്‍ തന്നെ പ്രവേശനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അണ്‍ എയിഡഡ് സ്‌കൂളുകളിലെയും എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലും ഏകജാലകം ബാധകമാക്കുന്നതായിരുന്നു പ്രധാന ഭേദഗതി. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനും മുന്‍ഗണന കിട്ടുന്നത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഇതും പരിഗണിച്ചില്ല.

മുന്‍വര്‍ഷത്തെ മാനദണ്ഡങ്ങളനുസരിച്ച് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷ സ്വീകരിക്കാനാണ് തീരുമാനം. കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയവരുടെ ഫലം എന്നുവരുമെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതിയതി നീട്ടാനിടയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതികളിലെത്തിയിരുന്നു. 

അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രധാന അലോട്ട്മെന്റുകള്‍ രണ്ടെണ്ണമായിരിക്കും. ട്രയല്‍ അലോട്ടമെന്റ്- മെയ് 25, ഒന്നാം അലോട്ട്മെന്റ് - ജൂണ്‍ 1, രണ്ടാം അലോട്ട്മെന്റ്- ജൂണ്‍11, സപ്ലിമെന്ററി അലോട്ട്മെന്റ്- ജൂണ്‍ 21 മുതല്‍. ജൂണ്‍ 13 ന് ക്ലാസ് തുടങ്ങും.  അപേക്ഷകരുടെ തളളിക്കയറ്റം മൂലം വെബ് സൈറ്റ്് നിശ്ചലമാകുന്നത് ഒഴിവാക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.