അവാര്‍ഡ് വിതരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്: കുമ്മനം

Sunday 6 May 2018 3:27 am IST
അറുപത്തഞ്ച് വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചരിത്രത്തിന്റെ മഹത്തായ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുളവാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അറുപത്തഞ്ച് വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചരിത്രത്തിന്റെ മഹത്തായ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുളവാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

മുമ്പൊക്കെ അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ച് പല പരാതികളും ഉയര്‍ന്നിരുന്നു. അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങിന് ശേഷവും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. 

എന്നാല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഒരു വിധ പരാതികളും ഉയര്‍ന്നിട്ടില്ല. അവാര്‍ഡുകള്‍ ബന്ധപ്പെട്ട മേഖലയിലെ അര്‍ഹതപ്പെട്ടവര്‍ക്കു തന്നെയാണ് ലഭിച്ചിട്ടുള്ളത്. യാതൊരു രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിട്ടില്ല. ജൂറിമാരുടെ തീരുമാനങ്ങള്‍ അവസാനവിധിയായി അംഗീകരിക്കപ്പെട്ടു. വളരെ സുതാര്യമായ അവാര്‍ഡ് പുരസ്‌ക്കാര ചടങ്ങിനെ പരിഹാസ്യമാംവിധം രാഷ്ട്രീയവല്‍ക്കരിച്ച കലാകാരന്മാരുടെ നടപടി സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. 

ഇതിനു മുന്‍പും രാഷ്ട്രപതിയുടെ അസാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ദാനം നടന്നിട്ടുണ്ട്. അന്നൊന്നും കലാകാരന്മാരോട് അവഗണനയോ വിവേചനമോ കാട്ടിയതായി ആരും പരാതിപ്പെട്ടില്ല. 

പ്രതിഷേധം ഇന്നുണ്ടാകുന്നതിന് മുന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഇത് തെറ്റായ കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കുക, അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.