അവിശ്വാസം പാസായി, ഈരാറ്റുപേട്ടയില്‍ ഇടതിന് ഭരണം നഷ്ടമായി

Saturday 5 May 2018 2:29 am IST
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഇടത്‌സ്വതന്ത്രന്‍ പിന്തുണച്ചതോടെ ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. 28 അംഗ കൗണ്‍സിലില്‍ പതിനഞ്ച് പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്

ഈരാറ്റുപേട്ട: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഇടത്‌സ്വതന്ത്രന്‍ പിന്തുണച്ചതോടെ ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. 28 അംഗ കൗണ്‍സിലില്‍ പതിനഞ്ച് പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. ഒരാളൊഴികെ മറ്റ് സിപിഎം അംഗങ്ങള്‍ വിട്ട് നിന്നു. എല്‍ഡിഎഫ് സ്വതന്ത്രന്‍ വി.കെ കബീറിന്റെ പിന്തുണയോടെയാണ് പ്രതിപക്ഷത്തിന്റെ വിജയം.

വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി.കെ കബീര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ച. യുഡിഎഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസത്തെ കേരള ജനപക്ഷത്തെ മൂന്ന് അംഗങ്ങളും പിന്തുണച്ചു.

സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുസ്‌ളിം ലീഗ്- എട്ട്, ജനപക്ഷം-നാല്, കോണ്‍ഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ-രണ്ട്, എസ്ഡിപിഐ- നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതില്‍ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി.

അതേസമയം, തനിക്ക് പാര്‍ട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീര്‍ വ്യക്തമാക്കി. ഈ ഭരണകാലയളവില്‍ ചെയര്‍മാനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണിത്. 

സിപിഎം പ്രതിനിധിയായി ജയിച്ച്  ചെയര്‍മാനായ ടി.എം. റഷീദ് ഇപ്പോള്‍ സിപിഎം അംഗമല്ല. റഷീദിന്റെ മെമ്പര്‍ഷിപ്പ് പാര്‍ട്ടി പുതുക്കി നല്‍കിയിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.