കേരളത്തിലെ ഹൈവേകളില്‍ നഷ്ടപ്പെടുന്നത് മണിക്കൂറുകള്‍ - പി.കെ.ഡി നമ്പ്യാര്‍

Saturday 5 May 2018 10:39 pm IST
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്കുള്ള 140 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുന്ന ദുര്യോഗം നമ്പ്യാര്‍ വിശദീകരിച്ചു.

ന്യൂദല്‍ഹി: കേരളത്തിലെ ദേശീയപാതകളില്‍ നഷ്ടപ്പെടുന്നത് മണിക്കൂറുകളാണെന്ന് ബി സ്‌ക്വയര്‍ ഗ്രൂപ്പ് ഫൗണ്ടര്‍ പി.കെ.ഡി നമ്പ്യാര്‍ പറഞ്ഞു. ഗതാഗതമേഖലയുടെ വികസനവും രാഷ്ട്രീയ ഇച്ഛാശക്തിയും എന്ന വിഷയത്തില്‍ ജന്മഭൂമി കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്കുള്ള 140 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അഞ്ചര മണിക്കൂര്‍ എടുക്കുന്ന ദുര്യോഗം നമ്പ്യാര്‍ വിശദീകരിച്ചു. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ പോലും താണ്ടാനാവാത്ത അവസ്ഥ പരിതാപകരമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കേരളത്തിലെ ഹൈവേ അലൈന്‍മെന്റുകള്‍ മാറുന്ന കാഴ്ച വിചിത്രമാണ്. കാഴ്ചപ്പാടുള്ള നേതൃത്വം കേരളം നേരിടുന്ന ഏറ്റവും വലിയ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 

എത്ര രൂപ വേണമെങ്കിലും കേരളത്തിലെ ഹൈവേ വികസനത്തിനായി നല്‍കാമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രഗതാഗതമന്ത്രിയാണ് നിതിന്‍ ഗഡ്ക്കരി. എന്നാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഇച്ഛാശക്തി കേരളത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ക്കില്ല. 2050ലെ കേരളം എങ്ങനെയാണെന്ന് സ്വപ്‌നം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിമാരുടെ അഭാവമാണ് യഥാര്‍ത്ഥ പ്രശ്‌നം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം മൂന്നുകിലോമീറ്റര്‍ ശരാശരിയില്‍ ദേശീയപാതാ വികസനം നടന്നപ്പോള്‍ നിലവില്‍ 30 കിലോമീറ്ററിലധികമാണ് പ്രതിദിനം നിര്‍മ്മാണം പുരോഗമിക്കുന്നത്.

സുസ്ഥിരമായ കേരളാ വികസന മാതൃക എന്നത് ഇന്നും ഒരു സങ്കല്‍പ്പം മാത്രമാണ്. മുന്നണി സര്‍ക്കാരുകള്‍ വലിയ പരിധിവരെ ഭരണത്തിന് തടസ്സമാണ്. സിപിഎം-സിപിഐ യോജിപ്പുള്ള ഏതെങ്കിലും വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രായപരിധി അമ്പതിന് താഴേക്കെത്തിയാല്‍ മാത്രമേ ഭാവിയെ മുന്‍നിര്‍ത്തിയുള്ള വികസന മാതൃകകളും കാഴ്ചപ്പാടുകളും ഉണ്ടാവൂ എന്നും പി.കെ.ഡി നമ്പ്യാര്‍ പറഞ്ഞു. 

മെട്രോ സര്‍വീസുകളുടെ ലക്ഷ്യം ലാഭമല്ല - ഏലിയാസ് ജോര്‍ജ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.