ശക്തമായ കാറ്റിനും മഴക്കും സാധ്യത; ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

Sunday 6 May 2018 10:30 am IST
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ന്യൂദല്‍ഹി: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന്  ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്ക് ദുരന്തനിവാരണഅതോറിട്ടി അതീവജാഗ്രതാനിര്‍ദേശം നല്‍കി.  മത്സ്യത്തൊഴിലാളികള്‍ കടലില്‍  പോകരുത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ പോലീസ്, വൈദ്യുതി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. 

കന്യാകുമാരി മേഖലയില്‍ രൂപപ്പെട്ട ആകാശ ചുഴി കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനല്‍ മഴ കുറവുള്ള തെക്കന്‍ ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ നല്ല മഴ ലഭിക്കും. 5 ദിവസം വരെ നല്ല മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അതേസമയം, ദല്‍ഹിയിലും കേന്ദ്ര തലസ്ഥാന മേഖലയിലും ഇന്നു ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫരീദാബാദ്, ബല്ലാഭ്ഗഢ്, ഖുര്‍ജ, ഗ്രേറ്റര്‍ നോയിഡ, ബുലന്ദ്ഷര്‍ തുടങ്ങിയ മേഖലകളും ഈ പരിധിയില്‍ ഉള്‍പ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് ആഭ്യന്തര വക്താവ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.