അമര്‍നാഥില്‍ ഹിമ ശിവലിംഗം തെളിഞ്ഞു, തീര്‍ത്ഥാടനം ജൂലൈ 28 മുതല്‍

Monday 7 May 2018 2:05 am IST
മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന മുന്‍കാലത്ത് ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് സംഘടിപ്പിച്ചിരുന്ന തീര്‍ത്ഥാടനം ഇന്ന് ഭീതിയുടെ നിഴലിലാണ് നടക്കുക. തീവ്രവാദികളുടെയും വിഘടന വാദികളുടെയും ആക്രമണം ഭയന്ന് പട്ടാളത്തിന്റെയും പോലീസിന്റെയും അകമ്പടിയിലാണ് യാത്ര.

ശ്മീരിലെ തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഗുഹയില്‍ ഹിമ ശിവലിംഗം രൂപമെടുത്തു. ലോകത്തെ ഏറ്റവും പ്രധാന സ്വയംഭൂമൂര്‍ത്തിയാണ് ഇവിടത്തെ ശിവലിംഗം. സദാ മഞ്ഞു മൂടിക്കിടക്കുന്ന ഇവിടെ മെയ്, ജൂണ്‍ കാലത്താണ് ഈ പ്രതിഭാസം കാണപ്പെടുക. അമരത്വത്തിന്റെ ഇടമാത്രേ ഈ ഗുഹ. അതുകൊണ്ട് ഇവിടം അമര്‍നാഥ് ആയി. പാര്‍വതിയുടെ സാന്നിധ്യത്തില്‍ ശിവന്‍ നടരാജ നൃത്തം ചെയ്തത് ഇവിടെയാണത്രെ. 

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പ്രസിദ്ധമായ അമര്‍നാഥ് തീര്‍ഥാടനം. ഈവര്‍ഷത്തെ തീര്‍ഥാടനം ജൂലൈ 28നു തുടങ്ങും. ഒരു മാസം നീളും. കനത്ത സുരക്ഷാ സംവിധാനത്തോടെ ജമ്മുകശ്മീര്‍  സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീര്‍ഥാടനത്തില്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും  വിദേശത്തുനിന്നുമുള്ള  ഭക്തര്‍ പങ്കെടുക്കും. മതസൗഹാദ്ദം നിലനിന്നിരുന്ന മുന്‍കാലത്ത് ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് സംഘടിപ്പിച്ചിരുന്ന തീര്‍ഥാടനം ഇന്ന് ഭീതിയുടെ നിഴലിലാണ് നടക്കുക. തീവ്രവാദികളുടെയും വിഘടന വാദികളുടെയും ആക്രമണം ഭയന്ന് പട്ടാളത്തിന്റെയും പോലീസിന്റെയും അകമ്പടിയിലാണ് യാത്ര. 

ആഷാഢ പൂര്‍ണിമ മുതല്‍ ശ്രാവണ പൂര്‍ണിമ വരെയാണ് തീര്‍ഥാടന സമയം. രക്തം ഉറയ്ക്കാന്‍ പോന്ന തണുപ്പിനെ വെല്ലുവിളിച്ച് വേണം യാത്ര. സ്വയംഭൂവായ ഹിമ ശിവലിംഗത്തിന് ച ന്ദ്രന്റെ സഞ്ചാരത്തിനനുസരിച്ച് വലിപ്പത്തില്‍ മാറ്റം വരുമത്രെ. പൗര്‍ണമി നാളിലാണ് ഏറ്റവും കൂടുതല്‍ വലിപ്പമുണ്ടാവുക. 

അമരാവതി നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 4000 മീറ്ററോളം ഉയരത്തിലാണ് ഗുഹ. ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ കിഴക്കാണ് ഗുഹ. പഹല്‍ ഗാമില്‍ നിന്ന് ദുര്‍ഘട പാതയിലൂടെ 40 കിലോമീറ്റര്‍ കാല്‍നടയായോ കുതിരപ്പുറത്തോ സഞ്ചരിച്ചുവേണം ഗുഹയില്‍ എത്താന്‍. ശിവലിംഗത്തിനൊപ്പം ശ്രീ പാര്‍വതിയുടെയും ഗണപതിയുടെയും രൂപവും ഗുഹയില്‍ രൂപപ്പെടുമത്രേ.  

ഈ ഭൂ ഭാഗമാകെ  മുന്‍പ് വെള്ളം മൂടിക്കിടന്നതാണെന്നും ഇവിടെയെത്തിയ കശ്യപ മഹര്‍ഷി, നദികളുടെ രൂപത്തില്‍ വെള്ളമാകെ ഒഴുക്കിക്കളഞ്ഞെന്നുമാണ് ഇവിടവുമായി ബന്ധപ്പെട്ട കഥ. പിന്നീട് ഇവിടെയെത്തിയ ഭൃഗു മഹര്‍ഷിയാണത്രെ ഈ ഗുഹ കണ്ടെത്തിയത്. പാര്‍വതിക്ക് പരമ ശിവന്‍ ലോകതത്വം ഉപദേശിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. പാര്‍വതിയുടെ നിരന്തരമായ ആവശ്യത്തിന് ശിവന്‍ വഴങ്ങിയത് ഒരു വ്യവസ്ഥ പ്രകാരമായിരുന്നു. യാതൊരു ജീവജാലങ്ങളുടെയും സാന്നിധ്യമില്ലാത്ത സ്ഥലത്തുവച്ചെ അത് പറയൂ. കാരണം മറ്റുള്ളവര്‍ കേട്ടാല്‍ അവര്‍ക്ക് അമരത്വം കൈവരും. അത് പ്രപഞ്ച നിയമത്തിന് എതിരാണ്. അത്തരം സ്ഥലം തേടിയുള്ള യാത്രയില്‍ അവര്‍ ഈ ഗുഹയിലെത്തി. തന്റെ വാഹനമായ കാള, ശിരോലങ്കാരമായ ചന്ദ്രക്കല, നാഗാഭരണങ്ങള്‍ തുടങ്ങിയവ മാര്‍ഗ്ഗമധ്യേ ഉപേക്ഷിച്ചാണ് മഹാദേവന്‍ ഇവിടെയെത്തിയത്. ഗുഹയില്‍ പ്രവേശിക്കും മുന്‍പ് ശിവന്‍ തറച്ചതെന്നു വിശ്വസിക്കപ്പെടുന്ന ത്രിശൂലം ഗുഹാമുഖത്ത് കാണാം. 

ജീവികളൊന്നും അവിടെ  ഉണ്ടായിരുന്നില്ല. പക്ഷെ ഒരു പ്രാവിന്റെ മുട്ട ഉണ്ടായിരുന്നു. മുട്ടയ്ക്കുള്ളിലെ ജീവന്‍ ഈ കഥ കേട്ടു. ഫലമോ?  ആ മുട്ട വിരിഞ്ഞുണ്ടായ രണ്ടു പ്രാവുകള്‍ ചിരംജീവികളായത്രെ. അവര്‍ ഇന്നും ഗുഹയിലുണ്ടെന്നാണ് വിശ്വാസം.

ജി.കെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.