പത്തിലും ഗ്രേഡിനൊപ്പം മാര്‍ക്കും വേണം

Monday 7 May 2018 2:03 am IST

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ഒഴിവാക്കി ഓരോ വിഷയത്തിന്റെയും ഗ്രേഡുകള്‍ മാത്രം നല്‍കുന്ന രീതി അശാസ്ത്രീയമാണ്. ഗ്രേഡുകള്‍ മാത്രം ചേര്‍ക്കുന്നത് മല്‍സര സ്വഭാവം ഒഴിവാക്കാനാണ് എന്നാണു വാദം. എന്നാല്‍ പുതിയൊരു ക്ലാസിലേക്കു പ്രവേശനം നല്‍കുന്നത് മല്‍സരസ്വഭാവമുള്ള റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായതിനാല്‍ അവിടെ മാര്‍ക്കും അത്യാവശ്യമാണ്.

ഡിഗ്രി പ്രവേശനത്തിന് പ്ലസ്ടുവിനു ലഭിച്ച മാര്‍ക്കാണ് നോക്കുന്നത്. എന്നാല്‍ പ്ലസ്ടു പ്രവേശനത്തിന് പത്തിലെ ഗ്രേഡാണ് ഇപ്പോള്‍ എടുക്കുന്നത്. ഏതെങ്കിലുമൊക്കെ വകുപ്പിലുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എല്ലാ ഗ്രേഡും എപ്ലസില്‍ എത്തുമ്പോള്‍ നന്നായി പഠിക്കുന്ന കുട്ടിക്ക് നല്ല മാര്‍ക്ക് ഉണ്ടെങ്കിലും ഒന്നോ രണ്ടോ ഗ്രേഡ് കുറഞ്ഞാല്‍ പ്രവേശന മല്‍സരത്തില്‍ പിന്നിലാകുന്ന സ്ഥിതിയാണുള്ളത്.

സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിന്റെയൊപ്പം മാര്‍ക്ക് കൂടി നല്‍കുകയും പ്ലസ്ടു പ്രവേശനം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആക്കുകയും വേണം. ഗ്രേസ് മാര്‍ക്കുകള്‍ കിട്ടിയ കുട്ടിക്ക് പിന്നീട് അതിനു വെയിറ്റേജ് നല്‍കാനും പാടില്ല. മാത്രമല്ല, പ്ലസ്ടു  പ്രവേശനത്തിന് അതേ സ്‌കൂളിനും പഞ്ചായത്തിനും നല്‍കുന്ന അശാസ്ത്രീയ വെയിറ്റേജും നിര്‍ത്തലാക്കണം. ഒരു കുട്ടിയും സ്‌കൂളും പഞ്ചായത്തും മാറി പഠിക്കേണ്ടതില്ല എന്ന പിടിവാശി തുല്യനീതിയുടെ ലംഘനമാണ്.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം

രണ്ടിലൊതുങ്ങുന്ന 5 ജി

രാജ്യം ടെലിഫോണ്‍-ഇന്റര്‍നെറ്റ് രംഗത്ത് 5 ജി യിലേക്ക് മുന്നേറുമ്പോള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഇന്നും ബി എസ് എന്‍ എല്‍ നല്‍കുന്നത് 2 ജി സേവനങ്ങള്‍ മാത്രമാണ്. അതിനൊരുദാഹരണമാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഏരിയ. 2016 സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിവേദനം നല്‍കിയതിന്റെ ഭാഗമായി ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ എന്നെ സമീപിക്കുകയും ആറു മാസത്തിനുള്ളില്‍  3 ജി സേവനം ലഭ്യമാക്കുമെന്ന് പറഞ്ഞു രേഖാമൂലം മറുപടി നല്കുകയുമുണ്ടായി. 

പലപ്രാവശ്യം കിളിമാനൂര്‍ ബി എസ് എന്‍ എല്‍ ഓഫിസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നു മനസ്സിലാക്കിയിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.    

പക്ഷെ നാളിതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റു സ്വകാര്യ ടെലിഫോണ്‍ -ഇന്റര്‍നെറ്റ് ദാതാക്കള്‍ നല്‍കുന്ന സേവനങ്ങള്‍ മികച്ചരീതിയില്‍ ലഭ്യമാകുകയും ചെയ്യുന്ന  ഈ സ്ഥലത്ത് ബി എസ് എന്‍ എല്‍ സേവനങ്ങള്‍ എന്തുകൊണ്ട് ലഭ്യമാകുന്നില്ല എന്നത് സംശയാസ്പദമാണ്.

സുനില്‍ കുമാര്‍ കെ.

കിളിമാനൂര്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.