അഗ്നൗയത്തേജഃ (15-12)

Monday 7 May 2018 2:13 am IST

പകലും രാത്രിയിലും ശ്രീകൃഷ്ണഭഗവാനെ കണ്ടുകൊണ്ട് ജീവിതം നയിക്കാനുള്ള ഉപായമുണ്ട്. അഗ്നിയിലെ തേജസ്സു എന്റെ തേജസ്സുതന്നെയാണെന്ന് അറിയണം എന്ന് ഭഗവാന്‍ പറയുന്നു.

കറണ്ട് നഷ്ടപ്പെട്ടാല്‍ അഗ്നിജ്വാലയെ ആശ്രയിക്കാതെ നമുക്ക് ഒരു സാധനവും കാണാന്‍ കഴിയില്ല. മേശ, കസേര, സ്റ്റൂള്‍ മുതലായവയില്‍ തട്ടി വീണു പോകും. പാകം ചെയ്ത ഭക്ഷണം കഴിക്കണമെങ്കില്‍ അഗ്നിയെ ആശ്രയിക്കണം. ജീവിതത്തില്‍ അഗ്നി അനിവാര്യമാണ്. അഗ്നിഭഗവാന്റെ മുഖത്തില്‍ നിന്ന് ഉണ്ടായി

മുഖാദിന്ദ്രശ്ചാനിശ്ച എന്ന് പുരുഷസുക്തം പ്രഖ്യാപിക്കുന്നു. അഗ്നിയെ നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍  ശ്രീകൃഷ്ണ ഭഗവാനെ തന്നെയാണ് കാണുന്നത്. അഗ്നി ഭഗവാനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഭൗതികപ്രപഞ്ചത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവ ച്ചൈതന്യഘനരൂപനാണ്. പൂജാമുറിയില്‍ വിളക്ക് കൊളുത്തുമ്പോഴും ക്ഷേത്രങ്ങളില്‍ വിളക്ക് കൊളുത്തുമ്പോഴും അടുപ്പില്‍ അഗ്നിജ്വലിപ്പിക്കുമ്പോഴും ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തുമ്പോഴും ഹോമം, പൂജ തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് വിളക്ക് കൊളുത്തുമ്പോഴും നാം ഭഗവാനെത്തന്നെയാണ് ആ ദീപജ്വാലകളില്‍ കണ്ടുതൊഴുന്നത് എന്ന സത്യം മറക്കരുത്. സര്‍വ്വ ദേവദേവീസ്വരൂപനാണ് ഭഗവാന്‍. ആ ഭഗവാന്റെ തേജോരൂപമായ അഗ്നിയില്‍ എല്ലാദേവീദേവന്മാരെയും ആവാഹിച്ച് പൂജിക്കാം. അങ്ങനൊരു സൗകര്യവും കൂടിയുണ്ട്. ദുര്‍ഗ്ഗയുടെ വിഗ്രഹത്തില്‍ വേറെ ഒരു ദേവനെയും പൂജിക്കാന്‍ പാടില്ല എന്ന് ശാസ്ത്രം നിഷേധിക്കുന്നുണ്ട്. അഗ്നിയില്‍ ദീപജ്വാലയില്‍ ഏതു ദേവനെ പൂജിച്ചാലും, ആ പൂജ ശ്രീകൃഷ്ണഭഗവാന്റെ പൂജയും കൂടി ആയിത്തീരുന്നു. പൂജാമുറിയില്‍ പ്രഭാതത്തിലും അസ്തമയ സമയത്തും ദീപം ജ്വലിപ്പിച്ചശേഷം നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം. 

''ദീപജ്യോതിഃ പരംബ്രഹ്മ 

ദീപജ്യോതിഃ ജനാര്‍ദ്ദനഃ

ദീപം ഹരതു മേ പാപം

ദീപജ്യോതിര്‍നമോസ്തുതേ''

(ദീപത്തിലെ ജ്യോതിസ്സ് പരബ്രഹ്മം തന്നെയാണ്. ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ്. ആ ദീപം എന്റെ പാപം നശിപ്പിക്കട്ടെ, ദീപജ്യോതിസ്സേ, അങ്ങേക്കു നമസ്‌കാരം)

ഇങ്ങനെ ശ്രീകൃഷ്ണഭഗവാന്‍ സൂര്യനായും ചന്ദ്രനായും  അഗ്നിയായും ഭൗതിക പ്രപഞ്ചത്തില്‍, സ്ഥിതിചെയ്ത് പകലും രാത്രിയിലും എപ്പോഴും കാണാനും സന്തോഷിക്കാനും ഭക്ഷണം പാകംചെയ്യാനും പ്രവര്‍ത്തിക്കാനും നമ്മെ സഹായിക്കുന്ന കരുണാമൂര്‍ത്തിയാണ് എന്ന അവബോധമാണ് ശ്രീകൃഷ്ണഭക്തിയുടെ ആരംഭം.

 9961157857

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.