കാലവര്‍ഷം പടിവാതില്‍ക്കല്‍; എങ്ങുമെത്താതെ കടല്‍ഭിത്തി നിര്‍മ്മാണം

Monday 7 May 2018 2:19 am IST
വര്‍ഷങ്ങളായി കടല്‍ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ 'അടിയന്തര കടല്‍ഭിത്തി' എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് ഇതേവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു.

ആലപ്പുഴ: കാലവര്‍ഷമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ കടല്‍ഭിത്തി നിര്‍മ്മാണ ജോലികള്‍ എങ്ങുമെത്താത്തതു തീരദേശ വാസികളെ ഭീതിയിലാഴ്ത്തുന്നു. കടല്‍ഭിത്തി നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കും ടെന്‍ഡര്‍ പോലും ഇതുവരെ ക്ഷണിച്ചിട്ടില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മ്മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്.

വര്‍ഷങ്ങളായി കടല്‍ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ 'അടിയന്തര കടല്‍ഭിത്തി' എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരു തരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് ഇതേവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു. 

ഇടതു-വലതു സര്‍ക്കാരുകളുടെ കാലത്ത് തീരവാസികളുടെ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയ പദ്ധതികള്‍ പാളുകയും തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തതോടെ തീരനിവാസികളുടെ ദുരവസ്ഥ ഇന്നും പഴയപടി തുടരുകയാണ്. കടല്‍ഭിത്തി നിര്‍മ്മാണമുള്‍പ്പെടെയുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരുന്നത്. 

സുനാമി ബാധിത പ്രദേശങ്ങളില്‍ പോലും സുരക്ഷിതമായ കടല്‍ഭിത്തിയില്ല. ജൂണ്‍ മുതല്‍ മൂന്ന് മാസക്കാലയളവില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭമാകും അനുഭവപ്പെടുക. ഇതു മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. 

സുനാമി ബാധിത പ്രദേശങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചിരിക്കെയാണ് ഇപ്പോഴും അലംഭാവം തുടരുന്നത്. ഇവിടങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങള്‍ ഒട്ടേറേയാണ്. മറ്റു പല ഭാഗങ്ങളിലുമാകട്ടെ കടല്‍ഭിത്തി തകര്‍ന്ന നിലയിലുമാണ്. നല്ലാണിക്കല്‍ ഭാഗത്ത് കടല്‍ഭിത്തിയുടെ കല്ലുകള്‍ പോലും കാണാനില്ല. അടുത്തിടെ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ ഇവിടെ വന്‍നാശനഷ്ടം സംഭവിച്ചിരുന്നു. ഏറെ തീരം കടലെടുത്തു. 

കടല്‍ക്ഷോഭം തടയാന്‍ കയര്‍ബാഗില്‍ മണ്ണു നിറച്ചു തുടങ്ങിയ പുതിയ പദ്ധതി അശാസ്ത്രീയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കൂറ്റന്‍ പാറകള്‍ പോലും കടല്‍ക്ഷോഭത്തില്‍ മറിയുമ്പോഴാണ് കയര്‍ബാഗില്‍ മണ്ണു നിറച്ചു പരീക്ഷണം ധനമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ കാട്ടൂരില്‍ നടത്തിയത്. മണ്ണുനിറച്ച കയര്‍ബാഗുകള്‍ ഇപ്പോള്‍ കടലില്‍ ഒഴുകി നടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ വീടിനു മുന്നില്‍ കടല്‍ഭിത്തി കെട്ടാതെ ആള്‍പാര്‍പ്പില്ലാത്ത പാര്‍ട്ടി നേതാവ് വാങ്ങിയ സ്ഥലത്തിന് മുന്നില്‍ കടല്‍ ഭിത്തി കെട്ടിയതും വിവാദമായിരുന്നു. എതാണ്ട് ഇരുപത് ലക്ഷത്തോളം രൂപയാണ് പദ്ധതിയുടെ പേരില്‍ പാഴാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.