കലങ്ങിമറിഞ്ഞ് കേരള കോണ്‍ഗ്രസ്; അണികള്‍ ചിന്താക്കുഴപ്പത്തില്‍

Monday 7 May 2018 2:21 am IST
മുന്നണി പ്രവേശനം അനന്തമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ ചിന്താക്കുഴപ്പത്തിലാണ്. കോട്ടയത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ രാഷ്ടീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അന്ന് വിശദീകരിച്ചത്. ഇതിന് ശേഷം നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലും സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നടന്ന സമ്മേളനത്തിലും നിലപാട് പ്രഖ്യാപിച്ചില്ല.

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂര്‍ധന്യത്തിലെത്തിയിട്ടും രാഷ്ടീയ നിലപാട് എടുക്കാന്‍ കഴിയാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നത മുറുകുന്നു. നിലപാട് സംബന്ധിച്ച് മാണി, ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിച്ചിരിക്കുകയാണ്. കെ.എം. മാണിയും കൂട്ടരും എല്‍ഡിഎഫ് പ്രവേശനം മോഹിച്ച് കരുക്കള്‍ നീക്കുമ്പോള്‍ പി.ജെ. ജോസഫ് വിഭാഗം അതിനെ എതിര്‍ക്കുകയാണ്. 

ഇതിനിടയില്‍ മനഃസാക്ഷി വോട്ട് എന്ന നിലപാട് സ്വീകരിക്കണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിരുദ്ധാഭിപ്രായങ്ങള്‍ കൂടി വരവേ 11ന് സ്റ്റിയറിങ് കമ്മറ്റി യോഗം ചേരും. ഈ യോഗത്തില്‍ അന്തിമ നിലപാട് എടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

മുന്നണി പ്രവേശനം അനന്തമായി നീളുന്നതില്‍ പ്രവര്‍ത്തകര്‍ ചിന്താക്കുഴപ്പത്തിലാണ്. കോട്ടയത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ രാഷ്ടീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അന്ന് വിശദീകരിച്ചത്. ഇതിന് ശേഷം നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലും സംഘടന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നടന്ന സമ്മേളനത്തിലും നിലപാട് പ്രഖ്യാപിച്ചില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ശേഷം നിലപാട് പരസ്യപ്പെടുത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കിയത്.

മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐയുടെയും കാനത്തിന്റെയും നിലപാടുകളാണ് എല്‍ഡിഎഫ് പ്രവേശനം മോഹിച്ച കെ.എം മാണിക്കും ജോസ് കെ.മാണിക്കും തിരിച്ചടിയായത്. കൂടെ കൂട്ടാന്‍ ആവേശം കാണിച്ച സിപിഎമ്മിനും ഇത് പ്രഹരമായി. യുഡിഎഫിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും മാണി മൗനത്തിലാണ്. സിപിഐയും കാനവും കേരള കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ എന്തിന് എല്‍ഡിഎഫിന്റെ വാതിലില്‍ മുട്ടണമെന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ആശയക്കുഴപ്പത്തിലായ അണികള്‍ രാഷ്ടീയ നിലപാട് എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്നാണ് നേതൃത്വത്തോട് പറയുന്നത്. 

ഈ സാഹചര്യത്തില്‍ മാണിയും കൂട്ടരും കരുതലോടെയാണ് നീങ്ങുന്നത്. ഇനിയും ഒറ്റയ്ക്ക് നിന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് ഇല്ലാതാകുമെന്ന വികാരം ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.