ചെങ്ങന്നൂരില്‍ 'കടക്ക് പുറത്തി'നെ ഭയന്ന് സിപിഎം

Monday 7 May 2018 2:21 am IST
ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എങ്ങിനെയും ഇതിന് തടയിടാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പിണറായി വിജയന്‍ പറഞ്ഞ ഡയലോഗുകള്‍ ചേര്‍ത്ത് ബിജെപി തയ്യാറാക്കിയ ലഘുലേഖയ്‌ക്കെതിരെ സിപിഎം വരണാധികാരിക്ക് പരാതി നല്‍കി.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം വരണാധികാരിക്ക് നല്‍കിയ പരാതി വിവാദമാകുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ അത് വ്യക്തിഹത്യയാണെന്നാണ് സിപിഎം പറയുന്നത്.  

വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത്, പരനാറി, നികൃഷ്ടജീവി അടക്കമുള്ള കുപ്രസിദ്ധ പദപ്രയോഗങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാകാന്‍ സാദ്ധ്യതയുണ്ട്. ഇത് സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ബിജെപിക്കെതിരെ വരണാധികാരിക്ക് നല്‍കിയ പരാതി. മുഖ്യമന്ത്രിയെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ കൂടി വിമര്‍ശിക്കുന്നവരെ പോലും കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുന്ന പാര്‍ട്ടി നയം ഇപ്പോള്‍ ചെങ്ങന്നൂരിലും പയറ്റുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എങ്ങിനെയും ഇതിന് തടയിടാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പിണറായി വിജയന്‍ പറഞ്ഞ ഡയലോഗുകള്‍ ചേര്‍ത്ത് ബിജെപി തയ്യാറാക്കിയ ലഘുലേഖയ്‌ക്കെതിരെ സിപിഎം വരണാധികാരിക്ക് പരാതി നല്‍കി.  

'ശരിപ്പെടുത്തലിന്റെയും ഒത്തുതീര്‍പ്പിന്റെയും രണ്ട് വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെയുള്ള ഈ ലഘുലേഖയ്ക്ക് കൃത്യമായി മറുപടി പറയാനാകാതെ സിപിഎം കുഴങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പരാതി നല്‍കി പിടിച്ചു നില്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നത്. വിമര്‍ശനങ്ങളെ എന്തിന് ഭയക്കുന്നുവെന്നാണ് ബിജെപിയുടെ മറുചോദ്യം. പിണറായി വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്ന നിലപാടാണ് ബിജെപിയുടേത്. എതിരാളികളെയും വിമര്‍ശകരെയും നിശബ്ദരാക്കാന്‍ പിണറായി പ്രയോഗിച്ച പദപ്രയോഗങ്ങള്‍ ഇപ്പോള്‍ സിപിഎമ്മിനെ തിരിഞ്ഞു കൊത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.