ആത്മഹത്യാക്കുറിപ്പുകള്‍ ലോകത്തോട് പറയുന്നത്

Monday 7 May 2018 2:25 am IST
രാജ്യ തലസ്ഥാനത്ത് ഒരു ദിവസം ശരാശരി അഞ്ചു പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. 2015-16 ലെ കണക്കുകളാണിത്. ഇതില്‍ നാലു പേരെങ്കിലും ആത്മഹത്യാക്കുറിപ്പുകള്‍ ബാക്കിവെച്ചിട്ടാണ് ഈ ലോകത്തോടു വിടപറയുന്നത്.
"suicide note 2"

ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ ലാഡോ സരായിയിലെ നാലു നില കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുമ്പോള്‍ ലക്ഷ്മണ്‍ റൗട്ടിനും ഭാര്യക്കും ഏക മകന്റെ അകാല വേര്‍പാടായിരുന്നു ദു:ഖം. ഡെങ്കു പനി വന്നു മരിച്ച മകന്റെ അഭാവത്തില്‍ ഇനി ജീവിക്കേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. 

എന്നാല്‍ ലക്ഷ്മണിന്റെ ആത്മഹത്യാക്കുറിപ്പാണ് പോലീസിനെ അമ്പരപ്പിച്ചത്. ഡെങ്കു പനി പടരാതിരിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആ കുറിപ്പില്‍ വിശദമാക്കുന്നുണ്ടായിരുന്നു. 2015ലായിരുന്നു ഈ സംഭവം.

അന്നു മുതലാണ് ദല്‍ഹി പോലീസ് ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചു പഠിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ആത്മഹത്യാക്കുറിപ്പുകളില്‍ നിന്ന്, ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചവരുടെ ജീവിതത്തിലേക്കും എത്തിച്ചേരാം എന്ന് ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കുന്ന മന:ശാസ്ത്രജ്ഞന്‍ സമീര്‍ പരീഖ് പറയുന്നു.

രാജ്യ തലസ്ഥാനത്ത് ഒരു ദിവസം ശരാശരി അഞ്ചു പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. 2015-16 ലെ കണക്കുകളാണിത്. ഇതില്‍ നാലു പേരെങ്കിലും ആത്മഹത്യാക്കുറിപ്പുകള്‍ ബാക്കിവെച്ചിട്ടാണ് ഈ ലോകത്തോടു വിടപറയുന്നത്.

ഇത്തരം കുറിപ്പുകളുടെ കാര്യത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടെന്നാണ് സമീര്‍ പരീഖ് പറയുന്നത്. ബക്‌സറിലെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന മുകേഷ് പാണ്ഡെയുടെ ആത്മഹത്യാക്കുറിപ്പ് ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു. ജീവിതത്തിന്റെ മനോഹാരിതയക്കുറിച്ചും അതേസമയം തന്നെ അതിന്റെ നശ്വരതയെക്കുറിച്ചും വളരെ ശാന്തനായി സംസാരിച്ചു അദ്ദേഹം. തൊട്ടടുത്ത നിമിഷം താന്‍ ജീവന്‍ സ്വയം അവസാനിപ്പിക്കാന്‍ പോകുന്നു എന്നതിന്റെ ഒരു സൂചനയും നല്‍കാതെ. 

2015നും16നും ഇടയ്ക്കുള്ള നാലായിരം ആത്മഹത്യാക്കുറിപ്പുകളാണ് ദല്‍ഹി പോലീസ് പഠന വിധേയമാക്കയത്. ഒരൊറ്റ നിമിഷത്തിന്റെ തീരുമാനമാണ് പലര്‍ക്കും ആത്മഹത്യ. മനുഷ്യ സ്‌നേഹത്തിന്റേയും നന്മയുടേയും അടയാളങ്ങളാണ് പല കുറിപ്പുകളും. ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ ഇത്ര ക്രൂരത ചെയ്യാന്‍ കഴിഞ്ഞു എന്നു തോന്നും പലപ്പോഴും. പശ്ചിമ ദല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ രണ്ടു വയസുള്ള മകളെ കൊന്ന് ആത്മഹത്യ ചെയ്ത വിധി ചന്ദ് എന്ന സ്ത്രീയുടെ കുറിപ്പില്‍, തന്റെ ആഭരണങ്ങള്‍ വിറ്റ് ആ പണം പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിനെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. 

ചിലര്‍ ജീവിതവീക്ഷണത്തിന്റെ അപാരമായ തലങ്ങള്‍ അവസാന വാക്കുകളില്‍ പ്രതിഫലിപ്പിക്കും. ജീവിതം മായയാണ്. ബഹിരാകാശം പോലും ശൂന്യം. ഞാന്‍ ഒരു പക്ഷിയെപ്പലെ പാറിപ്പറന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പ്രകൃതിയുടെ മടിയില്‍ ഉറങ്ങാന്‍ ആഗ്രഹിക്കുന്നു, ഇരുപത്താറുകാരനായ സിദ്ധാര്‍ഥ് ശങ്കര്‍ മഹാപത്രയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയായിരുന്നു. ദല്‍ഹിയിലെ ആര്‍എംല്‍ ആശുപത്രിയില്‍ പിജി വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥ്. 

ആത്മഹത്യാക്കുറിപ്പുകളുടെ പഠനത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സമീര്‍ പരീഖിനെപ്പോലുള്ള മനശ്ശാസ്ത്രജ്ഞരുടെ സഹായത്തോടെ വിപുലമായ, ആത്മഹത്യാ വിരുദ്ധ കൗണ്‍സലിങ് പരിപാടിക്കു തുടക്കമിട്ടിരിക്കുകയാണ് ദല്‍ഹി പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.