ട്രംപിന്റെ മറ്റൊരു ഗൂഢതന്ത്രം പുറത്ത്; ഇത്തവണ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്‍സി

Monday 7 May 2018 2:53 am IST
ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങളാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രസിഡന്റായതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇസ്രയേലിലേക്കായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള ചര്‍ച്ചയില്‍ ഇറാനുമായുള്ള പ്രശ്‌നങ്ങളായിരുന്നു മുഖ്യ അജണ്ട.

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപും കൂട്ടരും മെനഞ്ഞ മറ്റൊരു ഗൂഢതന്ത്രം കൂടി പുറത്തായി. ഇറാനുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുണ്ടാക്കിയ ആണവകരാരിന്റെ പേരില്‍ അന്നത്തെ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ഇസ്രയേലിലെ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്‍സിയുടെ സഹായം തേടിയതിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരണത്തിനുള്ള പ്രത്യേക പ്രോഗ്രാം തയ്യാറാക്കാന്‍ ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിയെ ട്രംപിന്റെ സംഘം നിയോഗിച്ചതിന്റെ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ത്തന്നെയാണ് പുതിയ വെളിപ്പെടുത്തല്‍.

ഇറാനുമായുള്ള ആണവകരാര്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒബാമ ഭരണകൂടത്തിലെ ബെന്‍ റോഡ്‌സ്, കോളിന്‍ കാല്‍ എന്നിവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. 

ഒബാമയുടെ സുരക്ഷാ ഉപദേശകരില്‍ പ്രമുഖനായിരുന്നു ബെന്‍. ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന കോളിന്‍ കാല്‍ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്.

ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങളാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രസിഡന്റായതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഇസ്രയേലിലേക്കായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള ചര്‍ച്ചയില്‍ ഇറാനുമായുള്ള പ്രശ്‌നങ്ങളായിരുന്നു മുഖ്യ അജണ്ട. ഇസ്രയേലിന്റെ മുഖ്യ ശത്രുവായ ഇറാനുമായുണ്ടാക്കിയ ആണവകരാര്‍ എങ്ങനെ റദ്ദാക്കാമെന്നുള്ള തന്ത്രങ്ങളാണ് ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ചത്.

കരാര്‍ അനാവശ്യമായിരുന്നെന്നും തട്ടിക്കൂട്ടിയതാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കം. അതിനായാണ് ബെന്‍ റോഡ്‌സ്, കോളിന്‍ കാല്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടത്. ഇവരുടെ ഏറ്റവും വ്യക്തിപരമായ വിവരങ്ങള്‍ വരെ ശേഖരിക്കാനാണ് ഇസ്രയേലിലെ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജന്‍സിയെ നിയോഗിച്ചത്. 

കരാറിനു വിരുദ്ധമായി ഇറാന്‍ ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്നത് ഇസ്രയേലിന്റെ  രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കണ്ടെത്തിയെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചിരുന്നു. ആണവപദ്ധതികളുടെ കാര്യത്തില്‍ മെയ് പന്ത്രണ്ടിനു മുമ്പ് അന്തിമ നിലപാട് അറിയിക്കണമെന്ന് ഇറാന് അമേരിക്ക അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് കരാര്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ട്രംപ് നടത്തിയതിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.