സംസ്ഥാനത്ത് വാണിജ്യമിഷന്‍ രൂപീകരിക്കും

Monday 7 May 2018 2:24 am IST

കോഴിക്കോട്: വാണിജ്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് വാണിജ്യമിഷന്‍ രൂപീകരിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. 

വ്യവസായ നയത്തിന്റെ ഭാഗമായാണ് മിഷന്‍ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി - വ്യവസായി സമിതി കോഴിക്കോട് സിറ്റി കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യാപാരികളുടെയും വ്യവസായികളുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വാണിജ്യമിഷന്റെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കും. മത്സരിച്ച് ജയിക്കുക എന്ന പുതിയ സംസ്‌കാരം വാണിജ്യരംഗത്ത് കടന്നുവന്നതോടെ ചെറുകിട വ്യാപാരികളും വ്യവസായികളും പ്രതിസന്ധിയിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

സാമ്പത്തിക മേഖലയിലെ നേരിയ ഇടിവ് പോലും വ്യാപാരികളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് വികസനപ്രവൃത്തികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വില നല്‍കേണ്ടി വരുന്നുണ്ട്.  ഇതുമായി ബന്ധപ്പെട്ട് ന്യായമായ ഭൂമി വില ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ നഷ്ടപരിഹാര പാക്കേജാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.കെ.സി. മമ്മദ്‌കോയ എംഎല്‍എ അധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.